കലക്കം സമ്പൂര്‍ണം; ജി.എസ്.ടി ബില്ലും കട്ടപ്പുറത്ത്
text_fieldsന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് 25 പേരെ പുറത്താക്കിയതോടെ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ ബാക്കിയുള്ള രണ്ടാഴ്ചകള്‍ കൂടി കലങ്ങി. മോദി സര്‍ക്കാര്‍ അഭിമാനപ്രശ്നമായി എടുത്തിരുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിനു പുറമെ, അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനിരുന്ന ചരക്ക്-സേവന നികുതി ബില്ലും കട്ടപ്പുറത്തായി.
ഭൂമി ഏറ്റെടുക്കല്‍ ബില്‍ ജനവിരുദ്ധമാണെന്ന് സ്ഥാപിക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചതോടെ സര്‍ക്കാറിന് നിലപാടില്‍നിന്ന് പിന്മാറേണ്ടിവന്നിട്ടുണ്ട്. 2013ല്‍ കൊണ്ടുവന്ന ഭേദഗതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മിക്കവാറും തീരുമാനിച്ചിട്ടുമുണ്ട്. ബില്ലിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ അധ്യക്ഷന്‍ എസ്.എസ്. അഹ്ലുവാലിയ മൂന്നാംവട്ടവും അവധി നീട്ടിച്ചോദിച്ച് പ്രമേയം കൊണ്ടുവന്ന പശ്ചാത്തലം ഇതാണ്. പ്രതിപക്ഷം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാമെന്ന പിന്നാമ്പുറ ചര്‍ച്ചകളും ഇതിനൊപ്പം നടക്കുന്നുണ്ട്. എങ്കില്‍കൂടി രാജ്യസഭയില്‍ ബില്‍ അവതരണത്തിന് അവസരം കിട്ടാത്ത സ്ഥിതിയാണിപ്പോള്‍. ലോക്സഭയിലെ കൂട്ട ബഹിഷ്കരണത്തിനും മന്ത്രിമാരുടെ രാജി തേടിയുള്ള ബഹളത്തിനുമിടയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ സഹകരണം ഇക്കാര്യത്തില്‍ കിട്ടില്ല.
ഭൂമി ബില്‍ എന്നപോലെ ചരക്ക്-സേവന ബില്ലും ലോക്സഭ പാസാക്കിയതാണ്. സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ അത് പാസാക്കുന്നതിന് കഴിയാതെയാണ് കഴിഞ്ഞ സമ്മേളനത്തില്‍ സെലക്ട് കമ്മിറ്റിയുടെ പഠനത്തിന് വിട്ടത്. വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന് മിക്കവാറും വഴങ്ങി ജി.എസ്.ടി ബില്ലില്‍ വരുത്തിയ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍, പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്ത ചുറ്റുപാടാണ് സര്‍ക്കാര്‍ വരുത്തിവെച്ചിരിക്കുന്നത്.
ജി.എസ്.ടി ബില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ തീവ്രശ്രമം നടന്നത്. ഭരണഘടനാ ഭേദഗതിയായതിനാല്‍ പാര്‍ലമെന്‍റ് നിയമം പാസാക്കി പകുതിയില്‍ കൂടുതല്‍ സംസ്ഥാന നിയമസഭകളുടെ അംഗീകാരം നേടണം. നടപ്പു സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ പറ്റിയില്ളെങ്കില്‍ ഈ ലക്ഷ്യം നടപ്പാവില്ല. അടുത്തയാഴ്ചകൂടി വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം ഉണ്ടെങ്കിലും, ബില്‍ പാസാക്കാനുള്ള സമാധാനാന്തരീക്ഷം ഉണ്ടാകുന്ന ലക്ഷണമൊന്നുമില്ല.
അഭിമാനപ്രശ്നമായി കരുതിയിരുന്ന രണ്ടു ബില്ലുകള്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷമുണ്ടായിട്ടും അട്ടിമറിക്കപ്പെടുന്ന സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത ആഘാതമാണ്. പരിഷ്കരണ പ്രക്രിയക്ക് മോദിസര്‍ക്കാറിന് ആര്‍ജവമുണ്ടെന്നും തടസ്സങ്ങള്‍ തട്ടിമാറ്റി വ്യവസായികള്‍ക്ക് നിക്ഷേപാന്തരീക്ഷം ഒരുക്കുമെന്നും ആവര്‍ത്തിക്കുമ്പോഴാണ് സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റില്‍ കുടുങ്ങിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
