തമിഴ്നാട് ബന്ദ് ജനജീവിതത്തെ ബാധിച്ചില്ല
text_fieldsകോയമ്പത്തൂര്‍: സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.ഡി.എം.കെ, വിടുതലൈ ശിറുതൈകള്‍, മനിതനേയ മക്കള്‍ കക്ഷി എന്നീ കക്ഷികള്‍ ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദ് ജനജീവിതത്തെ ബാധിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചു. ഭുരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നു. ബസ്, ടാക്സി, ഓട്ടോ സര്‍വിസുകളെയും ബാധിച്ചില്ല. അതേസമയം, സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ക്ക് നേരെ വ്യാപക പ്രതിഷേധമലയടിച്ചു. പലയിടത്തും മദ്യഷാപ്പുകള്‍ തകര്‍ത്തു.
തീവെപ്പും നടന്നു. മൂഴുവന്‍ മദ്യഷാപ്പുകള്‍ക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗാന്ധിയനും മദ്യനിരോധ പ്രവര്‍ത്തകനുമായ ശശിപെരുമാളിന്‍െറ മരണത്തോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ഏറ്റെടുക്കുകയായിരുന്നു. ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, ബി.ജെ.പി, എ.എ.പി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, സി.പി.ഐ, സി.പി.എം തുടങ്ങിയ കക്ഷികളും വിവിധ സാമൂഹിക സംഘടനകളും ബന്ദിന് പിന്തുണ നല്‍കിയിരുന്നു.
ചെന്നൈയില്‍ നടന്ന റോഡ് തടയലില്‍ പങ്കെടുത്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തരശന്‍, വിടുതലൈ ശിറുതൈകള്‍ കക്ഷി പ്രസിഡന്‍റ് തിരുമാവളവന്‍, മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്‍റ് എം.എച്ച്. ജവഹറുല്ല തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അറസ്റ്റിലായത്.
ബന്ദിന് തലേന്ന് അയ്യായിരത്തോളം പേരെ മുന്‍കരുതല്‍ നടപടി പ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കോയമ്പത്തൂരില്‍ മദ്യഷാപ്പുകള്‍ക്ക് മുന്നിലും മറ്റും വ്യാപക പ്രതിഷേധമാണ് നടന്നത്.നഗരത്തിലെ വിവിധ കോളജുകളില്‍ വിദ്യാര്‍ഥികള്‍ ക്ളാസ് ബഹിഷ്കരിച്ച് സമരം നടത്തി. സങ്കന്നൂരില്‍ ഇരുപതോളം എ.എ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മരുതമല ലാലി റോഡില്‍ നടന്ന പ്രതിഷേധത്തിനിടെ നാല്‍പ്പതോളം നിയമ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
