ഗുജറാത്തില്‍ വോട്ട് ചെയ്തില്ലെങ്കില്‍ 100 രൂപ പിഴ
text_fieldsഅഹ്മദാബാദ്: ഗുജറാത്തില്‍ ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ 100 രൂപ പിഴയടക്കേണ്ടി വരും. ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ഗവര്‍ണര്‍ ഒ.പി. കോഹ്ലി ഒപ്പിട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.
വോട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശനനടപടിക്ക് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സബ്സിഡി റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ‘ശിക്ഷ’യുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.
ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിഴയിലൊതുക്കാന്‍ തീരുമാനിച്ചത്. രോഗികള്‍, വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍, മരണത്തെ തുടര്‍ന്ന് ദു$ഖാചരണം നടത്തുന്നവര്‍, വ്യക്തിപരമോ ഒൗദ്യോഗികമോ ആയ പ്രധാന ജോലികള്‍ക്ക് പോകുന്നവര്‍, ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവരെ പിഴയില്‍നിന്ന് ഒഴിവാക്കി. 75 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും പിഴയില്ല. വോട്ട് ചെയ്യാത്തവരെ പിടികൂടാന്‍ എല്ലാ തെരഞ്ഞെടുപ്പ് ഓഫിസുകളിലും ഉദ്യോഗസ്ഥരെ നിയമിക്കും. വോട്ട് ചെയ്യാത്തവര്‍ക്ക് നോട്ടീസ് അയക്കുകയും ഇവരുടെ മറുപടി കേള്‍ക്കുകയും ചെയ്ത ശേഷമായിരിക്കും പിഴയീടാക്കുക. 2009ല്‍ ഈ നിയമം ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയിരുന്നെങ്കിലും അന്നത്തെ ഗവര്‍ണര്‍ കാംല ബെനിവാല്‍ ഒപ്പിടാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, പുതിയ ഗവര്‍ണര്‍ ചുമതലയേറ്റതോടെ വിജ്ഞാപനത്തില്‍ ഒപ്പിടുകയായിരുന്നു.
തെരഞ്ഞെടുപ്പുകാര്യത്തില്‍ ബി.ജെ.പിയുടെ ഗൗരവമില്ലായ്മയാണ് ഈ നടപടി വെളിപ്പെടുത്തുന്നതെന്നും വെറും തട്ടിപ്പാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
