ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവര്‍
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് അഥവാ 40കോടി ജനങ്ങള്‍ സ്കൂളിന്‍റെയോ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ പടി കയറാത്തവരാണെന്ന് 2011ലെ സെന്‍സസ് റിപ്പോര്‍ട്ട്. 80 ശതമാനത്തിലേറെ കുട്ടികള്‍ സ്കൂളുകളില്‍ ചേരുന്നുണ്ടെങ്കിലും ഇവരില്‍ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്നവരുടെ എണ്ണം തുലോം കുറവാണെന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു.
അതേസമയം, ഏഴു മുതല്‍ 14 വരെയുള്ള പ്രായത്തില്‍ സ്കൂളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കേരളത്തിലാവട്ടെ, ഈ പ്രായത്തില്‍ സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ മുന്‍ ദശകത്തിലേതില്‍ നിന്ന് നാലു ശതമാനം ആണ് വര്‍ധന. നേരത്തെ ഉണ്ടായിരുന്ന 93 ശതമാനം 97 ആയി ഉയര്‍ന്നു.
എന്നാല്‍, രാജ്യത്താകമാനം 15 നും 19നും ഇടയില്‍ പ്രായമുള്ള മൂന്നില്‍ രണ്ടു ശതമാനം പേരും ഒരു തരത്തിലുമുള്ള വിദ്യാഭ്യാസത്തിനും മുതിരുന്നില്ല എന്നതാണ് അത്ര ആശാവഹമല്ലാത്ത കാര്യം. ബിരുദ, ബിരുദാനന്തര പഠനത്തിന് ചേരുന്നവരുടെ എണ്ണം 2001ല്‍ 25 ശതമാനം ആയിരുന്നത് 2011 ആയപ്പോഴേക്ക് അതിലും താഴെയായി. കേരളത്തില്‍പോലും 30 ശതമാനമാണ് ഇതിന്‍റെ കണക്ക്. ഇന്ത്യയില്‍ ആകമാനം 20 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍.
ആറു വയസ്സിനും 14 വയസ്സിനും ഇടക്കുള്ള 2.56 കോടി കുട്ടികള്‍ ഇപ്പോഴും അക്ഷരലോകത്തില്‍ നിന്ന് അകലെയാണ്. ഈ പ്രായത്തില്‍ സ്കൂളുകളില്‍ പ്രവേശനം നേടുന്ന ആണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ കുറവാണ് പെണ്‍കുട്ടികളുടെ എണ്ണം. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ അപേക്ഷിച്ച് ഇതിന്‍റെ വ്യത്യാസത്തില്‍ കുറവുവന്നിട്ടുണ്ടെന്നും പുതിയ സെന്‍സസ് റിപ്പോര്‍ട്ട് കാണിക്കുന്നു. സ്കൂള്‍,കോളജുകളില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് വേഗത്തില്‍ വളര്‍ച്ച ഉണ്ടാവുന്നു എന്നതിനാല്‍ ഈ പിന്നാക്കാവസ്ഥ സമീപഭാവിയില്‍ തന്നെ പെണ്‍കുട്ടികള്‍ മറികടന്നേക്കാമെന്ന സൂചനയും നല്‍കുന്നു.
ഗ്രാമീണ മേഖലകളിലെ പട്ടിക ജാതി, പട്ടിക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിലും കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല. ഒരു ദശകത്തിനിടെ 16 ശതമാനം മാത്രമാണ് വളര്‍ച്ച. 2001ലെ സെന്‍സസ് അനുസരിച്ച് ഇവരുടെ സ്കൂള്‍, കോളജ് വിദ്യാഭ്യാസത്തിന്‍റെ തോത് 44 ശതമാനമായിരുന്നുവെങ്കില്‍ പുതിയ റിപ്പോര്‍ട്ടില്‍ 60 ശതമാനത്തിനടുത്താണ് കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
