ഡല്‍ഹിയുടെ ആകാശത്ത് പാറിനടക്കാന്‍ മോദിയും ഒബാമയും
text_fields
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഇത്തവണ ഡല്‍ഹിയുടെ ആകാശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും പാറിനടക്കും; പട്ടമായിട്ട്. മോദിയുടെയും ഒബാമയുടെയും വര്‍ണച്ചിത്രങ്ങളടങ്ങിയ പട്ടങ്ങളുമായാണ് ഡല്‍ഹിയിലെ കച്ചവടക്കാര്‍ ഇത്തവണ സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കുന്നത്. രണ്ടു തരം പട്ടങ്ങളാണ് കച്ചവടക്കാര്‍ തയാറാക്കിയിരിക്കുന്നത്. മോദിയുടെ വര്‍ണച്ചിത്രങ്ങളും അദ്ദേഹത്തിന്‍െറ പ്രധാന ആശയങ്ങളായ അച്ഛേ ദിന്‍, മഹാനായക് എന്നീ വാക്കുകളും ആലേഖനംചെയ്ത പട്ടങ്ങളാണ് ആദ്യ ഗണത്തിലുള്ളത്. ഒബാമയും മോദിയും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങളടങ്ങിയതാണ് രണ്ടാമത്തേത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും ബോളിവുഡ് നായകരായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ തുടങ്ങിയവര്‍തന്നെയാണ് പട്ടങ്ങളിലെ നിത്യഹരിത നായകര്‍. സ്വാതന്ത്ര്യദിനത്തില്‍ തലസ്ഥാനവാസികളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് പട്ടംപറത്തല്‍. അന്ന് രാഷ്ട്രീയ, സാംസ്കാരിക, സിനിമാരംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന പട്ടംപറത്തല്‍ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
