‘ഈ തണലിൽ ആയിരുന്നു വളർന്നത്, ചേർത്തുപിടിക്കണം ഓരോ പ്രവർത്തകനും, ഒന്നും മറന്നു പോകരുത് നാം...’; കോൺഗ്രസ് പോരിൽ ഷാഫി പറമ്പിലിനെ പിന്തുണച്ച് കെ.എം. അഭിജിത്ത് എം.എൽ.എ
text_fieldsകോഴിക്കോട്: കോൺഗ്രസിലെ പോരിൽ ഷാഫി പറമ്പിൽ എം.പിയെ പിന്തുണച്ച് കെ.എം. അഭിജിത്ത് എം.എൽ.എ. ഈ തണലിൽ ആയിരുന്നു വളർന്നതെന്നും പാർട്ടിക്കുവേണ്ടി പോരാടിയതും ഈ കുടക്കീഴിൽ ഒന്നിച്ചായിരുന്നെന്നും അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഷാഫിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ഷാഫിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രശംസിച്ചും അഭിജിത്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. പാർട്ടി പ്രതിസന്ധിയിലായിരുന്ന കാലത്തെല്ലാം കേരളത്തിലുടനീളം ഓടിനടന്നു, ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയത് ഷാഫിയാണ്. കേരളത്തിലെ ഏറ്റവും മികച്ച യുവജന നേതാവ് ആരെന്ന ചോദ്യത്തിന് യുവജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള പേരാണ് ഷാഫി. 2011ൽ പാലക്കാട് നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ ആര് എന്ന ചോദ്യത്തിന് ഷാഫി പറമ്പിലെന്ന മറുപടി മാത്രമായിരുന്നു ഉത്തരം. ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങളും ആ ചെറുപ്പക്കാരന്റെ പിന്നിൽ അണിനിരന്നു, മലയാളികൾ ആവേശത്തോടെയും ആരാധനയോടെയും നോക്കി കണ്ടിരുന്ന പലരും പലകുറി തെരഞ്ഞെടുപ്പുകളിൽ ആ പോരാട്ട വീര്യത്തിനു മുന്നിൽ ഇടറി വീണെന്നും കുറിപ്പിൽ പ്രശംസിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണ പ്രവർത്തനങ്ങളുടെ ചുക്കാൻ ഈ കൈകളിലായിരുന്നു. ഓടിയെത്താത്ത മണ്ഡലങ്ങൾ ഇല്ല. പ്രസംഗിച്ച വേദികൾക്ക് കണക്കുകളില്ല. കയറിയിറങ്ങിയ വീടുകൾക്ക് എണ്ണമില്ല. ആ വാക്കുകൾക്ക് ജനം കാതോർത്തു, പത്തുവർഷക്കാലത്തെ ഭരണത്തിന്റെ പോരായ്മകൾ ജനങ്ങളെ ബോധ്യപ്പെടുത്തി. ജനം അംഗീകരിച്ചു.. 102 സീറ്റുകളാണ് മലയാളികൾ ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത് -അഭിജിത് കുറിപ്പിൽ പറയുന്നു.
എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവർത്തകനും ആരുടെ മുന്നിലും നെഞ്ചുയർത്തിപിടിച്ചു അഭിമാനത്തോടെ പറയാൻ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന ഒരു യുവ നേതാവ്.. ചേർത്തുപിടിക്കുന്നുണ്ട് ഓരോ മലയാളിയും ഷാഫിയെന്ന യുവ നേതാവിനെ, ചേർത്തുപിടിക്കണം ഓരോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനും... വ്യക്തി താൽപര്യങ്ങൾക്കപ്പുറം പാർട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനെ.
ഒന്നു മറന്നു പോകരുത് നാമെന്നും കുറിപ്പിലുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ‘എ’ വിട്ട് കെ.സിയുടെ തട്ടകത്തിലേക്ക് കുടിയേറിയ ഷാഫി പറമ്പിൽ ബോർഡ്, കോർപറേഷൻ വിഭജനത്തിലെ അതൃപ്തി അറിയിക്കാൻ വീണ്ടും ‘എ’ ഗ്രൂപ്പ് വേഷത്തിൽ ഡൽഹിയിലെത്തിയതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതാണ് പുതിയ പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. പിന്നാലെ ഉണ്ണിത്താന്റെ പരാമർശങ്ങളെ പിന്തുണച്ച് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിലും രംഗത്തെത്തി. പരസ്യ വിമർശനങ്ങൾ ഒഴിവാക്കാൻ കെ.പി.സി.സിയും ഹൈകമാൻഡും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഈ തണലിൽ ആയിരുന്നു വളർന്നത്,
പാർട്ടിക്കുവേണ്ടി പോരാടിയതും ഈ കുടക്കീഴിൽ ഒന്നിച്ചായിരുന്നു.
വിദ്യാർത്ഥി കാലം മുതലേ പാർട്ടിക്കുവേണ്ടി പോരാടിയവൻ,
ആത്മാർത്ഥതയും സേവന സന്നദ്ധതയും സംഘാടന മികവും ഒത്തുചേർന്നപ്പോൾ യൂണിറ്റ്, മണ്ഡലം, ജില്ലാ,സംസ്ഥാന,ദേശീയ പദവികൾ ഒന്നൊന്നായി വന്നുചേർന്നു.. ഒന്നും ചോദിച്ചു വാങ്ങിയില്ല, പ്രവർത്തകർ-നേതാക്കൾ ആവേശത്തോടെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ.. ചങ്കുറപ്പോടെ പ്രവർത്തിച്ചപ്പോൾ കേരളം ആ ശബ്ദത്തിന് കാതോർത്തു.. കേരള യുവജനത ആ പേര് ഒന്നിച്ച് ഏറ്റു വിളിച്ചു 'ഷാഫി പറമ്പിൽ'.!
2011 ൽ പാലക്കാട് നിയോജകമണ്ഡലം തിരിച്ചു പിടിക്കാൻ ആര് എന്ന ചോദ്യത്തിന് ഷാഫി പറമ്പിലെന്ന മറുപടി മാത്രമായിരുന്നു ഉത്തരം. ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങളും ആ ചെറുപ്പക്കാരന്റെ പിന്നിൽ അണിനിരന്നു, മലയാളികൾ ആവേശത്തോടെയും,ആരാധനയോടെയും നോക്കി കണ്ടിരുന്ന പലരും പലകുറി തെരഞ്ഞെടുപ്പുകളിൽ ആ പോരാട്ട വീര്യത്തിനു മുന്നിൽ ഇടറി വീണു..
പാർട്ടി പ്രതിസന്ധിയിലാ യിരുന്ന കാലത്തെല്ലാം കേരളത്തിലുടനീളം ഓടിനടന്നു, ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റി.
കേരളത്തിലെ ഏറ്റവും മികച്ച യുവജന നേതാവ് ആരെന്ന ചോദ്യത്തിന് യുവജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള പേരായി ആ പേര് മാറി..
ഇന്ത്യാ രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജീവൻ മരണ പോരാട്ടത്തിൽ പാർട്ടിയൊരു പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചു, സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അപ്പുറം പാർട്ടിയെ മനസ്സാ അംഗീകരിച്ചു.. ജനം ചേർത്ത് പിടിച്ചു, റെക്കോർഡ് ഭൂരിപക്ഷത്തോടെ വടകരയിൽ നിന്നും ഡൽഹിയിലേക്ക്..
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണ പ്രവർത്തനങ്ങളുടെ ചുക്കാൻ ഈ കൈകളിലായിരുന്നു.. ഓടിയെത്താത്ത മണ്ഡലങ്ങൾ ഇല്ല.. പ്രസംഗിച്ച വേദികൾക്ക് കണക്കുകളില്ല.. കയറിയിറങ്ങിയ വീടുകൾക്ക് എണ്ണമില്ല.. ആ വാക്കുകൾക്ക് ജനം കാതോർത്തു, പത്തുവർഷക്കാലത്തെ ഭരണത്തിന്റെ പോരായ്മകൾ ജനങ്ങളെ ബോധ്യപ്പെടുത്തി. ജനം അംഗീകരിച്ചു.. 102 സീറ്റുകളാണ് മലയാളികൾ ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്..
നാദാപുരം മണ്ഡലം ഉൾപ്പെടെ ആ നൂറ്റിരണ്ടോട് ചേർന്നു നിൽക്കുമ്പോൾ അതിൽ ഷാഫി പറമ്പിലിന്റെ പങ്ക് ചെറുതായിരുന്നില്ല.
മത്സരിച്ച പൊതു തെരഞ്ഞെടുപ്പുകളിൽ എല്ലാം മിന്നുന്ന ജയം.. ആ ജനപ്രീതിക്ക് മുമ്പിൽ ഇടറി വീണത് പ്രമുഖർ.. ഒരിക്കൽ താൻ വിജയിച്ച സീറ്റ് പിന്നീട് പാർട്ടിക്കെന്നും ജയിക്കാവുന്ന സീറ്റ് ആക്കി മാറ്റാൻ കഴിയുന്ന യുവനേതാവ്..
എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവർത്തകനും ആരുടെ മുന്നിലും നെഞ്ചുയർത്തിപിടിച്ചു അഭിമാനത്തോടെ പറയാൻ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന ഒരു യുവ നേതാവ്..
ചേർത്തുപിടിക്കുന്നുണ്ട് ഓരോ മലയാളിയും ഷാഫിയെന്ന യുവ നേതാവിനെ, ചേർത്തുപിടിക്കണം ഓരോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനും...
വ്യക്തി താൽപര്യങ്ങൾക്കപ്പുറം പാർട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനെ.
ഒന്നു മറന്നു പോകരുത് നാം..
ഈ നാട് പ്രതീക്ഷയോടുകൂടി ഏൽപ്പിച്ച 102 എന്ന നമ്പർ. പത്തുവർഷത്തെ ദുരിത കാലത്തിനപ്പുറം ഈ നാട് മുന്നേറ്റത്തിന്റെ പാതയിലാണ്.. വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി നമ്മെ സ്നേഹിച്ച, അംഗീകരിച്ച പൊതുജനത്തെ വെറുപ്പിക്കരുത്,പ്ലീസ്... ഇത് ഓരോ സാധാരണ പ്രവർത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണ്..

