‘ഞങ്ങൾ ചിത്രീകരിച്ച ക്രൂരമായ രംഗങ്ങളുടെ 60 ശതമാനം മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ’; പല രംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ധുരന്ധറിന്‍റെ ആക്ഷൻ ഡയറക്ടർ
text_fieldsആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച് അതിന്റെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സാങ്കേതിക തികവ് കൊണ്ടും ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ഇപ്പോഴിതാ ധുരന്ധർ സിനിമയുടെ ആക്ഷൻ രംഗങ്ങളിലെ ക്രൂരതയെക്കുറിച്ചും അത് ചിത്രീകരിച്ച രീതിയെക്കുറിച്ചും ആക്ഷൻ ഡയറക്ടർ ഐജാസ് ഗുലാബ് സംസാരിക്കുകയാണ്.
ധുരന്ധർ ഫ്രാഞ്ചൈസിയിലെ സിനിമകൾ തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ചിത്രത്തിലെ അമിതമായ അക്രമരംഗങ്ങൾ ചിലയിടങ്ങളിൽ വിമർശനത്തിന് കാരണമായെങ്കിലും ആക്ഷൻ പ്രേമികൾക്ക് ഇതൊരു വിരുന്നായിരുന്നു. സംവിധായകൻ ആദിത്യ ധർ ആക്ഷൻ ടീമിന് നൽകിയ പൂർണ്ണ സ്വാതന്ത്ര്യമാണ് ഈ സിനിമയെ ഇത്രത്തോളം വയലന്റ് ആക്കിയതെന്ന് ഐജാസ് ഗുലാബ് പറയുന്നു.
‘ഞങ്ങൾ ചിത്രീകരിച്ച ക്രൂരമായ രംഗങ്ങളുടെ 60 ശതമാനം മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ ഉൾപ്പെടെ കാണാൻ സാധ്യതയുള്ളതിനാൽ പല രംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നു. നിങ്ങൾക്ക് ചിന്തിക്കാവുന്നതിൽ വെച്ച് ഏറ്റവും ക്രൂരമായ രീതിയിൽ ശത്രുക്കളെ കൊല്ലുക എന്നായിരുന്നു ആദിത്യ ധർ നൽകിയ നിർദേശം. ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന്റെ ചിന്താഗതി തികച്ചും വ്യത്യസ്തമാണെന്നും ഐജാസ് കൂട്ടിച്ചേർത്തു.
പല രംഗങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തതാണെങ്കിലും, ചിലത് ഷൂട്ടിങ്ങിനിടയിൽ പെട്ടെന്നുണ്ടായ ആശയങ്ങളായിരുന്നു. മസ്ജിദിലെ രംഗത്തിൽ ഹംസ എന്ന കഥാപാത്രം അവശിഷ്ടങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്നത് ഇത്തരത്തിൽ പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗം മാത്രം 30 മിനിറ്റിലധികം നീളുന്നുണ്ട്. മസ്ജിദിലെ രംഗങ്ങൾക്കായി 6 ദിവസത്തെ റിഹേഴ്സലും 14 ദിവസത്തെ ഷൂട്ടിങ്ങും ആവശ്യമായി വന്നു.
ഓരോ ഷോട്ടിന് ശേഷവും അഭിനേതാക്കളുടെ മേക്കപ്പും വസ്ത്രവും കൃത്യമായി ഫോട്ടോ എടുത്ത് സൂക്ഷിച്ചാണ് അടുത്ത ദിവസം അതേപടി പുനരാവിഷ്കരിച്ചിരുന്നത്. ഇതിനായി എല്ലാ വിഭാഗങ്ങളും കഠിനാധ്വാനം ചെയ്തു. രൺവീറും അർജുൻ രാംപാലും തമ്മിലുള്ള പോരാട്ടത്തിൽ റബ്ബർ കൊണ്ട് നിർമിച്ച വ്യാജ ചങ്ങലയാണ് ഉപയോഗിച്ചത്. എങ്കിലും ബലമായി ഉപയോഗിക്കുമ്പോൾ അത് വലിയ വേദനയുണ്ടാക്കിയിരുന്നു.
ചിത്രീകരണത്തിനിടയിൽ ഇരുവർക്കും പലതവണ പരിക്കേറ്റു. എന്നാൽ വിശ്രമം എടുക്കാൻ അവർ തയാറായിരുന്നില്ല. ചങ്ങല ഉപയോഗിച്ച് മുഖം മുറുക്കുന്ന രംഗത്തിൽ രൺവീറിന്റെ കണ്ണുകൾ വികസിക്കുന്ന രീതിയിലുള്ള തീവ്രത കൊണ്ടുവരാൻ കഠിനമായി ശ്രമിച്ചിട്ടുണ്ടെന്ന് ഡമ്മി പ്രോപ്പുകൾ, കാമറ ട്രിക്കുകൾ, കമ്പ്യൂട്ടർ ഗ്രാഫിക്സ് എന്നിവയുടെ കൃത്യമായ മിശ്രണമാണ് ധുരന്ധറിലെ ആക്ഷൻ രംഗങ്ങളെന്ന് ഐജാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

