പട്ടേല്‍ പ്രക്ഷോഭം: മരണം പത്തായി, പൊലീസ് അതിക്രമം അന്വേഷിക്കാന്‍ ഉത്തരവ്
text_fieldsഅഹ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായം നടത്തിയ സംവരണ പ്രക്ഷോഭത്തിനുനേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പത്തു പേര് മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗുജറാത്ത് ഹൈകോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അഹ്മദാബാദ് പൊലീസ് മേധാവിക്ക് നോട്ടീസ് നല്കിയ കോടതി രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്കി. സംഭവം ഗുജറാത്ത് നിയമസഭയിലും ഒച്ചപ്പാടിനിടയാക്കി.
പട്ടേല്‍ സമുദായക്കാരെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ എന്ന 22കാരന് നേതൃത്വം നല്കുന്ന പാട്ടിദാര്‍ അനാമത്ത് ആന്ദോളന് സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നാണ് അക്രമം അരങ്ങേറിയതും പൊലീസ് വെടിവെപ്പ് നടന്നതും. അക്രമത്തിലും വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും പൊലീസുകാരന് ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം പത്തായി. അതേസമയം, വ്യാഴാഴ്ച കാര്യമായ അക്രമസംഭവങ്ങളൊന്നും അരങ്ങേറിയില്ല. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന് അഹ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, മെഹ്സന എന്നീ നഗരങ്ങളിലെ 11 സ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. ഇതിന് പുറമെ 53 അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഗുജറത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. രാജധാനി ഉള്‍പ്പെടെ ഒമ്പതു ട്രെയിനുകള്‍ റദ്ദാക്കി. അഞ്ച് ട്രെയിന്‍ വഴിതിരിച്ചുവിട്ടു. 19 ട്രെയിന്‍ ഗുജറാത്തില്‍ പ്രവേശിക്കാതെ സര്‍വിസ് അവസാനിപ്പിച്ചു.

നാലു പേര് കൊല്ലപ്പെട്ടത് വെടിവെപ്പിലാണെന്നും പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടു. ഇവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. നഗരങ്ങളിലേക്ക് പാലും പച്ചക്കറികളും വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നും കര്‍ഷകരോട് ഹര്‍ദിക് ആഹ്വാനം ചെയ്തു. സൂറത്തില്‍ നടന്ന സംഘര്‍ഷത്തിലാണ് പൊലീസുകാരന് കൊല്ലപ്പെട്ടത്. അഹ്മദാബാദിലും സൂറത്തിലും ചൊവ്വാഴ്ച ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വ്യാഴാഴ്ചയും തുടര്‍ന്നു. സ്കൂളുകള്‍ അടഞ്ഞുകിടന്നു. മൊബൈല്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചില്ല.
വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം അനുവദിക്കില്ളെന്ന നിലപാടില്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ഉറച്ചുനില്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
