ഭൂനിയമം: കേന്ദ്രം മുട്ടുമടക്കി
text_fieldsന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിയില്‍ പ്രതിപക്ഷത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി. ഓര്‍ഡിനന്‍സിലെ വിവാദ ഭേദഗതികള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകളുടെ സമ്മതം വേണ്ട, സാമൂഹികാഘാത പഠനം നടത്തേണ്ട തുടങ്ങി കോര്‍പറേറ്റ് ലോബികളുടെ താല്പര്യമനുസരിച്ചുള്ള ഭേദഗതികളാണ് ഒഴിവാക്കിയത്. ഓര്‍ഡിനന്‍സ് ആഗസ്റ്റ് 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
2013ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. പുതിയ ഉത്തരവ് പ്രകാരം ഭൂമി വിട്ടുനല്‍കുമ്പോള്‍ ഉയര്‍ന്ന നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കാനുള്ള അവകാശം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇനി ദേശീയ പാത, റെയില്‍വേ, ഖനനം, ആണവനിലയം തുടങ്ങി 13 കേന്ദ്ര നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും പകരം ഭൂമിയും ജോലിയും ലഭിക്കും. 2013ല്‍ യു.പി.എ നിയമം പാസാക്കിയപ്പോള്‍ 13 കേന്ദ്ര നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കലിന് ഉയര്‍ന്ന നഷ്ടപരിഹാരവും പുനരധിവാസവും ബാധകമാക്കിയിരുന്നില്ല. അത് ഒരു വര്‍ഷത്തിന് ശേഷം ഉള്‍പ്പെടുത്താമെന്നായിരുന്നു അന്നത്തെ ധാരണ.
ഈ ധാരണ നടപ്പാക്കുന്നതിനൊപ്പമാണ് മോദി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകളുടെ സമ്മതം വേണ്ട, സാമൂഹികാഘാത പഠനം നടത്തേണ്ട എന്നീ ഭേദഗതികള്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്‍െറ ശക്തമായ എതിര്‍പ്പ് കാരണം പാസാക്കാനായില്ല.
പ്രതിപക്ഷ ആവശ്യമനുസരിച്ച് ഭൂനിയമം പാര്‍ലമെന്റിന്‍െറ സംയുക്ത കമ്മിറ്റിയുടെ പരിശോധനക്ക് വിടേണ്ടിവന്നു. സംയുക്ത കമ്മിറ്റിയിലും പ്രതിപക്ഷം ഉറച്ചുനിന്നതോടെ മൂന്നു തവണ കാലാവധി കഴിഞ്ഞ് പുതുക്കേണ്ടിവന്ന ഓര്‍ഡിനന്‍സ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകളുടെ സമ്മതം വേണ്ട, സാമൂഹികാഘാത പഠനം നടത്തേണ്ട തുടങ്ങിയ ഭേദഗതികള്‍ ഒഴിവാക്കാമെന്ന് ഈയിടെ സംയുക്ത കമ്മിറ്റി മുമ്പാകെ മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സ് പുതുക്കാതെ വിവാദ ഭേദഗതികള്‍ ഒഴിവാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം നടപ്പാക്കുമ്പോഴുള്ള പ്രയാസം പരിഹരിക്കുന്നതിനുള്ള 113ാം വകുപ്പ് ഉപയോഗപ്പെടുത്തിയാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
