ധനരാജ് വധം: ആർ.എസ്.എസുകാരായ മൂന്നു പ്രതികൾക്കും ജീവപര്യന്തം, അഞ്ചു ലക്ഷം വീതം പിഴയും
text_fieldsതളിപ്പറമ്പ്: ഡി.വൈ.എഫ്.ഐ നേതാവ് പയ്യന്നൂർ രാമന്തളി കാരന്താട്ടിലെ ധനരാജ് (40) കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവ്. തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്താണ് വിധി പറഞ്ഞത്.
മൂന്നു പ്രതികളും അഞ്ചു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. പിഴത്തുക ധനരാജിന്‍റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ താഴത്തെ പുരയിൽ ബിജു (34), രണ്ടാം പ്രതി കക്കൻപാറ മാട്ടുക്കാരൻ ഹൗസിൽ വിപിൻ (34), ഇയാളുടെ സഹോദരൻ മൂന്നാംപ്രതി വൈശാഖ് (31) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ശിക്ഷാവിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു.
പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കൊലക്കുറ്റം, അതിക്രമിച്ചു കടക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, മാരകായുധം കൊണ്ട് പരിക്കേൽപിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. വിവിധ വകുപ്പുകളിലായി ആദ്യം അഞ്ച് വർഷവും നാലു മാസവും തടവ് ശിക്ഷ അനുഭവിക്കണം. അതിനുശേഷമാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവിൽ കഴിയുക.
ധനരാജിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 20 പ്രതികളുള്ള കേസിൽ 16 പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒരാൾ വിചാരണ കാലയളവിൽ കൊല്ലപ്പെട്ടു. 2016 ആഗസ്റ്റ് 11ന് രാത്രി ഒമ്പത് മണിയോടെ വീടിന്റെ മുന്നിൽ ഒരു സംഘം ആർ.എസ്. എസ്-ബി.ജെ.പി പ്രവർത്തകർ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് കൊല. 10 വർഷങ്ങൾക്ക് ശേഷം ആരംഭിച്ച വിചാരണ തുടർച്ചയായ ദിവസങ്ങളിൽ നടത്തി പൂർത്തിയാക്കിയാണ് തിങ്കളാഴ്‌ച കുറ്റക്കാരെ പ്രഖ്യാപിച്ചത്. കേസിൽ ആദ്യ മൂന്ന് പ്രതികളെ മാത്രം കുറ്റക്കാരായി കണ്ടെത്തുകയും ബാക്കിയുള്ള എല്ലാവരെയും സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുകയും ചെയ്തത് സി.പി.എമ്മിൽ വലിയ വിമർശനത്തിന് കാരണമായി. പ്രോസിക്യൂട്ടർ എന്ന നിലയിൽ ഈ ശിക്ഷാവിധിയിൽ പൂർണ സംതൃപ്തനാണെന്ന് സീനിയർ അഭിഭാഷകൻ സി.കെ. ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപ്പട്ടികയിലുണ്ടായിരുന്ന ചിറ്റടി ചത്തിയാടൻ ഹൗസിൽ സുകേഷ് (31), കക്കൻപാറ കല്ലറ വളപ്പിൽ പ്രജിത്ത് ലാൽ (31), രാമന്തളി കുനിച്ചേരി ഹൗസിൽ കെ. അനൂപ് (31), കക്കൻപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട് കണമേത്തിൽ വീട്ടിൽ ബിജു (44), വെള്ളൂർ കാരയിൽ തോട്ടേൻവീട്ടിൽ പി. രാജേഷ് കുമാർ (53), കക്കൻപാറ കുനിച്ചേരി ഹൗസിൽ കെ. മനൂപ് (32), രാമന്തളി മൊട്ടക്കുന്നിലെ ചൂരക്കാട് വീട്ടിൽ സി. ഷൈജു (31), കക്കൻപാറയിലെ കൊയോടൻ ഹൗസിലെ ധനേഷ് (39), മൊട്ടക്കുന്നിലെ പുതിയാമ്പറത്ത് ഹൗസിലെ പി.പി. രാജീവൻ (34), കക്കൻപാറ കുനിച്ചേരി ഹൗസിലെ മധു (42), നെയ്യാറ്റിൻകര നെയ്യാറിലെ എസ്.ആർ. അജേഷ് (38), കാസർക്കോട് ചെറുവത്തൂർ കുട്ട മ്മത്ത് മനിയേരി ഹൗസിലെ മനിയേരി തമ്പാൻ (58), വെള്ളൂർ കാരയിലെ തോട്ടേൻ ഹൗസിൽ രമേശൻ (50) മണൽ വാടാശേരി എടുക്കാടൻ ഹൗസിൽ എ.പി. നിജേഷ് (38), മൊട്ടക്കുന്ന് മാട്ടുക്കാരൻ ഹൗസിൽ ലിജിൻ (21) എന്നിവരെയാണ് വെറുതെ വിട്ടത്.

