കേന്ദ്ര മെഡിക്കല്‍ കോളജുകളിലെ ഒ.ബി.സി സംവരണത്തില്‍ അട്ടിമറി
text_fieldsന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗക്കാരുടെ (ഒ.ബി.സി) സംവരണത്തില്‍ അട്ടിമറി. ഒ.ബി.സിക്കാര്‍ക്ക് 27 ശതമാനം സംവരണം ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള കേന്ദ്ര സ്ഥാപനങ്ങളില്‍ പ്രവേശത്തിലും നിയമനത്തിലും അത് പാലിക്കപ്പെടുന്നില്ളെന്ന് പാര്‍ലമെന്‍റ് സമിതി ലോക്സഭക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പാര്‍ലമെന്‍റിന്‍െറ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍പോലും നല്‍കാതെ ഒഴിഞ്ഞുമാറിയ സ്ഥാപനങ്ങളുണ്ട്. മതിയായ സാവകാശം നല്‍കിയിട്ടും ആരോഗ്യ^കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. കിട്ടിയ പരിമിതമായ വിവരങ്ങളില്‍നിന്നുതന്നെ, കേന്ദ്രസര്‍ക്കാറിനു കീഴിലെ മെഡിക്കല്‍ കോളജുകളില്‍ ഒ.ബി.സി സംവരണം പാലിക്കുന്നില്ളെന്ന് വ്യക്തമാണ്. 27 ശതമാനം സംവരണം നല്‍കണമെന്ന ഉത്തരവ് ഇറങ്ങിയിട്ട് ഏഴു വര്‍ഷത്തിനു ശേഷവും ഇതാണ് സ്ഥിതി.
അഖിലേന്ത്യ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം, ഡല്‍ഹിയിലെ പ്രമുഖ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.
ബി.എസ്സി^എം.എല്‍.ടി, എം.എസ്സി, നഴ്സിങ്^എം.എസ്സി, എം.പി.എച്ച് കോഴ്സുകള്‍ നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ^ഗവേഷണ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മിക്കതും സംവരണം പാലിക്കുന്നില്ല. രാംമനോഹര്‍ ലോഹ്യ ആശുപത്രി, മൗലാനാ ആസാദ് മെഡിക്കല്‍ കോളജ്, ഡല്‍ഹി യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയും സംവരണം കാറ്റില്‍ പറത്തി. മെഡിക്കല്‍ സ്ഥാപനങ്ങളിലെ ഫാക്കല്‍ട്ടി തസ്തികളിലും ഒ.ബി.സി സംവരണ സീറ്റുകള്‍ നികത്തുന്നില്ല. അവ്യക്തമായ വിവരങ്ങളാണ് മന്ത്രാലയം പാര്‍ലമെന്‍റ് സമിതിക്ക് നല്‍കിയത്. ഡല്‍ഹിയിലെ വിവിധ കേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ടീച്ചിങ് വിഭാഗത്തില്‍ 166ഉം പബ്ളിക് സബ്^കേഡര്‍ വിഭാഗത്തില്‍ 18ഉം ഒഴിവുകള്‍ നികത്തിയിട്ടില്ല. പ്രവേശ സംവരണ നിയമവ്യവസ്ഥ നടക്കുന്നതിനായി അധിക ഫാക്കല്‍ട്ടികളും തസ്തികകളും സൃഷ്ടിക്കാന്‍ പണം അനുവദിച്ചിട്ടും ബന്ധപ്പെട്ടവര്‍ കാര്യമാക്കിയില്ല. മൗലാന ആസാദ് മെഡിക്കല്‍ കോളജിന് ഈ സഹായം നിഷേധിക്കുകയും ചെയ്തു.
എയിംസിന്‍െറ മാതൃകയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടങ്ങിയ മെഡിക്കല്‍ കോളജുകളിലെ സ്ഥിതിയും ഭിന്നമല്ളെന്നതിന് പട്ന മെഡിക്കല്‍ കോളജ് ഉദാഹരണമാണ്. ഇവിടെയും സംവരണനയം അട്ടിമറിച്ച് ഫാക്കല്‍ട്ടി തസ്തികകളിലേക്ക് നിയമനം നടന്നു. മറ്റു നിയമനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. അവിടത്തെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്കും ഡയറക്ടര്‍ക്കുമെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മറ്റ് ആറ് എയിംസുകളിലെ സംവരണം പ്രത്യേകമായി പരിശോധിക്കാന്‍ സമിതി നിര്‍ദേശിച്ചു. എല്ലാ സ്ഥാപനങ്ങളിലും ഒ.ബി.സി സെല്‍ രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്.
ഒ.ബി.സി സംവരണ സീറ്റുകള്‍ നികത്താന്‍ കുട്ടികളെ കിട്ടാത്ത പ്രശ്നമുണ്ടെങ്കില്‍ ഈ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് സൗജന്യ കോച്ചിങ്, സ്കോളര്‍ഷിപ് പോലെ മറ്റു പ്രോത്സാഹനങ്ങള്‍ എന്നിവ നല്‍കിയിട്ടായാലും സംവരണത്തോത് പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
