സംവരണം: ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍െറ പടുകൂറ്റന്‍ റാലി
text_fieldsഅഹ്മദാബാദ്: ഒ.ബി.സി (മറ്റ് പിന്നാക്ക സമുദായ) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായംഗങ്ങളുടെ പടുകൂറ്റന്‍ റാലി. അഹ്മദാബാദില്‍ നടന്ന റാലിയില്‍ 10 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ആവശ്യം നേടിയെടുക്കുന്നതിന് സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് പതിധര്‍ അരക്ഷന്‍ ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായം സംഘടിച്ചത്.
ലക്ഷ്യം നേടാനായി ജയിലില്‍ പോകാന്‍ തയാറാണെന്ന് സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. പട്ടേല്‍ സമുദായത്തിന്‍െറ വികാരത്തെ വ്രണപ്പെടുത്താനുള്ള നീക്കമാണുള്ളത്. 1985ല്‍ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് സര്‍ക്കാറിന് മുമ്പില്‍ വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പട്ടേല്‍ സമുദായത്തിന്‍െറ ആവശ്യം ആനന്ദി ബെന്നിന്‍െറ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഭരണഘടനയും സുപ്രീംകോടതി ഉത്തരവുകളും പ്രകാരം പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി ഘടനയില്‍ മാറ്റം വരുത്താനാവില്ളെന്നും സംവരണം 50 ശതമാനത്തില്‍ കൂടുതലാക്കാന്‍ കഴിയില്ളെന്നും ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു.
ഗുജറാത്തില്‍ സാമ്പത്തിക ഭദ്രതയുള്ള പട്ടേല്‍ സമുദായം ജനസംഖ്യയില്‍ 12 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നു. മറ്റ് പിന്നാക്ക സമുദായങ്ങള്‍ 27 ശതമാനവും പട്ടിക വര്‍ഗ വിഭാഗം 15 ശതമാനവും പട്ടിക ജാതി വിഭാഗം 7.5 ശതമാനവുമാണ്. സംസ്ഥാന ഒ.ബി.സി പട്ടികയില്‍ നിലവില്‍ 146 വിഭാഗങ്ങളുണ്ട്. ഒ.ബി.സി ക്വാട്ടയില്‍ മേല്‍ക്കൈ നേടുമോയെന്ന സംശയത്താല്‍ പട്ടേല്‍ സമുദായത്തെ ഉള്‍പ്പെടുത്താന്‍ പട്ടികയിലെ മറ്റ് സമുദായങ്ങള്‍ക്ക് സമ്മതമല്ല.

മുഖ്യമന്ത്രി ആനന്ദ് ബെന്നും ഏഴ് മന്ത്രിമാരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആര്‍.സി ഫല്‍ദുവും സംസ്ഥാനത്തെ ഏറ്റവും വലുതും ഏറ്റവും സ്വാധീനമുള്ള പട്ടേല്‍ സമുദായക്കാരാണ്. ബി.ജെ.പിക്ക് രണ്ടു ദശകങ്ങളായി കിട്ടുന്ന ജനപിന്തുണയുടെ അടിത്തറ ഭാവിയില്‍ ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് ആനന്ദിബെന്‍ പട്ടേലിനെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
