കശ്മീര്‍ വിമതനേതാക്കള്‍ ഡല്‍ഹിയില്‍ വീട്ടുതടങ്കലില്‍
text_fieldsന്യൂഡല്‍ഹി: പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലത്തെിയ കശ്മീര്‍ വിമതനേതാക്കളായ ഷബീര്‍ ഷാ, ബിലാല്‍ ലോണ്‍ എന്നിവര്‍ ഡല്‍ഹിയില്‍ വീട്ടുതടങ്കലില്‍. വ്യാഴാഴ്ച ശ്രീനഗറില്‍നിന്നത്തെിയ ഇരുവരെയും കൂടെയുണ്ടായിരുന്നവരെയും ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി പൊലീസ് നേരത്തേ ബുക് ചെയ്തിരുന്ന ഗെസ്റ്റ് ഹൗസിലേക്ക് മാറ്റി. പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ചര്‍ച്ചക്ക് ഡല്‍ഹിയിലത്തെുന്ന സര്‍താജ് അസീസ് കശ്മീരി നേതാക്കളുമായി ചര്‍ച്ചനടത്തരുതെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു. എന്നാല്‍, പാകിസ്താനും ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളും ഇന്ത്യയുടെ അഭ്യര്‍ഥന തള്ളി. ഇതേതുടര്‍ന്നാണ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ച തടയാന്‍ വിമതനേതാക്കളില്‍ പ്രമുഖരായ ജമ്മു-കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി പ്രസിഡന്റ് ഷബീര്‍ ഷാ, ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് ബിലാല്‍ ലോണ്‍ എന്നിവരെ പൊലീസ് ഡല്‍ഹിയില്‍ വീട്ടുതടങ്കലിലാക്കിയത്.
എന്നാല്‍, പാക് അധികാരികളുമായി കശ്മീര്‍ നേതാക്കള്‍ ചര്‍ച്ചനടത്തുന്നത് പതിവുള്ള കാര്യമാണെന്നും ഇപ്പോള്‍ മോദി സര്‍ക്കാര്‍ അത് തടയുന്നത് ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഷബീര്‍ ഷാ കുറ്റപ്പെടുത്തി. വാജ്പേയിയും എല്‍.കെ. അദ്വാനിയും മന്മോഹന് സിങ്ങും ഭരിച്ചിരുന്നകാലത്ത് പാക് പ്രധാനമന്ത്രിയും പ്രസിഡന്റും ഡല്‍ഹിയിലത്തെിയപ്പോള്‍ കശ്മീരി നേതാക്കളുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ച തടയുമ്പോള്‍ വാജ്പേയിക്കും അദ്വാനിക്കും തെറ്റുപറ്റിയെന്നാണോ മോദി സര്‍ക്കാര്‍ പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ഷബീര്‍ ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
