‘മനോഹരമായ അവതരണം, ഹാഷിറിനും സംഘത്തിനും അഭിനന്ദനങ്ങൾ’; വാഴ 2 കുടുംബത്തോടൊപ്പം കണ്ട് കെ.സി വേണുഗോപാൽ
text_fieldsകെ.സി വേണുഗോപാൽ
നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത 'വാഴ 2- ബയോപിക്ക് ഓഫ് ബില്യൺ ബ്രോസ്' വിജയ ഗാഥ തുടരുകയാണ്. ബോക്സ് ഓഫിസില്‍ ഏഴാം ദിവസം 100 കോടി ക്ലബില്‍ കയറിയിരിക്കുകയാണ്. ഇപ്പോഴും ഹൗസ് ഫുൾ ആയി തുടരുകയാണ് വാഴയുടെ പ്രദർശനം. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കലക്ഷൻ കിട്ടുന്നത്. ഇപ്പോഴിതാ കെ.സി വേണുഗോപാൽ വാഴയെ പ്രശംസിച്ചെത്തിയിരിക്കുകയാണ്.
‘വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും, സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’ എന്നാണ് കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്. ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റർടെയ്നർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തിൽ ഉള്ളത് കൗമര പ്രശ്നങ്ങൾ, സൗഹൃദം, സഹോദര്യം, പ്രണയം, അധ്യാപകർ വിദ്യാർഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, തുടങ്ങിയവയൊക്കെ ചിത്രം എടുത്തു പറയുന്നുണ്ട്. ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

