കറുപ്പിനോടിനിയും വെറുപ്പോ? മരിച്ച നിതിനെ യാത്രയാക്കാൻ പോലും സുഹൃത്തുക്കൾ തയാറാവാത്തത് ഭീകരം -ആർ.എൽ.വി രാമകൃഷ്ണൻ
text_fieldsആർ.എൽ.വി രാമകൃഷ്ണൻ, നിതിൻ രാജ്
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെ തുടർന്ന് കലാകാരൻ ആർ.എൽ.വി രാമകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. നിതിന്റെ മരണവാർത്ത നൽകുന്ന ആഘാതത്തോടൊപ്പം സ്വന്തം ജീവിതത്തിൽ താൻ നേരിട്ട ജാതീയവും വർണ്ണപരവുമായ അധിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം ഈ കുറിപ്പിൽ തുറന്നെഴുതുന്നു. കറുപ്പിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ ഒരു മനുഷ്യനെ എത്രത്തോളം ക്രൂരമായി സമൂഹം മാറ്റിനിർത്തുന്നു എന്നതിന്റെ നേർചിത്രമാണ് ഈ കുറിപ്പ്. നൃത്തവേദികളിൽ അവസരം നിഷേധിക്കപ്പെട്ടതും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും നേരിടേണ്ടി വന്ന അവജ്ഞകളും തന്നെയും ഒരിക്കൽ ആത്മഹത്യയുടെ വക്കിലെത്തിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
അക്കാദമിക് മികവുണ്ടായിട്ടും സംവരണത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്ന എസ്.സി/എസ്.ടി വിഭാഗക്കാരായ വിദ്യാർഥികളുടെ മാനസിക സംഘർഷവും ആർ.എൽ.വി രാമകൃഷ്ണൻ ഇതിൽ പങ്കുവെക്കുന്നുണ്ട്. മരിച്ചു കിടക്കുന്ന നിതിനെ യാത്രയാക്കാൻ പോലും കൂട്ടുകാർ മടിക്കുന്ന ഭീകരമായ അവസ്ഥയെ അദ്ദേഹം അപലപിക്കുന്നു. അയ്യങ്കാളിയും അംബേദ്കറും നൽകുന്ന പ്രചോദനമുൾക്കൊണ്ട് മുന്നേറാൻ ശ്രമിക്കുമ്പോഴും വംശഹത്യക്ക് തുല്യമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വരുന്നത്. സംവരണം ഇല്ലായിരുന്നെങ്കിൽ ഈ ജനതയെ പുഴുത്ത പട്ടിയെപ്പോലെ സമൂഹം കണക്കാക്കുമായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
കറുപ്പിനോടിനിയും വെറുപ്പോ....
കൊച്ചനുജൻ നിധിന്റെ മരണ വാർത്ത..... അവന്റെ മുറിപ്പാടുകളോടുള്ള മൃതദേഹത്തിനരികിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ചങ്ക് പ്പൊട്ടുന്ന വേദനകൾ..വയ്യ.... കാണാൻ വയ്യ
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും മനസ്സ് കുത്തി നീറുന്ന വേദനയിൽ മനസ്സ് വഴിമാറി പോകുന്ന ഒരു ദുർബല നിമിഷം... അത് എനിക്കും ഉണ്ടായിട്ടുണ്ട്... ഒറ്റപ്പെടുന്നതിന്റെ... കളിയാക്കലിന്റെ വേദനകൾ.. ഞങ്ങളെ വംശ / വ്യക്തി ഹത്യ ചെയ്യുന്ന തരത്തിൽ ഞങ്ങളുടെ കറുപ്പിനെയും ചുരുണ്ട മുടിയെയും തടിച്ച ശരീരത്തോടും കാണിക്കുന്ന അവജ്ഞകൾ....
കേവലം ഒരു നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചപ്പോൾ വാശിയോടെ ഉന്നത വിദ്യാഭ്യാസം നേടി കൊണ്ട് ക്ലാസിക്കൽ കലയിൽ രംഗ പ്രയോക്താവായി നിലകൊണ്ടപ്പോഴും, നിർബാധം തുടുരുന്ന കളിയാക്കലുകളും ഒഴിവാക്കുകളും കൊണ്ട് ഈ ലോകത്ത് താൻ പഠിച്ച സർട്ടിഫിക്കറ്റു കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് തോന്നിയപ്പോൾ ഭ്രാന്തമായ ഒരു നിമിഷത്തിൽ ഞാനും ഒരിക്കൽ ആഗ്രഹിച്ചതാണ്.... തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന അവസ്ഥയെ!!!
കളിയാക്കലുകൾ നേരിടുമ്പോൾ ഉണ്ടാക്കുന്ന അവസ്ഥ വിവരിക്കാവുന്നതിനപ്പുറത്താണ്..കണ്ണിലേക്ക് ഇരുട്ട് കയറി, ചെവിയൊക്കെ കൊട്ടിയടച്ച് കണ്ണിൽ നിന്നും ചൂട് ആവി പറക്കുന്ന ഒരു തരം പനിച്ച അവസ്ഥ പലവട്ടം അനുഭവിച്ചിട്ടുണ്ട്.....ആ വേദന ഭീകരമാണ്... ചിലപ്പോൾ ആരുമി ല്ലാത്ത ഒരിടത്തിരുന്ന് ഉറക്കെ കരയാൻതോന്നും... ചിലപ്പോൾ ഒന്നും മിണ്ടാതെ തളർന്നിരിക്കാൻ തോന്നും...
പ്രിയപ്പെട്ട നിധിനും ഇത്തരം മാനസിക വിഭ്രാന്തിയിലൂടെ അതുമല്ലെങ്കിൽ അതിനപ്പുറത്തേക്ക് കടന്നുപോയിട്ടുണ്ടാവും തീർച്ച.... കേവലം കലാ രംഗത്ത് പ്രവർത്തിക്കുന്ന എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന എന്റെ സമുദായത്തിലെ പ്രിയ കൊച്ചനുജന്മാരുടെയും അനുജത്തിമാരുടെയും കഥ പറയേണ്ടതുണ്ടോ....അങ്ങനെ പലരുടെയും കഥകൾ കേട്ടിട്ടുണ്ട്.
മഹാത്മാ അയ്യങ്കാളിയെയും, ഡോ.അംബേദ്ക്കറെയും ഒക്കെ പഠിക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഉണ്ടാകുന്ന പ്രചോദനം വളരെ വലുതാണ്... തങ്ങളുടെ സമുദായത്തിൽ രണ്ട് ബി.എ ക്കാരെങ്കിലും വേണമെന്ന മഹാത്മ അയ്യങ്കാളിയുടെ വാക്കുകൾ ഉൾക്കൊണ്ട് പഠിക്കാനിറങ്ങുമ്പോൾ നേരിടേണ്ടി വരുന്നത് ജാതി വർണ്ണ വെറികളാൽ ഉച്ച നീചത്വങ്ങൾ ഉള്ളിൽ പേറുന്നവരെയാണ്..
അവരെ നേരിടുക എന്നത് വലിയ മാനസിക സംഘർഷങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നയിക്കും തീർച്ച... പിന്നെ ഞങ്ങൾ പ്രശ്നക്കാരനായി... അവരുടെ നോട്ടത്തിൽ അഹങ്കാരിയും നോട്ടപ്പുള്ളിയുമാകും. ഒരിക്കൽ ഒരു സെമിനാർ ഹാളിൽ ചെന്ന് ഇരുന്നപ്പോൾ എന്നോട് എഴുന്നേറ്റ് പോകാൻ പറയുകയും അതേ തുടർന്ന് പിന്നീട് ഉണ്ടായ പ്രശ്നങ്ങൾ....
പേര് പറയാതെ കളർ പറഞ്ഞ് കളിയാക്കിയപ്പോൾ....' "കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല" എന്ന് പറഞ്ഞ് കളിയാക്കിയ സാഹചര്യങ്ങൾ താണ്ടി ഇന്നെത്തി നിൽക്കുമ്പോൾ ..... ഇന്ന് തന്റെ കറുത്ത മുത്തായ മകന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന ആ മാതാവിന് തന്റെ കുഞ്ഞ് കറുത്തവനായാലും അവൻ ആ അമ്മയ്ക്ക് പൊന്നിനോളം പോന്നവനാണെന്ന് ആർക്കാണ് തിരിച്ചറിവുണ്ടാക്കാത്തത്....
മരിച്ചു കിടക്കുന്ന നിധിനെ യാത്രയാക്കാൻ പോലും കൂട്ടുക്കാർക്ക് പറ്റാത്ത നിലപാടുകൾ വളരെ വളരെ ഭീകരമാണ്...... സുഹൃത്തെന്ന് പറഞ്ഞ് നടിച്ച പല സുഹൃത്തുക്കളെയും എനിക്കും കാണാൻ കഴിഞ്ഞിട്ടുണ്ട്.പഠിച്ച് ജോലി നേടിയപ്പോഴും സുഹൃത്തക്കളെന്നു കരുതിയ പലരും പരിഹസിച്ച് പറയുന്നത് ഞാനനും കേട്ട്ടിട്ടുണ്ട്....കണ്ടിട്ടുണ്ട്....
ഇതെല്ലാം SC/ST ഓശാരത്തിൽ കിട്ടിയതത്രെ!!! ഇന്ന് അട്രോസിറ്റി കേസുകൾക്ക് ഒരു വില പോലും ഇല്ലെന്ന് പലരും പറഞ്ഞു കേൾക്കുമ്പോൾ വേദനയുണ്ട്..... ആശങ്കയുണ്ട് നിയമങ്ങളും കോടതിയും എന്തു ചെയ്യണമെന്നറിയണം... ഒരു അട്രോസിറ്റി വിധി അറിയാൻ ഞാനും കാത്തിരിക്കുകയാണ്
സംവരണത്തെ പരിഹസിക്കുന്നവരോട് പറയാനുള്ളത് ...... ഈ സംവരണം ഉള്ളതു കൊണ്ട് മാത്രമാണ് ഞങ്ങൾക്കൊക്കെ ഇത്രയെങ്കിലും പഠിക്കാനുള്ള അവസരം ഉണ്ടായത്... അത് പോലും ഇല്ലെങ്കിൽ ഞങ്ങളെ പുഴുത്ത പട്ടിയെ പോലെ ആക്കി തീർക്കും... തീർച്ച.....
ഒരു ജോലി കിട്ടിയതൊഴിച്ചാൽ ഒഴിവാക്കലുകൾ നിർബാധം തുടരുന്നുണ്ട്...പ്രിയപ്പെട്ടവരെ ഞങ്ങളും മനുഷ്യരാണ്... എന്തേ സമൂഹം ഇങ്ങനെയാവുന്നത്...ന നിങ്ങളെപ്പോലെ ഞങ്ങൾക്കും കൂടി അവകാശപ്പെതല്ലെ ഈ മണ്ണും.. ലോകവും....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

