ജി.എസ്.ടി ബില്ലിന് പ്രത്യേക സമ്മേളനം പരിഗണനയില്‍
text_fieldsന്യൂഡല്‍ഹി: ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്‍റിന്‍െറ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. ഒരുദിവസംപോലും നേരാംവണ്ണം നടത്താന്‍ കഴിയാതെപോയ വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം ചെയ്യാന്‍ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയിട്ടില്ല. വര്‍ഷകാലസമ്മേളനത്തിന്‍െറ തുടര്‍ച്ചയായി സെപ്റ്റംബറില്‍ മൂന്നോ നാലോ ദിവസം നീളുന്ന സമ്മേളനം നടത്തി ജി.എസ്.ടി ബില്‍ പാസാക്കാനാണ് ഉദ്ദേശ്യം.
ഭരണഘടനാ ഭേദഗതി ബില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെയാണ് പാസാക്കേണ്ടത്. ഇതിന് പാര്‍ട്ടികളുടെ സമവായം ആവശ്യമാണ്. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അടക്കം എല്ലാ കക്ഷികളുമായും കൂടിയാലോചിച്ചുവരുകയാണെന്നും പാസാക്കാനുള്ള സാധ്യത തെളിയുന്നപക്ഷം സമ്മേളനം വിളിക്കുമെന്നും പാര്‍ലമെന്‍ററികാര്യമന്ത്രി എം. വെങ്കയ്യ നായിഡു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ഉറപ്പൊന്നും നല്‍കിയിട്ടില്ല. രാജ്യസഭയിലാകട്ടെ, സര്‍ക്കാര്‍ ന്യൂനപക്ഷവുമാണ്. ബില്ലിന് എ.ഐ.എ.ഡി.എം.കെ എതിരാണ്.
ബില്ലില്‍ കോണ്‍ഗ്രസ് ഭേദഗതി മുന്നോട്ടുവെച്ചിരുന്നു. സര്‍ക്കാര്‍ തയാറാക്കിയ ബില്ലിന്‍െറ അവസാനരൂപം കണ്ടശേഷം നിലപാട് അറിയിക്കാമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. അന്തിമ ബില്‍ കാണാതെ ഒന്നും പറയാന്‍ കഴിയില്ളെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വെങ്കയ്യ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
2006ല്‍ ജി.എസ്.ടി ബില്‍ കൊണ്ടുവന്നത് യു.പി.എ സര്‍ക്കാറാണ്. മോദിസര്‍ക്കാര്‍ തയാറാക്കിയ ബില്ലില്‍ മൂന്നു ഭേദഗതികളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സംസ്ഥാനതലത്തില്‍ ഒരുശതമാനം നികുതി, നഷ്ടപരിഹാരം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നികത്തിക്കൊടുക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഭേദഗതി.
2016 ഏപ്രില്‍ ഒന്നുമുതല്‍ ജി.എസ്.ടി സമ്പ്രദായം പ്രാബല്യത്തില്‍ക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് അടുത്തമാസമെങ്കിലും ബില്‍ പാര്‍ലമെന്‍റ് പാസാക്കണം. എന്നിട്ടുവേണം സംസ്ഥാനങ്ങളുടെ അംഗീകാരത്തിന് അയക്കാന്‍. പകുതിയില്‍ കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ കൂടാതെ ബില്‍ നടപ്പാക്കാനാവില്ല. ഇനി അതിന് പരിമിത സമയമേയുള്ളൂ. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനു പുറമെ ജി.എസ്.ടി ബില്ലും പാസാക്കാന്‍ കഴിയാതെവരുന്നത്, പരിഷ്കരണത്തിന് മോദിസര്‍ക്കാറിനുള്ള കെല്‍പ് ആവര്‍ത്തിച്ച് ചോദ്യംചെയ്യപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
