സ്ത്രീയായി ജനിച്ചാല്‍ പിന്നെ ഐ.എ.എസ് ഉദ്യോഗസ്ഥക്കും രക്ഷയില്ല
text_fieldsന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ റിജു ബാഫ്നയുടെ 'ഈ രാജ്യത്ത് പെണ്‍കുട്ടികള്‍ ജനിക്കാതിരിക്കട്ടെ' എന്ന ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ലൈഗിംകാതിക്രമത്തിനെതിരെ പരാതിപ്പെട്ടതാണ് അധികാരത്തിലിരിക്കുന്ന പുരുഷന്‍മാരെ പ്രകോപിപ്പിച്ചതെന്ന് യുവ ഐ.എ.എസ് ഉദ്യോഗസ്ഥയായ റിജു ബാഫ്ന ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. എല്ലായിടത്തും വിഡ്ഢികളാണ് എന്നു തുടങ്ങുന്ന പോസ്റ്റ് ന്യായാധിപനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.
നിരന്തരം അശ്ളീല സന്ദേശമയച്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗം സന്തോഷ് ചാബിയയ്ക്കെതിരെ ലൈംഗിക അതിക്രമത്തിന് റിജു കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഭരത് യാദവ്, തല്‍സ്ഥാനത്ത് നിന്ന് സന്തോഷ് ചാബിയെ നീക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാനത്തെിയ റിജുവിനെ ഒരു കൂട്ടം അഭിഭാഷകര്‍ തടസപ്പെടുത്തി. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കേസിന്‍െറ വിശദാംശങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ചില അഭിഭാഷകര്‍. ലൈഗിംകാതിക്രമ കേസിലെ മൊഴി എല്ലാവരുടെയും മുമ്പില്‍ വെച്ച് നല്‍കാന്‍ പ്രയാസമാണെന്നും അഭിഭാഷകരോട് പുറത്തുപോകാന്‍ പറയണമെന്നും മജിസ്ട്രേറ്റിനോട് റിജു അപേക്ഷിച്ചു. എന്നാല്‍ തന്‍െറ മുന്നില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടാതെ നോക്കിയിരിക്കുകയായിരുന്നു മജിസ്ട്രേറ്റ്. തുടര്‍ന്ന് ലളിത് ശര്‍മ്മ എന്ന അഭിഭാഷകന്‍ റിജുവിനെ ശകാരിക്കാനാംഭിച്ചു. ഇത് കോടതിയാണെന്നും റിജുവിന്‍െറ ഓഫിസല്ളെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്.
ഇത്തരം കാര്യങ്ങളില്‍ മൊഴി നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വകാര്യത ആവശ്യമുണ്ടെന്നും മോശപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. താങ്കള്‍ ചെറുപ്പമായതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്നായിരുന്നു മജിസ്ട്രേറ്റിന്‍െറ പ്രതികരണം. ലൈഗിംകാതിക്രമ കേസുകളില്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് പരാതിപ്പെടാന്‍ തയ്യാറാകാത്തത് എന്ന് തനിക്കിപ്പോഴാണ് മനസ്സിലായത്- റിജു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
റിജുവിന്‍െറ ഫേസ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിന് കമന്‍റുകളും ലൈക്കുകളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. അധികാരവും ഉന്നതപദവിയും ഉള്ള ഐ.എ.എസ്കാരിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നാണ് പലരും ആശങ്ക പ്രകടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
