മോദിയെ തകര്‍ക്കാന്‍ മോദിതന്നെ മതി -തോമസ് ബ്ളോം ഹാന്‍സന്‍
text_fieldsപാലക്കാട്: മോദി നിര്‍മിച്ചെടുത്ത ഇമേജുകള്‍ മോദിക്കുതന്നെ വിനയാവുമെന്ന് യു.എസ്.എയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി നരവംശ ശാസ്ത്ര ഗവേഷകനും ‘ദ സാഫറോണ്‍ വേവ്: ഡമോക്രസി ആന്‍ഡ് ഹിന്ദു നാഷനാലിസം ഇന്‍ ഇന്ത്യ’ ഗ്രന്ഥകര്‍ത്താവുമായ തോമസ് ബ്ളോം ഹാന്‍സന്‍. പാലക്കാട് വിക്ടോറിയ കോളജ് ചരിത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.
മോദിയുടെ പറച്ചിലുകള്‍ കഴിഞ്ഞു. ഇനി പ്രവര്‍ത്തിക്കേണ്ട സമയമാണ്. മോദിയുടെ വാക്കും പ്രവൃത്തിയും വൈരുദ്ധ്യം നിറഞ്ഞതാണ്. ഒരുഭാഗത്ത് വര്‍ഗീയതയും ജാതീയതയും പ്രോത്സാഹിപ്പിക്കുകയും മറുഭാഗത്ത് ‘മേക്കിങ് ഇന്ത്യ’പോലുള്ള സുന്ദരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ അത് ഒത്തുപോവില്ല. ഉദാരീകരണ നയങ്ങളെ തുടര്‍ന്ന് മധ്യവര്‍ഗമാവാന്‍ കൊതിക്കുന്നവരാണ് മോദിക്ക് പിന്നില്‍ അണിനിരന്നത്. മധ്യവര്‍ഗമാവാനുള്ള ഇവരുടെ ത്വരയെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മോദിയെന്ന പ്രതിഭാസം താനേ ഇല്ലാതാവും.
ലിബറല്‍ ജനാധിപത്യത്തെ ഹിന്ദുത്വ ആശയവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചത് യഥാര്‍ഥത്തില്‍ മോദിയല്ല, പ്രമോദ് മഹാജനായിരുന്നു. ഉദാരീകരണത്തെ കൂട്ടുപിടിക്കാതെ തെരഞ്ഞെടുപ്പ് വിജയിക്കാനാവില്ളെന്ന് മോദിക്കും അമിത്ഷാക്കും നന്നായി അറിയാമായിരുന്നു. പ്രചാരണങ്ങളിലൂടെ മോദിയുണ്ടാക്കിയെടുത്ത പ്രഭാവം സംരക്ഷിക്കാന്‍ അത്യധ്വാനമാണ് സംഘ്പരിവാര്‍ നടത്തുന്നത്. മോദി വിരുദ്ധ പ്രചാരണങ്ങള്‍ കണ്ടത്തെി മറുപടി നല്‍കാനായി മാത്രം ‘ഇന്‍റര്‍നെറ്റ് ട്രോളിങ്’ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സെന്‍സര്‍ഷിപ്പുകള്‍.
കറുത്ത വര്‍ഗക്കാരനായ ഒബാമ വൈറ്റ്ഹൗസിലത്തെിയതുകൊണ്ട് ആഫ്രോ അമേരിക്കന് അമേരിക്കയില്‍ നീതികിട്ടുമെന്ന് കരുതുന്നതുപോലെയാണ് ഒ.ബി.സിക്കാരനായ മോദി പ്രധാനമന്ത്രിയായതുകൊണ്ട് ഇന്ത്യയിലെ ഒ.ബി.സിക്കാര്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷ. ഉദാരീകരണത്തിനുശേഷമാണ് ഇന്ത്യയില്‍ തീവ്രവലതുരാഷ്ട്രീയം ശക്തിപ്പെട്ടത്.
അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് സംഘ്പരിവാര്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തെ പിന്നോട്ടടുപ്പിക്കും. മതപരവും ജാതീയവുമായ ഫോര്‍മുലകളില്‍ രൂപപ്പെടുത്തിയ വിജയങ്ങള്‍ക്ക് അധിക കാലം പിടിച്ചുനില്‍ക്കാനാവില്ളെന്ന് ഹാന്‍സന്‍ പറഞ്ഞു.
മണ്ഡല്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് രാജ്യത്ത് ജാതി രാഷ്ട്രീയത്തിനും പ്രാദേശിക പാര്‍ട്ടികള്‍ക്കും വളര്‍ച്ചയുണ്ടായത്. ആര്‍.എസ്.എസിന്‍െറ രാമജന്മഭൂമി പ്രക്ഷോഭവും ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നുണ്ടായ കലാപങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാക്കി ഇന്ത്യയെ മാറ്റി. രാജ്യത്തിന്‍െറ മതേതര കവചത്തിന് ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ബാബരി മസ്ജിദിന്‍െറ തകര്‍ച്ച. ജനാധിപത്യം അര്‍ഥപൂര്‍ണമാവണമെങ്കില്‍ എല്ലാ ജനവിഭാഗത്തിനും തുല്യനീതിയും തുല്യപ്രാതിനിധ്യവുണ്ടാവണം. അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശവും പരമപ്രധാനമാണ്.
ലോകത്ത് ഏറ്റവുമധികം കസ്റ്റഡി മരണങ്ങള്‍ നടക്കുന്ന രാജ്യമെന്ന നാണക്കേട് ഇപ്പോഴും ഇന്ത്യയുടെ ചുമലിലാണ്. സമൂഹത്തില്‍ പരസ്പര വിശ്വാസവും സഹകരണവും പുലര്‍ന്നാല്‍ മാത്രമേ സിവില്‍ സമൂഹത്തിന് പുരോഗതിലേക്ക് കുതിക്കാന്‍ കഴിയൂ. ജനാധിപത്യത്തിന്‍െറ ശുദ്ധവായു രാജ്യത്തെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാവുകയുള്ളൂവെന്ന് തോമസ് ബ്ളോം ഹാന്‍സന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
