ഭീകരം, ശേഷം അതിഭീകരം; സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽ നൂറ്റാണ്ട്
text_fieldsരണ്ടായിരത്തിയൊന്ന് സെപ്റ്റംബർ 11ന് രാവിലെ 8.46ന് ന്യൂയോർക്ക് നഗരത്തിന് മുകളിൽ വെച്ച് ലോകം കീഴ്മേൽ മറിഞ്ഞിട്ട് കാൽ നൂറ്റാണ്ട്. അമേരിക്കയുടെയും ലോകത്തിന്റെ തന്നെയും വാണിജ്യ തലസ്ഥാനമായ ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറിലേക്ക്, ബോസ്റ്റണിൽനിന്ന് ലോസ് ആഞ്ജലസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11 വിമാനം ഭീകരർ തട്ടിയെടുത്ത് ഇടിച്ചുകയറ്റി.
110 നിലകളുള്ള ഗോപുരത്തിന്റെ 93 മുതൽ 99 വരെയുള്ള നിലകൾ നിമിഷങ്ങൾക്കകം അഗ്നിനാവുകൾ വിഴുങ്ങി. വെറും 17 മിനിറ്റിനുശേഷം യുനൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 തെക്കേ ടവറിന്റെ 77 മുതൽ 85 വരെയുള്ള നിലകളിലേക്ക് ഇടിച്ചുകയറി. ടെലിവിഷൻ കാമറകൾക്കു മുന്നിൽ രണ്ടാമത്തെ വിമാനം തീയായി പൊട്ടിത്തെറിച്ചതോടെ സംശയത്തിന്റെ മറ നീങ്ങി—അമേരിക്ക ആക്രമിക്കപ്പെടുന്നു ! 9.37ന് അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77 തലസ്ഥാനമായ വാഷിങ്ടണിനടുത്തുള്ള പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചുകയറി. തട്ടിക്കൊണ്ടുപോയ നാലാമത്തെ വിമാനമായ യുനൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93-ലെ യാത്രക്കാർ ഭീകരരെ നേരിട്ടു. അവരുടെ ചെറുത്തുനിൽപ്പിനിടെ വിമാനം പെൻസിൽവേനിയയിലെ ഷാങ്ക്സ്വില്ലിൽ തകർന്നുവീണു. രാവിലെ 9.59ന് തെക്കേ ടവറും 10.28ന് വടക്കേ ടവറും തകർന്നുവീണു. ഇരുമ്പും കോൺക്രീറ്റും മനുഷ്യജീവിതങ്ങളും ചേർന്ന ആ അവശിഷ്ടഭൂമി പിന്നീട് ‘ഗ്രൗണ്ട് സീറോ’യായി അറിയപ്പെട്ടു. 19 അൽഖാഇദ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ, അക്രമികളും 2,977 നിരപരാധികളും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ആസൂത്രകനായി അൽഖാഇദ തലവൻ ഉസാമ ബിൻ ലാദനെ അമേരിക്ക പ്രഖ്യാപിച്ചു. താലിബാൻ ഭരണകൂടം അഭയം നൽകിയ ലാദനെ 2011 മേയ് രണ്ടിന് പാകിസ്താനിലെ അബോട്ടാബാദിൽ വെച്ച് അമേരിക്കൻ സേന വധിച്ചു.
ആ ദുരന്തത്തിന്റെ മുറിവുകൾ ഇന്നും മനുഷ്യസ്മൃതിയിൽ ചോരയൊലിപ്പിക്കുന്നു. എന്നാൽ ആ ചാരക്കൂമ്പാരത്തിനുമുകളിൽ അമേരിക്ക പണിതുയർത്തിയത് സമാധാനത്തിന്റെ സ്മാരകമല്ല; അവസാനമില്ലാത്ത യുദ്ധങ്ങളുടെ സാമ്രാജ്യമായിരുന്നു. ‘ഭീകരവിരുദ്ധ പോരാട്ടം’ എന്ന പേരിൽ അഫ്ഗാനിസ്താന്റെയും ഇറാഖിന്റെയും ആകാശങ്ങളിൽ ബോംബുകൾ മഴയായി. നിരപരാധികളുടെ നിലവിളികൾ ദേശീയസുരക്ഷയുടെ മുദ്രാവാക്യങ്ങളിൽ മുങ്ങിപ്പോയി. ഇസ്ലാമോഫോബിയയുടെ ഒരു പുതിയ ലോകക്രമത്തിനുകൂടിയാണ് ‘ഭീകരവിരുദ്ധ’ പോരാട്ടം തുടക്കമിട്ടത്. അതിപ്പോൾ, ലോകമെമ്പാടും മുസ്ലിം വിരുദ്ധ തീവ്രവലതുപക്ഷ ഭരണക്രമത്തിന് അടിത്തറപാകിയിരിക്കുന്നു.
‘വാർ ഓൺ ടെറർ’; മാനുഷിക ദുരന്തത്തിന്റെ കണക്കുകൾ
ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ദിവസമായി 2001 സെപ്റ്റംബർ 11 നെ അടയാളപ്പെടുത്തുമെന്നതിൽ സംശയമില്ല. ‘വാർ ഓൺ ടെറർ’ എന്നറിയപ്പെട്ട, ഇന്നും അവസാനിക്കാത്ത ദീർഘമായ ഒരു യുദ്ധകാലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു അന്ന്. ആദ്യം അഫ്ഗാനിസ്ഥാനിൽ ആരംഭിച്ച ഈ യുദ്ധം പിന്നീട് ഇറാഖ്, പാകിസ്താൻ, സിറിയ, യെമൻ, സൊമാലിയ, ലിബിയ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഭീകരവാദത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക നടപടികൾ 25 വർഷം പിന്നിടുമ്പോൾ, അതുമൂലമുണ്ടായ യഥാർഥ ‘മാനുഷിക ദുരന്തം’ എത്രയാണ് എന്ന ചോദ്യം ഉയരുന്നുണ്ട്.
മാനുഷിക നഷ്ടം
യുദ്ധങ്ങളിലെ ആകെ മരണം 45 -47 ലക്ഷം
യുദ്ധങ്ങളിലെ നേരിട്ടുള്ള മരണം 9.05-9.40 ലക്ഷം വരെ
യുദ്ധത്തിൽ നേരിട്ടല്ലാതെ മരിച്ചവർ 36-38 ലക്ഷം വരെ
അഫ്ഗാൻ യുദ്ധം (2001-2021) കൊല്ലപ്പെട്ടവർ: 1.76 ലക്ഷം
ഇറാഖ് (2003 - 2011) കൊല്ലപ്പെട്ടവർ: 3 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

