യുദ്ധമോ സമാധാനമോ? ഇറാനുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ട്രംപ്; യു.എസ് സംഘം പാകിസ്താനിലേക്ക്
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം പരിഹരിക്കുന്നതിനായി ഇറാന്റെ ഉന്നത നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ താൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രശ്നപരിഹാരത്തിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ജാരെദ് കുഷ്നർ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെ ട്രംപ് പാകിസ്താനിലേക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെ സംഘം ഇസ്ലാമാബാദിൽ എത്തുമെന്നും ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മേഖലയിൽ താൽക്കാലികമായി നിലനിൽക്കുന്ന വെടിനിർത്തൽ നീട്ടുക എന്നതിലുപരി ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കുക എന്നതാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യം. ‘അവർ ആണവായുധങ്ങൾ ഉപേക്ഷിക്കണം, അത് വളരെ ലളിതമായ കാര്യമാണ്. ഇറാനെ ഒരു ആണവായുധ രാജ്യമാകാൻ അനുവദിക്കില്ല’ ട്രംപ് ആവർത്തിച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ ഭവിഷ്യത്ത് വളരെ ഭീകരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വിശ്വാസവഞ്ചനയും ഹുർമുസ് കടലിടുക്കിലെ ഉപരോധവും ചൂണ്ടിക്കാട്ടി രണ്ടാംഘട്ട ചർച്ചകൾക്ക് തത്കാലം പദ്ധതിയില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാന്റെ ഈ നിലപാട് വെറും രാഷ്ട്രീയ തന്ത്രമാണെന്നും ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും കരസേനാ മേധാവി ആസിം മുനീറിന്റെയും നേതൃത്വത്തിൽ അതീവ സുരക്ഷാ മേഖലയായ റെഡ് സോണിലാണ് ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത്. ഏപ്രിൽ 11-12 തിയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, ഇപ്പോൾ നടക്കുന്ന നീക്കങ്ങളെ ആഗോള സമൂഹം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിലവിലെ വെടിനിർത്തൽ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ, ഇസ്ലാമാബാദിലെ ഈ ചർച്ചകൾ പരാജയപ്പെട്ടാൽ മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധത്തിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

