ഇന്ത്യ-പാക് ചര്‍ച്ച ഗുണംചെയ്യില്ളെന്ന് കോണ്‍ഗ്രസ്, നടക്കണമെന്ന് സി.പി.എം
text_fields
ന്യൂഡല്‍ഹി: വ്യക്തമായ ഫലപ്രാപ്തി ഉണ്ടാകാന്‍ ഇടയില്ലാത്ത സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് കോണ്‍ഗ്രസ് ഉപദേശിച്ചു. അതേസമയം, സമാധാനത്തിന്‍െറ വഴിയില്‍ ചര്‍ച്ചകള്‍ മുന്നോട്ടുനീക്കണമെന്ന് സി.പി.എം അഭിപ്രായപ്പെട്ടു. പാകിസ്താനുമായി ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ ഭരണസഖ്യമായ എന്‍.ഡി.എയിലെ വിവിധ സഖ്യകക്ഷികള്‍ ഭിന്നാഭിപ്രായമാണ് പ്രകടിപ്പിച്ചത്. ചര്‍ച്ചയില്‍നിന്ന് പിന്മാറണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്.
ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന് അമിത പ്രാധാന്യം നല്‍കരുതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാറിനെ ഉപദേശിച്ചു. ഭീകരതയില്‍നിന്ന് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് വഴി കശ്മീര്‍ വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവരാനാണ് പാകിസ്താന് ശ്രമിക്കുന്നത്. ഹുര്‍റിയത്ത് കശ്മീര്‍ ജനതയെ പ്രതിനിധാനംചെയ്യുന്നില്ല; പ്രതിനിധാനംചെയ്യാനാവുന്നവരുമല്ല.
പാകിസ്താന് സ്ഥിരീകരിക്കുന്നതിനുമുമ്പ് ചര്‍ച്ചയുടെ തീയതികള്‍ ഇന്ത്യ പ്രഖ്യാപിച്ചത് ശരിയായില്ളെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. പാകിസ്താന്‍െറ പെരുമാറ്റരീതികളെക്കുറിച്ച് ഓര്മ വേണ്ടിയിരുന്നു. യു.പി.എ ഭരിച്ചപ്പോഴും സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചക്ക് പാകിസ്താന് മുന്നോട്ടുവന്നതാണ്. എന്നാല്‍, മുംബൈ ഭീകരാക്രമണക്കേസിന്‍െറ വിചാരണ പൂര്‍ത്തിയാകാതെ അത്തരമൊരു ചര്‍ച്ചക്കില്ളെന്ന നിലപാടാണ് മന്മോഹന് സിങ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉഫയിലെ മോദി-ശരീഫ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കാത്തതില്‍ ആനന്ദ് ശര്‍മ എതിര്‍പ്പ് അറിയിച്ചു.
തൊപ്പിക്കുള്ളില്‍നിന്ന് മുയലിനെ പുറത്തെടുക്കുമെന്ന് അവകാശപ്പെടുന്ന രണ്ടോ മൂന്നോ പേരുടെ ചിന്തക്കൊത്തവിധമാണ് ഈ സര്‍ക്കാര്‍ വിദേശനയം കൊണ്ടുനടക്കുന്നതെന്ന് മുന്‍ വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ശിദ് കുറ്റപ്പെടുത്തി. കാര്യവിവരമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റുമായി കൂടിയാലോചന ഒന്നുമുണ്ടായില്ല. പ്രതിപക്ഷത്തോട് സംസാരിച്ചില്ല. വര്‍ഷങ്ങളായി പാക്നയം കൈകാര്യം ചെയ്തവരോട് കാര്യങ്ങള്‍ തിരക്കിയില്ല.
ഇന്ത്യയുടെ അതിര്‍ത്തിസംബന്ധമായ പരമാധികാരത്തില്‍ ഉറച്ചുനിന്ന് പാകിസ്താനുമായി ചര്‍ച്ച മുന്നോട്ടുനീക്കുകയാണ് വേണ്ടതെന്ന് സി.പി.എം പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ കഴിയണം. അതിന് ചര്‍ച്ച തുടരേണ്ടതുണ്ട്. കശ്മീര്‍ വിമതരെ പാക് എംബസി ഉദ്യോഗസ്ഥര്‍ കാണുന്നത് കാര്യമാക്കേണ്ടതില്ല. മുന്‍കാലത്തും അത്തരം കൂടിക്കാഴ്ചകള്‍ പതിവായി നടന്നിരുന്നെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
