യു.എസ്-ഇറാൻ ചർച്ചകൾ ‘പോസിറ്റീവ്’; അടുത്തഘട്ടം ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം
text_fieldsയു.എസ്-ഇറാൻ
ദോഹ: യു.എസും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി ഖത്തറും പാകിസ്താനും സംയുക്തമായി നടത്തിയ മധ്യസ്ഥ ചർച്ചകൾ സമാപിച്ചു. ദോഹയിൽ വെച്ച് നടന്ന കൂടിക്കാഴ്ചകളിൽ 14 ഇന ധാരണാപത്രത്തിലെ വിഷയങ്ങളിൽ അനുകൂലമായ പുരോഗതികൾ ഉണ്ടായതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
ലേക്ക് ലൂസേൺ ഉച്ചകോടിയിലെ തീരുമാനങ്ങൾ മുൻനിർത്തിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ മാജിദ് അൽ അൻസാരിയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടുദിവസം നീണ്ടുനിന്ന ചർച്ചകളിൽ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, ഇറാനുമായുള്ള മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകൊടുക്കൽ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ അതിന് ശേഷം മാത്രമേ അടുത്തഘട്ട ചർച്ചകൾ നടക്കുകയുള്ളൂ എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 4 മുതൽ 9 വരെയാണ് യു.എസ്- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.
ഇതിനിടെ ഇറാനുമായുള്ള ആണവ വിഷയത്തിൽ പുരോഗതിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ചർച്ചകളിൽ ആണവ പദ്ധതികൾ ഉൾപ്പെട്ടിരുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അറിയിച്ചു.
അതേസമയം, ചർച്ചകളിൽ അമേരിക്കക്കെതിരെ ശക്തമായ നിലപാടുമായി ഇറാൻ രംഗത്തെത്തി. മുമ്പ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കസേം ഗരീബാബാദി ചൂണ്ടിക്കാട്ടി.
ഇറാന്റെ മരവിപ്പിക്കപ്പെട്ട 6 ബില്യൺ ഡോളറിൽ നിന്ന് ഒരു ഭാഗം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഖത്തർ ഉദ്യോഗസ്ഥരുമായി നടത്തിയെന്ന് ഗരീബാബാദി പറഞ്ഞു. ഇറാനിലെ ആവശ്യങ്ങൾ മുൻനിർത്തി, അടിയന്തരമായി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും അവ ലഭ്യമാക്കാനും യോഗത്തിൽ ധാരണയായതായി അദ്ദേഹം അറിയിച്ചു
ആഗോള ഇന്ധന വിപണിയിൽ നിർണായകമായ ഹുർമുസ് കടലിടുക്കിലെ ഗതാഗതം പുനസ്ഥാപിക്കാനാണ് ഇടക്കാല കരാർ ലക്ഷ്യമിടുന്നത്. ഗതാഗതം ഭാഗികമായി പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ വാരാന്ത്യത്തിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരുന്നു. ആഗസ്റ്റ് മധ്യത്തോടെ ഹുർമുസ് കടലിടുക്കിൽ ടോൾ പിരിക്കാൻ ഇറാൻ തീരുമാനിച്ചിട്ടുണ്ട്.
ചർച്ചകൾ അവസാനിച്ചതിന് പിന്നാലെ വന്ന ട്രംപിന്റെ അനുകൂല പ്രസ്താവനകളെ തുടർന്ന് എണ്ണവില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യയിലെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫും മരുമകനായ ജാരദ് കുഷ്നറുമാണ് ദോഹയിലെത്തിയത്. ഇറാനിൽ നിന്നും വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

