ഇവരുടെ ജീവത്യാഗത്തില്‍ ഒഴിവായത് കൂട്ടക്കൊല
text_fieldsന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ബി.എസ്.എഫ് ജവാന്മാരുടെ ജീവത്യാഗംമൂലം ഒഴിവായത് ഒരു കൂട്ടക്കൊല. ജവാന്മാരായ ഹരിയാന സ്വദേശി റോക്കി, ബംഗാള്‍ സ്വദേശി ശുഭേന്തുറോയ് എന്നിവരാണ് തീവ്രവാദികളുടെ വെടിയേറ്റുമരിച്ചത്. ബി.എസ്.എഫ് ബസിനുനേരെ തുരുതുരാ വെടിയുതിര്‍ത്ത തീവ്രവാദികള്‍ക്കെതിരെ ഇരുവരും ജീവന്‍ ബലിയര്‍പ്പിച്ച് ചെറുത്തുനിന്നതുകൊണ്ടാണ് 42 ജവാന്മാര്‍ രക്ഷപ്പെട്ടതെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക് പറഞ്ഞു.
ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ രണ്ടു ദശാബ്ദത്തിനിടെ ആദ്യമായാണ് തീവ്രവാദി ആക്രമണമുണ്ടാകുന്നത്. ബി.എസ്.എഫ് ജവാന്മാരുടെ ബസ് ദേശീയപാതയില്‍ പട്രോളിങ് നടത്തുന്നതിനിടെ റോഡിന് നടുവില്‍നിന്ന് ഒരു തീവ്രവാദി വെടിവെക്കാന്‍ തുടങ്ങി. ഉടന്‍ കോണ്‍സ്റ്റബ്ള്‍ റോക്കി തോക്കുമായി പ്രത്യാക്രമണം തുടങ്ങി.
റോക്കിയുടെ കൈവശംമാത്രമാണ് തോക്കുണ്ടായിരുന്നത്. ഇതിനിടെ ബസ് ഡ്രൈവര്‍ കോണ്‍സ്റ്റബ്ള്‍ ശുഭേന്തുറോയിക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും ശുഭേന്തുറോയ് വെടിവെച്ചുകൊണ്ട് ബസിലേക്ക് തള്ളിക്കയറാനുള്ള തീവ്രവാദികളുടെ ശ്രമം തടഞ്ഞുകൊണ്ടിരുന്നു.
ഇതിനിടെ നു അമാന്‍ എന്ന തീവ്രവാദി ബസിന്‍െറ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒരു കൈയില്‍ ഗ്രനേഡുമായി ബസിന് മുന്നില്‍ നിന്ന് ഭീഷണി മുഴക്കിയ ഇയാള്‍ ഗ്രനേഡ് ബസിനകത്തേക്ക് എറിയുന്നതിന് മുമ്പ് റോക്കിഇയാളെ വെടിവെച്ചുകൊന്നു. ബസിന് പുറത്തുവീണ് പൊട്ടിയ ഗ്രനേഡിന്‍െറ ചീളുകള്‍ തറച്ച് 13 ജവാന്മാര്‍ക്ക് പരിക്കേറ്റു.
ഇതിനിടെ, മുഹമ്മദ് നവീന്‍ അല്‍പം മാറി നിന്ന് വെടിവെക്കുകയായിരുന്നു. ഇയാളുടെആക്രമണത്തിലാണ് റോക്കിയുടെ ജീവന്‍ നഷ്ടമായത്. വെടിയേറ്റ് റോക്കി മരിച്ചുവീഴുമ്പോള്‍ അദ്ദേഹത്തിന്‍െറ എ.കെ 47 തോക്കില്‍ ഒരു ബുള്ളറ്റുപോലും അവശേഷിച്ചിരുന്നില്ളെന്ന് പഥക് പറഞ്ഞു. 20 മിനിറ്റുനീണ്ട റോക്കിയുടെ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് രണ്ടാമത്തെ തീവ്രവാദി ഉസ്മാന്‍ ഖാന്‍ എന്ന മുഹമ്മദ് നവീദ് ആക്രമണം നിര്‍ത്തി രക്ഷപ്പെട്ടത്. തീവ്രവാദികള്‍ക്ക് ബസില്‍ കയറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കൂട്ടക്കൊലതന്നെ നടക്കുമായിരുന്നുവെന്ന് പഥക് പറഞ്ഞു.
ഹരിയാനയിലെ യമുനാസാഗര്‍ സ്വദേശിയായ റോക്കി രണ്ടു വര്‍ഷം മുമ്പാണ് ബി.എസ്.എഫില്‍ ചേര്‍ന്നത്. രണ്ടാഴ്ച മുമ്പ്് അവധി കഴിഞ്ഞ് ഇദ്ദേഹം ജമ്മുവിലേക്ക് മടങ്ങുകയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മകനെയോര്‍ത്ത് അഭിമാനിക്കുന്നതായി റോക്കിയുടെ പിതാവ് പ്രീത്പാല്‍പ്രതികരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഡ്രൈവര്‍ ശുഭേന്തു റോയ്. ഇരുവരുടെയും മൃതദേഹങ്ങള്‍ വൈകന്നേരത്തോടെ സ്വദേശങ്ങളിലത്തെിച്ചു.
അതിനിടെ, മുഹമ്മദ് നവീദിനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പുരസ്കാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. ബന്ദികളാക്കപ്പെട്ട വിക്രംജിത്, രാകേഷ് എന്നിവരാണ് തീവ്രവാദിയായ മുഹമ്മദ് നവീദിനെ പിടികൂടിയത്. ഇരുവര്‍ക്കും അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് ശിവസേന എം.പി രാജ്കുമാര്‍ ധൂത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
