താജ്മഹലായി പുനര്‍ജനിക്കുന്നു; ഹസന്‍െറ പ്രണയം
text_fieldsബുലന്ദ്ഷഹര്‍ (യു.പി): പ്രിയതമയുമൊത്തുള്ള പ്രണയജീവിതത്തിന്‍െറ മരിക്കാത്ത ഓര്‍മ കസര്‍ കലന്‍ ഗ്രാമത്തില്‍ താജ്മഹലായി പുനര്‍ജനിക്കുന്നു. 80കാരനായ ഫൈസുല്‍ ഹസന്‍ ഖാദിരിയാണ് സ്വന്തം ബീഗത്തിനുവേണ്ടി ജീവിതത്തെതന്നെ അനശ്വരപ്രണയകുടീരമാക്കി മാറ്റിയിരിക്കുന്നത്.
ബുലന്ദ്ഷഹറിലെ കസര്‍ കലന്‍ ഗ്രാമത്തിലെ പോസ്റ്റ്മാനായിരുന്നു ഫൈസുല്‍ ഹസന്‍. 1953ല്‍ താജമുല്ലി ബീഗത്തെ വിവാഹം കഴിച്ചു. 58 വര്‍ഷത്തെ സ്നേഹസുരഭിലമായ ദാമ്പത്യം. 2011ല്‍ താജമുല്ലിക്ക് കാന്‍സര്‍ പിടിപെട്ടു.
കീമോതെറപ്പിക്ക് പറ്റിയ ശാരീരികാവസ്ഥയിലായിരുന്നില്ല അവര്‍. അവശയായ ഭാര്യയെയുംകൊണ്ട് ഹസന്‍ ഗ്രാമത്തിന് പുറത്തെ കൃഷിയിടത്തിലേക്ക് പോയി. അവിടെ താജമുല്ലിക്ക് സ്വസ്ഥമായി ജീവിക്കാന്‍ പുതിയ വീട് പണിതു. അവിടെയായിരുന്നു അവരുടെ അന്ത്യം. വീടിന് തൊട്ടടുത്ത് ഹസന്‍ ഭാര്യക്ക് അന്ത്യവിശ്രമസ്ഥലം ഒരുക്കി. മരണശേഷം ആരെങ്കിലും തങ്ങളെ ഓര്‍ക്കുമോ എന്ന ചിന്ത താജമുല്ലി അവസാനദിവസങ്ങളില്‍ ഹസനുമായി പങ്കിട്ടിരുന്നു. താജമുല്ലിയുടെ ആഗ്രഹം ഹസന്‍െറ ഹൃദയത്തില്‍ താജ്മഹലായി പുനര്‍ജനിക്കുകയായിരുന്നു.
താമസിയാതെ താജമുല്ലിയെ ഖബറടക്കിയ സ്ഥലത്ത് ഹസന്‍ ‘സ്വന്തം താജ്മഹലി’ന്‍െറ നിര്‍മാണം തുടങ്ങി. ഗ്രാമത്തിലെ കല്‍പണിക്കാരനായ അസ്ഹറായിരുന്നു സഹായി. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കീശ കാലിയായി. ആകെയുണ്ടായിരുന്ന ഭൂമി ആറുലക്ഷം രൂപക്ക് വിറ്റു.
താജമുല്ലിയുടെ ആഭരണങ്ങള്‍ വിറ്റപ്പോള്‍ ഒന്നര ലക്ഷംകൂടി കിട്ടി. അങ്ങനെ നിര്‍മാണം വീണ്ടും തുടങ്ങി. താജ്മഹല്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ ചെലവായത് 11 ലക്ഷം രൂപ. മാര്‍ബിള്‍ വിരിക്കാനും പൂന്തോട്ടം ഒരുക്കാനും ഏഴുലക്ഷം രൂപകൂടി വേണം. താജ്മഹല്‍ പൂര്‍ത്തിയാക്കാന്‍ പലരും പണം വാഗ്ദാനം ചെയ്തു. ഹസന്‍െറ താജ്മഹല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അദ്ദേഹത്തെ ലഖ്നോയിലേക്ക് വിളിപ്പിച്ചു. ഹസന്‍െറ ശ്രമങ്ങളെ അഭിനന്ദിച്ച അദ്ദേഹം, താജ്മഹല്‍ പൂര്‍ത്തിയാക്കാന്‍ ധനസഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍, വിനയപൂര്‍വം ഹസന്‍ അത് നിരസിച്ചു. സ്വന്തമായി ഉണ്ടാക്കിയ പണംകൊണ്ടുതന്നെ താജ്മഹല്‍ പൂര്‍ത്തിയാക്കാനാണ് അദ്ദേഹത്തിന്‍െറ തീരുമാനം. താജമുല്ലി രോഗബാധിതയായി അവസാനദിനങ്ങള്‍ ചെലവഴിച്ച വീട്ടിലാണ് ഹസന്‍ ഇപ്പോള്‍ സദാസമയവും. ഈ വീടിന്‍െറ ജനാലയിലൂടെ നോക്കിയാല്‍ പണിതീരാത്ത താജ്മഹല്‍ കാണാം. കുത്തിനോവിക്കുന്ന ഏകാന്തതയെ ഹസന്‍ ഈ കാഴ്ചയിലൂടെ കുടഞ്ഞുകളയുന്നു. സാക്ഷാല്‍ താജ്മഹലിന്‍െറ അതേ മാതൃകയിലാണ് ഈ പ്രണയകുടീരവും. താഴികക്കുടവും നാലു മിനാരങ്ങളുമെല്ലാം അതേപടി. കെട്ടിടത്തിനുചുറ്റും ഏതാനും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പിറകില്‍ ജലാശയവുമുണ്ട്. സമീപഗ്രാമങ്ങളിലെല്ലാം ഹസന്‍െറ പണിതീരാത്ത താജ്മഹല്‍ പ്രശസ്തമായിക്കഴിഞ്ഞു. കിലോമീറ്ററുകള്‍ താണ്ടി നിരവധി പേരാണ് പാവങ്ങളുടെ ഈ താജ്മഹല്‍ കാണാനത്തെുന്നത്. ‘ഇന്ന് കാണുന്നതെല്ലാം ഒരുദിനം ഇല്ലാതാകും. എന്‍െറ ഭാര്യ മരിച്ചു. ഒരു ദിവസം ഞാനും... ഞാന്‍ പണിയുന്ന ഈ സ്മാരകവും എന്നെന്നേക്കുമായി ഉണ്ടാകില്ല എന്നറിയാം. എങ്കിലും ഒരാഗ്രഹം ബാക്കി; അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് എന്‍െറ താജ്മഹല്‍ പൂര്‍ത്തിയാക്കണം’ -കാലത്തിന്‍െറ കനിവുകാത്തിരിക്കുകയാണ് ഫൈസുല്‍ ഹസന്‍ ഖദ്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
