ദാവൂദ് ഇബ്രാഹീമിനെ കൊല്ലാനുള്ള പദ്ധതി പൊളിച്ചത് മുംബൈ പൊലീസ്
text_fieldsന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമിനെ വകവരുത്താന്‍ രഹസ്യപദ്ധതി തയാറാക്കിയിരുന്നുവെന്നും മുംബൈ പൊലീസിലെ അഴിമതിക്കാരായ ചില പൊലീസുകാരാണ് പദ്ധതി പൊളിച്ചതെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഇപ്പോള്‍ ബി.ജെ.പി എം.പിയുമായ ആര്.കെ. സിങ്.
ആജ് തക് ചാനലിന്‍െറ പരിപാടിയിലാണ് സിങ് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. ഉസാമ ബിന്‍ ലാദിനെ വധിക്കാന്‍ അമേരിക്ക നടത്തിയ ഓപറേഷന് സമാനമായ നടപടിയിലൂടെ ദാവൂദിനെ വകവരുത്തണമെന്നും അതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും ആര്.കെ. സിങ് ആവശ്യപ്പെട്ടു. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ദാവൂദിനെ വധിക്കാന്‍ രഹസ്യപദ്ധതി തയാറാക്കിയത്.
ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്ന് ഐ.ബി തലവനായിരുന്നു. ദാവൂദിന്‍െറ എതിരാളിയായ ഛോട്ടാരാജന്‍െറ അധോലോക സംഘത്തില്‍പെട്ട ചിലരെ ഉപയോഗപ്പെടുത്തി ദാവൂദിനെ വകവരുത്താനായിരുന്നു പദ്ധതി. അതിനായി ഛോട്ടാരാജന് സംഘത്തിന് പരിശീലനവും നല്കി. എന്നാല്‍, ദാവൂദിന്‍െറ മാസപ്പടി വാങ്ങുന്ന മുംബൈ പൊലീസിലെ ചിലര്‍ വിവരമറിഞ്ഞു. അവര്‍ പരിശീലന ക്യാമ്പിലത്തെി ഛോട്ടാ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തു. അതോടെ രഹസ്യപദ്ധതി പൊളിയുകയും ചെയ്തു.
ഈ കാര്യങ്ങള്‍ ഉറപ്പിച്ചു പറയാനുള്ള തെളിവ് എന്‍െറ പക്കലില്ല. കേട്ടറിഞ്ഞ കാര്യമാണ് -ആര്.കെ. സിങ് പറഞ്ഞു. ദാവൂദ് ഇപ്പോഴും പാകിസ്താനില്‍ തന്നെയുണ്ട്. ഐ.എസ്.ഐയാണ് വിരമിച്ച സൈനികരെ ഉപയോഗിച്ച് അയാള്‍ക്ക് സംരക്ഷണം നല്‍കുന്നത്.
എന്നാല്‍, ദാവൂദ് അവിടെയുണ്ടെന്ന് പാകിസ്താന് ഒരിക്കല്‍പോലും സമ്മതിക്കില്ല. ദാവൂദിന് ദുബൈയില്‍ ഇപ്പോഴും മോശമല്ലാത്ത സ്വാധീനമുണ്ട്. പാകിസ്താനുമായി ചര്‍ച്ച തുടരുന്നതില്‍ കാര്യമില്ല. ശക്തമായ നടപടികളാണ് ആവശ്യം. അതിന് മ്യാന്മറില് ചെയ്തതുപോലെ അതിര്‍ത്തി കടന്ന് ഓപറേഷന് വേണം.
ഉസാമക്കെതിരെ അമേരിക്ക നടത്തിയതുതന്നെ ആവര്ത്തിക്കണമെന്നല്ല. സമാനമായ നടപടി ഇന്ത്യയും നടത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്.കെ. സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
