Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ആക്രമണം രൂക്ഷമാക്കി യു.എസ്; ആണവനിലയവും തുറമുഖ നഗരങ്ങളും ലക്ഷ്യമിട്ടു; 14 മരണം

text_fields
bookmark_border
പ്രത്യാക്രമണവുമായി ഇറാൻ
US Iran War
cancel

തെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ സമ്പൂർണമായും റദ്ദാക്കി തുടർച്ചയായി രണ്ടാം ദിവസവും ഇറാനിൽ യു.എസിന്റെ ശക്തമായ വ്യോമാക്രമണം. 24 മണിക്കൂറിനിടെ, ആണവ നിലയമുൾപ്പെടെ ഇറാനിലെ 170ലധികം കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 14 പേർ കൊല്ലപ്പെട്ടു.

നൂറോളം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഐ.ആർ.ജി.സി ഉദ്യോഗസ്‍ഥരും ഉൾപ്പെടും. മറുവശത്ത്, ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ബഹ്റൈനും കുവൈത്തും ഖത്തറും ജോർഡനും നടുങ്ങി.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് ബ്രിട്ടീഷ് കപ്പലുകൾക്കുനേരെ ഹുർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായതോടെയാണ് ഇടവേളക്കുശേഷം മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയത്. ഹുർമുസ് സംഭവത്തിനുപിന്നാലെ യു.എസ് ഇറാനുനേരെ വ്യോമാക്രമണം ആരംഭിക്കുകയായിരുന്നു. പ്രത്യാക്രമണമെന്നോണം, ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാനും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. തുടർന്ന്, വെടിനിർത്തൽ അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധ നിഴലിലായി.

വ്യാഴാഴ്ച പുലർച്ചെ ഇറാനിലെ 90ലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. തുറമുഖ നഗരമായ ബൂശഹറിലെ ആണവനിലയമായിരുന്നു യു.എസിന്റെ ലക്ഷ്യകേന്ദ്രങ്ങളിലൊന്ന്. ഇവിടെ വ്യോമാക്രമണമുണ്ടായെങ്കിലും നിലയം സുരക്ഷിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യക്കുകൂടി നിയന്ത്രണമുള്ള ചാബഹാർ തുറമുഖത്തും തന്ത്രപ്രധാനമായ ബന്ദർ അബ്ബാസിലും സിരിക്കിലും യു.എസ് വ്യോമാക്രമണമുണ്ടായി. വരുംദിവസങ്ങളിലും ആക്രമണം തുടരുമെന്ന സൂചനയാണ് പെന്റഗൺ വൃത്തങ്ങൾ നൽകുന്നത്. ഗൾഫ് രാജ്യങ്ങൾക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളിൽ വലിയ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സംഭവം മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സമാധാന ചർച്ചയിൽ മധ്യസ്ഥ സ്ഥാനത്തുള്ള ഖത്തറിനുനേരെയും ഇത്തവണ ഇറാൻ ആക്രമണമുണ്ടായി എന്നത് സമഗ്ര സമാധാന കരാറിനെ അനിശ്ചിതത്വത്തിലാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്ത ദിവസം, കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്കം മശ്ഹദിൽ നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ. യു.എസ് ആക്രമണം ചടങ്ങിനെ ബാധിക്കില്ലെന്നാണ് ഇറാൻ അധികൃതർ പറയുന്നത്.

എന്നാൽ, തെഹ്റാനിൽനിന്ന് മശ്ഹദിലേക്കുള്ള പ്രധാനപാത ലക്ഷ്യമാക്കി വ്യാഴാഴ്ച യു.എസിന്റെ ആക്രമണമുണ്ടായിരുന്നു. ഇതേത്തുടർന്ന്, ഇതുവഴിയുള്ള ട്രെയിനുകൾ റദ്ദാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US intensifies Iran attack; targets nuclear site, port cities
Next Story