വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വൈകും
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വിമുക്ത ഭടന്മാരെ സ്വാധീനിക്കാന്‍ നല്‍കിയ ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ വാഗ്ദാനം നടപ്പാക്കാന്‍ ഇനിയും വൈകും. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തുന്ന പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നെങ്കിലും ‘സാങ്കേതികമായ ചില പ്രശ്നങ്ങള്‍’ ബാക്കിയാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രഖ്യാപനം നടപ്പാക്കാന്‍ വേണ്ടിവരുന്ന ഭാരിച്ച ചെലവാണ് പ്രധാന തടസ്സം. 22 ലക്ഷം വിമുക്തഭടന്മാര്‍ക്കും ആറു ലക്ഷം വരുന്ന യുദ്ധവിധവകള്‍ക്കും പ്രയോജനപ്പെടുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി രൂപപ്പെടുത്തിയത് എ.കെ. ആന്‍റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍, തെരഞ്ഞെടുപ്പിനുമുമ്പ് പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. വിമുക്തഭടന്മാരെ സ്വാധീനിക്കാനുള്ള തുറുപ്പുശീട്ടായി ബി.ജെ.പി അത് പ്രയോജനപ്പെടുത്തി. കരസേന മുന്‍ മേധാവി വി.കെ. സിങ്ങായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍, 2014 അടിസ്ഥാന വര്‍ഷമാക്കി ഒരു റാങ്കിന് ഒരു പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ 20,000 കോടി രൂപ പ്രതിവര്‍ഷം കൂടുതലായി കണ്ടെത്തേണ്ടിവരും. നടപ്പാക്കല്‍ വൈകുന്നതാകട്ടെ, സേനാംഗങ്ങള്‍ക്കിടയില്‍ സര്‍ക്കാറിന്‍െറ വിശ്വാസ്യത കെടുത്തും.
ഒരേ സേവനകാലമുള്ള, ഒരേ റാങ്കിലിരുന്ന് വിരമിച്ചവര്‍ക്ക് റിട്ടയര്‍മെന്‍റ് തീയതി നോക്കാതെ ഒരേ പെന്‍ഷന്‍ അനുവദിക്കുകയാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വഴി ചെയ്യുന്നത്. വിരമിച്ച കാലത്തെ ശമ്പള കമീഷന്‍ ശിപാര്‍ശപ്രകാരമാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇതുമൂലം നേരത്തേ വിരമിച്ചവര്‍ക്ക് കുറഞ്ഞ പെന്‍ഷനും ഏറ്റവും ഒടുവില്‍ വിരമിച്ചവര്‍ക്ക് കൂടുതല്‍ തുകയും കിട്ടുന്ന സ്ഥിതിയാണ്. ജൂനിയര്‍മാര്‍ മുന്‍കാല പട്ടാളക്കാരേക്കാള്‍ കൂടിയ പെന്‍ഷന്‍ വാങ്ങുന്നു. 2011 അടിസ്ഥാന വര്‍ഷമായി കണക്കാക്കി ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, അതിന് വിമുക്തഭടന്മാര്‍ സമ്മതിച്ചില്ല. 2014 അടിസ്ഥാന വര്‍ഷമായി കാണുമെന്നാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 2011 അടിസ്ഥാന വര്‍ഷമാക്കിയാല്‍ സര്‍ക്കാറിന്‍െറ അധികച്ചെലവ് 8000 കോടി രൂപയില്‍ ഒതുങ്ങും. കാര്‍ഗില്‍ യുദ്ധകാലത്തെ കരസേന മേധാവി റിട്ട. ജനറല്‍ വി.പി. മാലിക്കിനെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി ഇടപെട്ട് നിയോഗിച്ചതാണ്. എന്നാല്‍, രണ്ടു ദിവസംകൊണ്ട് അദ്ദേഹം പണി മതിയാക്കി. സര്‍ക്കാറിന്‍െറ വാഗ്ദാനവും വിമുക്തഭടന്മാരുടെ ആവശ്യവുമായി വലിയ അകലമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്ന് മുന്‍ സേനാമേധാവിമാര്‍ അഭ്യര്‍ഥിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ വൈകുന്നത് ഓഫിസര്‍-ജവാന്‍ ബന്ധത്തില്‍ വലിയ പരിക്കുണ്ടാക്കുമെന്നും ആത്മാഭിമാനത്തെ ബാധിക്കുമെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. അതിനിടെ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയത്തില്‍ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
