പാര്‍ലമെന്‍റില്‍ പുകവലിക്കാന്‍ രാഷ്ട്രീയം മറന്ന് എം.പിമാര്‍
text_fieldsന്യൂഡല്‍ഹി: പുകവലി നിരോധിച്ച പാര്‍ലമെന്‍റ് വളപ്പില്‍ എം.പിമാര്‍ക്ക് പുകവലിക്കാന്‍ സൗകര്യം നല്‍കി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വീണ്ടും പ്രത്യേക മുറി വിട്ടുകൊടുത്തതില്‍ പ്രതിഷേധവുമായി പുകയിലവിരുദ്ധ പ്രവര്‍ത്തകര്‍. പുകവലിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഹീലിസ് സെക്സരിയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്പീക്കര്‍ക്ക് പ്രതിഷേധക്കത്ത് നല്‍കി. പൊതുസ്ഥലത്ത് പുകവലിക്ക് നിരോധമുണ്ടെന്നും അക്കൂട്ടത്തില്‍പെടുന്ന പാര്‍ലമെന്‍റില്‍ പുകവലി അനുവദിച്ചത് നിയമലംഘനമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. 2008 ഒക്ടോബര്‍ മുതല്‍ പൊതുസ്ഥലത്തെ പുകവലി നിരോധം പ്രാബല്യത്തിലുണ്ട്. ജോലിസ്ഥലത്തും പാടില്ല. പാര്‍ലമെന്‍റ് ഈ രണ്ടു വിഭാഗത്തിലും പെടും.
പാര്‍ലമെന്‍റ് മന്ദിരത്തില്‍ പുകവലിക്കാന്‍ പ്രത്യേക സ്ഥലം അനുവദിക്കുന്നതിന് സ്പീക്കറോട് അനൗദ്യോഗികമായി ആവശ്യപ്പെടാന്‍ രാഷ്ട്രീയവൈരം മറന്ന് ഒന്നിച്ചത് പ്രധാനമായും മൂന്നുപേരാണ്; സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ്, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു എന്നിവര്‍. സെന്‍ട്രല്‍ ഹാളിനോടു ചേര്‍ന്ന ലോഞ്ചില്‍ ‘അനൗപചാരികമായി’ പുകവലി തുടങ്ങുകയും ചെയ്തു.
പൊതുസ്ഥലത്ത് പുകവലി നിരോധിക്കാന്‍ നിയമം പാസാക്കിയ പാര്‍ലമെന്‍റ് തന്നെ അതു ലംഘിച്ചാല്‍ ജനം എന്തുചെയ്യണമെന്ന് സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ഹീലിസ് സെക്സരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ചോദിച്ചു. നിയമപ്രകാരമാണെങ്കില്‍ 30ല്‍ കൂടുതല്‍ മുറികളുള്ള ഹോട്ടല്‍, 30 ഇരിപ്പിടങ്ങളുള്ള റസ്റ്റോറന്‍റ്, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പ്രത്യേക പുകവലി മേഖല അനുവദിക്കാവുന്നതെന്നും കത്തില്‍ പറഞ്ഞു.
2008ല്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ് പാര്‍ലമെന്‍റ് പുകവലി നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. സെന്‍ട്രല്‍ ഹാളിനോട് ചേര്‍ന്ന ഒരു മുറി പുകവലിക്കാര്‍ ഉപയോഗിച്ചുപോന്നു. വര്‍ഷകാല സമ്മേളനം തുടങ്ങിയപ്പോള്‍ പുകവലിക്കാന്‍ അവിടേക്ക് ചെന്ന എം.പിമാരെ സ്വീകരിച്ചത് പാര്‍ലമെന്‍റിലെ സ്റ്റെനോഗ്രാഫര്‍മാരാണ്. അവര്‍ക്കുള്ള മുറിയായി ‘പുകവലി മുറി’ മാറ്റിയെടുത്തിരുന്നു. പുകവലിക്കാര്‍ സംഘടിച്ച് സ്പീക്കറെ കണ്ട് രോഷം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് മുറി പുകക്കാന്‍ വീണ്ടും അനുവദിച്ചു കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
