ഗജേന്ദ്ര ചൗഹാന്റെ നിയമനം; പരിഗണിച്ചത് യുധിഷ്ഠിര വേഷം
text_fieldsന്യൂഡല്‍ഹി: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനുള്ള യോഗ്യത മഹാഭാരത ടെലിവിഷന്‍ സീരിയലിലെ യുധിഷ്ഠിര വേഷം ആയിരുന്നുവെന്ന് വിവരാവകാശ രേഖ. ചൗഹാന്റെ ബയോഡാറ്റയില്‍ യുധിഷ്ഠിര വേഷത്തെ കുറിച്ച് പറയുന്ന ഒരൊറ്റ ഖണ്ഡിക മാത്രമാണ് നിയമനത്തിന് ആധാരമായി എന്‍.ഡി.എ സര്‍ക്കാര്‍ പരിഗണിച്ചതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്കിയ മറുപടിയില്‍ ആണ് ഉള്ളത്. ബി.ആര് ചോപ്രയുടെ സീരിയലില്‍ ആയിരുന്നു ചൗഹാന് യുധിഷ്ഠിരന് ആയി വേഷമിട്ടത്.
‘മഹാഭാരത ടെലിവിഷന്‍ പരമ്പരയിലെ പാണ്ഡവരിലെ മൂത്തവനായ യുധിഷ്ഠിരന്റെ വേഷത്തിന്റെ പേരില്‍ നടനെന്ന നിലയില്‍ പ്രശസ്തി നേടിയ ഗജേന്ദ്ര ചൗഹാന്. 150 സിനിമകളിലും 600ലേറെ ടി.വി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്’ ^ഈ ഖണ്ഡികയാണ് നിയമനത്തിനുള്ള യോഗ്യതയായി ആര്.ടി.ഐ അപേക്ഷക്കുള്ള മറുപടിയില്‍ പറയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് പദവിലേക്ക് ചൗഹാനെ തെരഞ്ഞെടുക്കുന്നതിന് അടിസ്ഥാനമാക്കിയ വിദ്യാഭ്യാസ^ തൊഴില്‍ യോഗ്യതകള്‍ എന്തൊക്കെയാണ് എന്നായിരുന്നു അപേക്ഷയിലെ ചോദ്യങ്ങളില്‍ ഒന്ന്.
അമിതാബ് ബച്ചന്, രജനീകാന്ത്,വിധു വിനോദ് ചോപ്ര,ജാനു ബറുവ,രാജു ഹിരാനി,ജയ ബച്ചന്, അടൂര്‍ ഗോപാല കൃഷ്ണന്,രമേശ് സിപ്പി,ഗോവിന്ദ് നിഹലാനി, ആമിര്‍ ഖാന് തുടങ്ങിയ പ്രമുഖര്‍ ഈ സ്ഥാനത്തേക്ക് നിര്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഈ ഒരൊറ്റ യോഗ്യതയുടെ പേരില്‍ ഇവരെയെല്ലാം തഴഞ്ഞാണ് ചൗഹാന്റെ നിയമനമെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ മറുപടി. വിവാദ നിയമനത്തിന് ആധാരമാക്കിയ മുഴു രേഖകളുടെ കോപ്പി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മന്ത്രാലയം അവ ലഭ്യമാക്കിയില്ല.
അതേമസയം, ചൗഹാന്റെ നിയമനത്തിനെതിരെ എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികളുടെ 40 ദിവസം പിന്നിട്ട സമരം ശക്തി പ്രാപിക്കുകയാണ്. അനുപം ഖേര്‍, ഋഷി കപൂര്‍,രണ്‍ബീര്‍ കപൂര്‍,സല്മാന് ഖാന് തുടങ്ങി ബോളിവുഡിലെ വന്‍നിര തന്നെയാണ് ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നത്. സമരത്തിന് പിന്തുണ നല്കി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവും എഫ്.ടി.ഐ.ഐ കാമ്പസ് സന്ദര്‍ശിച്ചു.
എന്നാല്‍, പ്രതിഷേധം കടുത്തിട്ടും ചൗഹാന്റെ നിയമനം റദ്ദാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ പഠിപ്പ് ബഹിഷ്കരിച്ച് സമരം തുടരുമെന്ന് വിദ്യാര്‍ഥി യൂണിയന് ആയ എഫ്.എസ്.എ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
