കരിമണല്‍ ഖനനം: ‘മേക് ഇന്‍ ഇന്ത്യ’യില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍
text_fields
ന്യൂഡല്‍ഹി: സ്വകാര്യ കരിമണല്‍ ഖനന നീക്കം വിവാദങ്ങള്‍ക്കൊടുവില്‍ ഉപേക്ഷിക്കേണ്ടി വന്ന കേരളത്തില്‍ കരിമണലിന്‍െറ മൂല്യവര്‍ധിത സംസ്കരണം ‘മേക് ഇന്‍ ഇന്ത്യ’ പരിപാടിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യമേഖലക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചു.
കൊല്ലത്ത് നീണ്ടകര-കായംകുളം തീരമേഖലയില്‍ കഴിയുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ച് അമൂല്യമായ കരിമണല്‍ ഖനനം ചെയ്യാന്‍ പാകത്തില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണം. കരിമണല്‍ സംസ്കരണം കേരളത്തിന്‍െറ പ്രധാന വരുമാനമാര്‍ഗമാക്കി മാറ്റാനുള്ള സാധ്യത പ്രയോജനപ്പെടുത്തണം.
തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഈ ആവശ്യമടങ്ങുന്ന നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചു. അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയതായി ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊതുമേഖലയിലെ കരിമണല്‍ ഖനനത്തിനും സ്വകാര്യമേഖലയിലെ സംസ്കരണത്തിനും സംസ്ഥാനത്തെ ഇടതു-വലതു മുന്നണികള്‍ക്ക് എതിര്‍പ്പില്ളെന്ന് അവര്‍ വിശദീകരിച്ചു.
കൊച്ചിയില്‍ ‘മേക് ഇന്‍ കേരള’ പരിപാടി വൈകാതെ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ പങ്കെടുക്കും. കരിമണല്‍ സംസ്കരണ പദ്ധതി ഈ പരിപാടിയില്‍ നിക്ഷേപകര്‍ക്കു മുമ്പാകെ വെക്കാന്‍ സാധിക്കണം.
നാലര ലക്ഷം കോടി രൂപയുടെ ധാതുനിക്ഷേപമാണ് കേരളത്തിന്‍െറ തീരങ്ങളിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇല്‍മനൈറ്റ്, സിര്‍കോണ്‍, സിലിമിനേറ്റ്, മോണസൈറ്റ് തുടങ്ങിയവയുടെ കലവറയാണ് ഇവിടം. ആറ്റമിക് മിനറല്‍ രംഗത്ത് കേന്ദ്രം നിക്ഷേപ ഉദാരീകരണം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിലെ തീരപ്രദേശത്ത് സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം ചെയ്യുന്നതാണ് മുമ്പ് വലിയ വിവാദമായി മാറിയത്. ചവറയില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ റെയര്‍ എര്‍ത്ത്സ് പതിറ്റാണ്ടുകളായി കരിമണല്‍ ഖനനം നടത്തുന്നുണ്ട്.
അതേസമയം, ഇതിനായി ഏറ്റെടുത്ത ഭൂമി ഉപയോഗം കഴിഞ്ഞ് ഭൂവുടമകള്‍ക്ക് ഇനിയും തിരിച്ചു കൊടുത്തിട്ടില്ല. വര്‍ഷങ്ങളായി ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതു വഴി സാമൂഹിക പ്രശ്നങ്ങള്‍ നിരവധിയുണ്ടെന്നും പ്രശ്നപരിഹാരത്തിന് നടപടി വേണമെന്നും ഷിബു ബേബിജോണ്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
