പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം
text_fields
ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്ഷന് സ്പീക്കര്‍ സുമിത്ര മഹാജന് പിന്‍വലിച്ചേക്കുമെന്ന് സൂചന. മുലായം സിങ്ങിന്‍െറയും തൃണമൂല്‍ നേതാവ് സുധീപ് ബന്ദോപാധ്യായയുടെയും നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ഇരുപക്ഷത്തിനുമിടയില്‍ ചര്‍ച്ച നടന്നു. അഞ്ചു ദിവസത്തെ സസ്പെന്ഷന് വെള്ളിയാഴ്ച വരെയാണെങ്കിലും ബുധനാഴ്ച സഭ ചേരുമ്പോള്‍ നടപടി പിന്‍വലിക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍, മന്ത്രിമാരുടെ രാജിപ്രശ്നത്തില്‍ കടുത്ത നിലപാട് തുടരുന്ന കോണ്‍ഗ്രസും ബി.ജെ.പിയും വിട്ടുവീഴ്ചയുടെ സൂചന നല്‍കിയിട്ടില്ല. ആരോപണവിധേയരായ മന്ത്രിമാരുടെ രാജിയില്ലാതെ പിന്മാറില്ളെന്ന് പാര്‍ലമെന്റിന് മുന്നിലെ ധര്‍ണക്കിടെ സോണിയയും രാഹുലും ആവര്‍ത്തിച്ചു.
കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍, ജെ.ഡി.യു, സമാജ്വാദി പാര്‍ട്ടി, മുസ്ലിംലീഗ്, സി.പി.എം, സി.പി.ഐ, ആം ആദ്മി, എന്‍.സി.പി, ആര്.എസ്.പി, കേരള കോണ്‍ഗ്രസ് അംഗങ്ങളും സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ അസാന്നിധ്യത്തില്‍ ലോക്സഭ പ്രവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള രാജ്യസഭ പൂര്‍ണമായും മുടങ്ങി. ബഹളം മൂലം മൂന്നു തവണ സഭ നിര്‍ത്തിവെക്കേണ്ടിവന്നു.
അതിനിടെ, സസ്പെന്‍ഷനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. അഞ്ചു ദിവസത്തേക്ക് സഭാ ബഹിഷ്കരണം പ്രഖ്യാപിച്ച കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റ് മുറ്റത്ത് ഗാന്ധിപ്രതിമക്കു മുന്നില്‍ ധര്‍ണ നടത്തി. സോണിയ ഗാന്ധി, മന്മോഹന് സിങ്, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിന്‍െറ മകള്‍ സുപ്രിയ സുലെയും പങ്കെടുത്തു.
25 കോണ്‍ഗ്രസ് എം.പിമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടിയിലൂടെ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. വ്യാപം ക്രമക്കേട് മധ്യപ്രദേശിലെ പതിനായിരക്കണക്കിന് യുവാക്കളുടെ ജീവിതം തകര്‍ത്തുവെന്നും ലളിത് മോദിയെ സഹായിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിയമം ലംഘിച്ചുവെന്ന് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘മന് കീ ബാത്’ പ്രസംഗം പതിവാക്കിയ പ്രധാനമന്ത്രി ഇന്ത്യയുടെ ‘മന് കീ ബാത്’ കേള്‍ക്കാന്‍ ഒരിക്കലെങ്കിലും സന്നദ്ധനാകണമെന്നും രാഹുല്‍ പറഞ്ഞു.
സഭ നടത്തിക്കൊണ്ടുപോകേണ്ടത് സര്‍ക്കാറിന്‍െറ ചുമതലയാണെന്നും ഇപ്പോള്‍ അതുണ്ടാകുന്നില്ളെന്നും മന്മോഹന് സിങ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി ആസ്ഥാനത്തേക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ളവരുടെ വീട്ടിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു.
പ്രതിപക്ഷത്തിന്‍െറ സഭാ ബഹിഷ്കരണത്തെ തുടര്‍ന്ന്, വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചൊവ്വാഴ്ച നടക്കേണ്ട യോഗം 10ലേക്ക് മാറ്റി. ജി.എസ്.ടി ബില്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ സഹകരിക്കില്ളെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
