ഫ്രാൻസിനെ വിറപ്പിച്ച് വിദ്യാർഥി സമരം: നൂറുകണക്കിന് സ്കൂളുകൾ ഉപരോധിച്ചു; രാജ്യത്ത് സംഘർഷം രൂക്ഷം
text_fieldsപാരീസ്: സ്കൂൾ ഫണ്ടിങ് വർധിപ്പിക്കുക, ക്ലാസ് മുറികളിലെ തിരക്ക് ഒഴിവാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ വിദ്യാർഥികൾ നടത്തിവരുന്ന പ്രക്ഷോഭം കൂടുതൽ രൂക്ഷമായി. രാജ്യവ്യാപകമായി നൂറുകണക്കിന് ഹൈസ്കൂളുകൾ ഉപരോധിച്ച വിദ്യാർഥികളും പൊലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ആഴ്ചകളായി തുടരുന്ന ഈ സമരം ഫ്രഞ്ച് സർക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
പ്രക്ഷോഭം ആരംഭിച്ചതുമുതൽ ഇതുവരെ 215 വിദ്യാർഥികൾക്കും 715 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഫ്രഞ്ച് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 5,060 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 87 ശതമാനവും പ്രായപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയാകാത്ത 1,483 പേർ ഉൾപ്പെടെ 1,800-ലധികം ആളുകളുടെ മേൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ പ്രക്ഷോഭം മൂർച്ഛിച്ചതിനെ തുടർന്ന്, രാജ്യത്തുടനീളമുള്ള ഹൈസ്കൂൾ ക്ലാസുകൾ ഈ ആഴ്ച അവസാനം വരെ താൽക്കാലികമായി നിർത്തിവെച്ചതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെ പാരീസ് മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ചുരുങ്ങിയ സമയംകൊണ്ട് ഫ്രാൻസിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും പടരുകയായിരുന്നു. ഇത് വ്യാപകമായ സ്കൂൾ അടച്ചുപൂട്ടലുകൾക്കും അക്രമസംഭവങ്ങൾക്കും കാരണമായി. പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും പ്രത്യേക ആയുധങ്ങളും പ്രയോഗിച്ചപ്പോൾ, അധികൃതർ ഇതിനെ 'നഗരങ്ങളിലെ അക്രമം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, പൊലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്ന് യൂണിയനുകളും മനുഷ്യാവകാശ സംഘടനകളും ശക്തമായി ആരോപിക്കുന്നുണ്ട്.
വടക്കൻ ഫ്രാൻസിലെ ലെൻസിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 15 കാരനായ വിദ്യാർഥിക്ക് കൈ നഷ്ടപ്പെട്ടതും, പാരീസിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ഹൈസ്കൂളിന് തീയിട്ടതും സമരത്തിന് തീവ്രത കൂട്ടി. അതേസമയം വിദ്യാർഥികളും പൊലീസും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ രക്ഷിതാക്കളും യൂണിയൻ പ്രവർത്തകരും വെളുത്ത ആംബാൻഡുകൾ ധരിച്ച് 'ബഫർ സോൺ' രൂപീകരിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.
തകർന്നുവീഴുന്ന ക്ലാസ് മുറികൾ, ഫർണിച്ചറുകളുടെ കുറവ്, അധ്യാപകരുടെ അപര്യാപ്തത, താങ്ങാനാവാത്ത ജോലിഭാരം, വേനൽക്കാലത്തെ അസഹനീയമായ ചൂട്, എലി ശല്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിദ്യാർഥികൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന ഈ പ്രക്ഷോഭം ഫ്രഞ്ച് രാഷ്ട്രീയ രംഗത്ത് വൻ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

