സ്പീക്കറുടെ നടപടി സര്‍വകക്ഷി യോഗം പൊളിഞ്ഞതിനു പിന്നാലെ
text_fieldsന്യൂഡല്‍ഹി: സഭാ സ്തംഭനം നീക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഒത്തുതീര്‍പ്പിനു വഴിതെളിയാതെ വന്നതിനു പിന്നാലെയായിരുന്നു 25 കോണ്‍ഗ്രസ് എം.പിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടി.
രാവിലെ 11ന് ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍തന്നെ പതിവുപോലെ പ്രതിപക്ഷം പ്ളക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രിക്കെതിരെ പേരെടുത്ത് വിളിച്ച് ആവുന്നത്ര ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചിട്ടും സഭ നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ കൂട്ടാക്കിയില്ല. പ്ളക്കാര്‍ഡുകള്‍ മാറ്റാന്‍ സ്പീക്കര്‍ നിരന്തരം ആവശ്യപ്പെട്ടപ്പോഴൊക്കെയും വര്‍ധിത വീര്യത്തില്‍ മുദ്രാവാക്യം മുഴങ്ങി. ബഹളം വകവെക്കാതെ ചോദ്യോത്തരവേള പൂര്‍ത്തിയാക്കിയ സ്പീക്കര്‍ 12 മണിക്ക് നിശ്ചയിച്ച സര്‍വകക്ഷിയോഗത്തിനായി സഭ നിര്‍ത്തിവെച്ചു. സര്‍വകക്ഷിയോഗം പരാജയപ്പെട്ട് ഉച്ചക്ക് രണ്ടിന് സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തന്നെ. ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ തമ്പിദുരൈ പക്ഷേ, ബഹളം അവഗണിച്ച് ശൂന്യവേള തുടര്‍ന്നു. ബന്ധപ്പെട്ടവരുമായി ആലോചിച്ചശേഷം കടുത്ത നടപടിക്കുള്ള തീരുമാനവുമായാണ് സ്പീക്കര്‍ സുമിത്രാമഹാജന് മൂന്നു മണിയോടെ സഭയിലത്തെിയത്.
സ്പീക്കറുടെ വേദിക്കു മുന്നിലെ നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് എം.പിമാരോട് പ്ളക്കാര്‍ഡുകള്‍ മാറ്റാന്‍ ഉച്ചത്തില്‍ ശാസനാസ്വരത്തില്‍ നിര്‍ദേശിച്ച സ്പീക്കര്‍ സസ്പെന്‍ഷന്‍െറ സൂചന നല്കി. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ സഭാ നേതാവ് സുധീപ് ബന്ധോപാധ്യായ എഴുന്നേറ്റ് കടുത്ത നടപടി പാടില്ളെന്നും അത് പ്രശ്നം വഷളാക്കുമെന്നും സ്പീക്കറോട് പറഞ്ഞു.
ബഹളം തുടര്‍ന്നാല്‍ താന്‍ എന്തു ചെയ്യുമെന്നും പ്ളക്കാര്‍ഡ് ഉയര്ത്തില്ളെന്ന് ഉറപ്പുതരാന്‍ കഴിയുമോ എന്നായിരുന്നു സ്പീക്കറുടെ മറുപടി. സഭയില്‍ പ്രതിഷേധം പാര്‍ലമെന്ററി സംവിധാനത്തിന്‍െറ ഭാഗമാണെന്നും നടപടി പാടില്ളെന്നും ആവശ്യപ്പെട്ട് സി.പി.എമ്മിലെ പി. കരുണാകരന് എഴുന്നേറ്റു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ബി.ജെ.പിയും തങ്ങളും ചേര്‍ന്ന് ഒരു മാസം സഭ തടസ്സപ്പെടുത്തിയത് മറക്കരുതെന്നും കരുണാകരന് പറഞ്ഞു.
മുമ്പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കുകയല്ല, തിരുത്തുകയാണ് വേണ്ടതെന്നായിരുന്നു സ്പീക്കറുടെ മറുപടി. പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പ് മറികടന്ന് നേരത്തേ തയാറാക്കിയ പട്ടികയില്‍നിന്ന് കോണ്‍ഗ്രസ് എം.പിമാരുടെ പേരുവിളിച്ച് സസ്പെന്ഷന് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ ബെഞ്ച് ഇളകി.
ഉടന്‍ സഭ പിരിച്ചുവിട്ട് സ്പീക്കര്‍ നീങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ അല്പനേരം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിരുന്നു. കേരള നിയമസഭയിലെ രാപ്പകല്‍ സമരത്തിന് സമാനമായി സോണിയയും രാഹുലും ഉള്‍പ്പെടെയുള്ളവര്‍ രാത്രി മുഴുവന്‍ സഭയില്‍ കഴിച്ചുകൂട്ടാനുള്ള ചര്‍ച്ചകളുണ്ടായി. ഒടുവില്‍ മറ്റു പ്രതിപക്ഷ നേതാക്കളുമായുള്ള ചര്‍ച്ചക്കുശേഷം അഞ്ചു ദിവസത്തേക്ക് സഭാ ബഹിഷ്കരണം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ സഭാഹാളില്‍നിന്ന് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
