തകര്‍ത്ത പള്ളികള്‍ പുനര്‍നിര്‍മിക്കണമെന്ന വിധി ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈകോടതി ഉത്തരവിന്‍െറ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പള്ളികള്‍ പുനര്‍നിര്‍മിച്ചു നല്കാന് കോടതിക്കു നിര്ദേശിക്കാനാകുമോയെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ കോടതിക്കു മുന്നില്‍ സംശയമുന്നയിച്ചു. ക്രമസമാധാനം സംരക്ഷിക്കാനുള്ള ഭരണഘടനാ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായും കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിന് പൗരന്മാരുടെ ജീവനും സ്വത്തുമാണ് നശിച്ചതെന്ന് ഇസ്ലാമി റിലീഫ് കമ്മിറ്റിക്കു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന് യൂസുഫ് മുച്ചാല ചൂണ്ടിക്കാട്ടി. വര്‍ഗീയ കലാപത്തില്‍ തകര്‍ക്കപ്പെട്ട മസ്ജിദുകള്‍ പുനര്‍നിര്‍മിക്കേണ്ടത് മതേതര ബാധ്യതയാണ്. മതസ്ഥാപനങ്ങള്‍ക്കെതിരായ അതിക്രമം സമുദായത്തിനെതിരായ കടന്നുകയറ്റമാണ്. തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ കണക്കെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതു നിറവേറ്റിയിട്ടില്ല.
എന്നാല്‍, കേടുപറ്റിയ ആരാധനാലയങ്ങള്‍ നന്നാക്കുന്നതിന് കേടുപാടുപറ്റിയ വീടുകള്‍ക്കും കടകള്‍ക്കും നല്കുന്ന നിരക്കില്‍ നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരുന്നുവെന്ന് തുഷാര്‍ മത്തേ വ്യക്തമാക്കി. മതവിശ്വാസവും പ്രചാരണവും മൗലികാവകാശമാണെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് പ്രാര്‍ഥിക്കുന്നത് അവകാശമല്ളെന്നും നികുതിദായകരുടെ പണം മതപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് സര്‍ക്കാറിനോടു നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ളെന്നും അദ്ദേഹം വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
