അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം; ആറ് മരണം
text_fieldsശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീയടക്കം ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സ്വാതന്ത്ര്യദിനത്തില്‍ ആക്രമണം നടന്നത്. പൂഞ്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന്‍ ഇന്നു പുലര്‍ച്ചെ മുതല്‍ ആക്രമണം നടത്തിയിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.
പൂഞ്ച് ജില്ലയിലെ ബാലക്കൊട്ട് സെക്ടറില്‍ ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ഷെല്ലാക്രമണത്തിലാണ് 12 വയസ്സുള്ള കുട്ടിയും സ്ത്രീയും ഗ്രാമത്തലവനും ഉള്‍പെടെ ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ആറു പേരെ ഹെലികോപ്ടറില്‍ ജമ്മുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പൂഞ്ചിലെ ഡെപ്യൂട്ടി കമ്മീഷണര്‍ നിസാര്‍ അഹമദ് വാനി വ്യക്തമാക്കി.
ഇന്ന് മൂന്ന് തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ആക്രമണം നടത്തിയത്. രാവിലെ സബ്ജാന്‍ സെക്ടറിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൂഞ്ച് സെക്ടറില്‍ ഈ മാസം മാത്രം 28ഓളം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്.
ഇന്ത്യന്‍ ജനതക്കും സര്‍ക്കാരിനും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന പാക് പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ^ പാക് സമാധാനം നിലനില്‍ക്കുന്നത് തെക്കന്‍ ഏഷ്യയുടെ അഭിവൃദ്ധിക്ക് അത്യാവശ്യമാണെന്നും നവാസ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
