അവിനാശിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് ഏഴ് മരണം
text_fieldsകോയമ്പത്തൂര്‍: അവിനാശിക്ക് സമീപം ആറു വരി ദേശീയ പാതയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാലനും സ്ത്രീയും ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. 15 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ തിരുപ്പൂര്‍ പുതുപാളയം ഊത്തുക്കാട് സുബ്രഹ്മണ്യന്‍െറ മകന് കാര്‍ത്തിക് (18), നാമക്കല്‍ ആറുമുഖത്തിന്‍െറ ഭാര്യ യമുന (40), നാമക്കല്‍ സീതാരാമ പാളയം പാര്‍ഥസാരഥി (32), ഈറോഡില്‍ മോസി കോര്‍ണറില്‍ താമസിക്കുന്ന വസ്ത്രവ്യാപാരി ഡല്‍ഹി സ്വദേശി വിനീത് അഗര്‍വാളിന്‍െറ മകന് ദര്ശന് അഗര്‍വാള്‍ (ആറ്) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഈറോഡില്‍നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കെ.കെ.സി കോകില എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിനകത്ത് 40ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 7.20ന് അവിനാശിക്കടുത്ത പഴങ്കര പൊന്‍ സോളീശ്വരര് ക്ഷേത്രത്തിന് സമീപം ബസ് അമിത വേഗതയില്‍ വരുന്നതിനിടെ റോഡിന് കുറുകെ കടന്നുപോയയാളെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ഇടതുഭാഗത്തേക്ക് വെട്ടിച്ചതോടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അജ്ഞാതനെ ഇടിച്ച ബസ് റോഡിന്‍െറ മധ്യഭാഗത്തുള്ള ഇരുമ്പ് ബാരിക്കേഡിലേക്ക് പാഞ്ഞുകയറി വലതു ഭാഗത്തേക്ക് തലകീഴായി മറിഞ്ഞു.
പരിക്കേറ്റവരെ അവിനാശി, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
