മെഡിക്കല്‍ കൗണ്‍സില്‍ അനാസ്ഥ: കഴിഞ്ഞ വര്‍ഷം നഷ്ടമായത് 4000 മെഡിക്കല്‍ സീറ്റുകള്‍
text_fieldsന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ പരിശോധനകളില്‍ കാലതാമസം വരുത്തിയും വിദ്യാര്‍ഥിപ്രവേശത്തിന് യഥാസമയം അനുമതി നല്‍കാതെയും മെഡിക്കല്‍ കൗണ്‍സില്‍ 2014^15 അധ്യയനവര്‍ഷം രാജ്യത്തെ കോളജുകള്‍ക്ക് നഷ്ടപ്പെടുത്തിയത് നാലായിരത്തോളം സീറ്റുകള്‍. 1000 ആളുകള്‍ക്ക് ഒരു ഡോക്ടര്‍ വേണമെന്നാണ് ലോക ആരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, 1700 പേര്‍ക്ക് ഒരു ഡോക്ടറാണ് ഇന്ത്യയിലുള്ളത്.
പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും പടരുകയും ആരോഗ്യ പരിപാലനരംഗത്ത് കൂടുതല്‍ വിദഗ്ധമായ മാനവവിഭവശേഷി ആവശ്യമായി വരുകയും ചെയ്യുന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാറും കൗണ്‍സിലും വരുത്തിയ ഗുരുതര അനാസ്ഥയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചു. പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്കിയതിനാല് സീറ്റുകള്‍ വര്‍ധിച്ചെങ്കിലും നിലവിലുള്ള കോളജുകളില്‍ അനുമതി നിഷേധിക്കുകവഴി ഫലത്തില്‍ കടുത്ത നഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് വ്യക്തമാകുന്നതായി ജസ്റ്റിസുമാരായ എ.ആര്. ദവെ, യു.യു. ലളിത്, വിക്രംജിത് സെന്‍ എന്നിവരുള്‍ക്കൊള്ളുന്ന ബെഞ്ച് നിരീക്ഷിച്ചു.
2013^14 വര്‍ഷം 51,598 മെഡിക്കല്‍ സീറ്റുകള്‍ ഉണ്ടായിരുന്നത് അടുത്ത വര്‍ഷം 54,348 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍, 3920 സീറ്റുകളില്‍ സമയത്ത് അഡ്മിഷന് അനുമതി നല്‍കാതിരുന്നതോടെ ഫലത്തില്‍ 1170 സീറ്റുകള്‍ നഷ്ടമായതായി സത്യവാങ്മൂലത്തില്‍നിന്ന് വ്യക്തമാകുന്നു. 8667 സീറ്റുകളുടെ അനുമതി തടയാനായിരുന്നു കൗണ്‍സില്‍ നീക്കം. എന്നാല്‍, സര്‍ക്കാര്‍ കോളജുകളിലെ 4747 സീറ്റുകളില്‍ അവസാന ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടതിനു പുറമെ സമൂഹത്തിനും കടുത്ത നഷ്ടമാണ് ഈ അനാസ്ഥമൂലം സംഭവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.