ഒരു റാങ്ക്; ഒരു പെന്ഷന്: സമരം തീര്‍ക്കാന്‍ തീവ്രശ്രമം
text_fieldsന്യൂഡല്‍ഹി: ‘ഒരു റാങ്ക്, ഒരു പെന്ഷന്’ ആവശ്യപ്പെട്ട് സമരം നടത്തുന്ന വിമുക്ത ഭടന്മാരെ തല്ലിയതിന് ഡല്‍ഹി പൊലീസ് മാപ്പു പറഞ്ഞു. ഡല്‍ഹി ജന്തര്‍മന്തറില്‍ മരണംവരെ നിരാഹാരമിരിക്കുന്ന രണ്ടുപേര്‍ക്കൊപ്പം ചൊവ്വാഴ്ച ഹവില്‍ദാര്‍ അശോക് ചൗഹാന് മരണംവരെ നിരാഹാരം തുടങ്ങി.
അതിനിടെ, സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തിറങ്ങി. സമരസമിതി നേതാക്കളുമായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. സ്വാതന്ത്ര്യദിന തലേന്ന് സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ജന്തര്‍മന്തറിലെ വിമുക്തഭടന്മാരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയിരുന്നു. ഇത് ചെറുക്കാന്‍ ശ്രമിച്ച സമരക്കാര്‍ക്ക് നേരെ ബലപ്രയോഗവുമുണ്ടായി. ഇതില്‍ പ്രതിഷേധം അറിയിച്ച് ഏഴു മുന്‍ സേനാ തലവന്മാര് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസിന്‍െറ ക്ഷമാപണം.
ഡല്‍ഹി പൊലീസ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍ എം.കെ മീണ സമരപ്പന്തലില്‍ എത്തിയാണ് ഖേദപ്രകടനം നടത്തിയത്. തെറ്റിദ്ധാരണയും ആശയക്കുഴപ്പവും കാരണമാണ് ബലപ്രയോഗം ഉണ്ടായതെന്നും അതില്‍ ഖേദിക്കുന്നതായും എം.കെ. മീണ സമരസമിതി നേതാക്കളോട് പറഞ്ഞു. വിമുക്തഭടന്മാരുടെ സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശമനുസരിച്ചാണ് ഡല്‍ഹി പൊലീസ് പരസ്യമായി മാപ്പു പറഞ്ഞത്.
സമരം അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരസമിതി നേതാക്കളോട് ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ‘ ഒരു റാങ്ക്, ഒരു പെന്ഷന്’ നടപ്പാക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടാവാത്തതില്‍ സമരക്കാര്‍ കടുത്ത നിരാശയിലാണ്.
സമരം അവസാനിപ്പിക്കണമെന്ന് മുന്‍ കരസേന മേധാവിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ റിട്ട. ജനറല്‍ വി.കെ. സിങ് ആവശ്യപ്പെട്ടു.
‘ഒരു റാങ്ക്, ഒരു പെന്ഷന്’ അംഗീകരിച്ചതാണെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചാലുടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
