‘ഭൗമരാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ ഫിഫക്ക് കഴിയില്ല, നിശ്ചയിച്ചതുപോലെ ലോകകപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് -ഫിഫ പ്രസിഡന്റ്
text_fieldsസൂറിച്ച്: അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും 2026 ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഫെയർ പ്ലേയുടെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവത്തോടെ മത്സരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഈ ആഴ്ച ആദ്യം ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ ഇൻഫാന്റിനോ വിസമ്മതിച്ചു.
‘ഞങ്ങൾക്ക് കൃത്യമായ ഒരു ഷെഡ്യൂൾ ഉണ്ട്. ഉടൻ തന്നെ 48 ടീമുകളെയും സ്ഥിരീകരിക്കും. നിശ്ചയിച്ചതുപോലെ തന്നെ ലോകകപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ അദ്ദേഹം വ്യക്തമാക്കി. ‘ഭൗമരാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ ഫിഫക്ക് കഴിയില്ല, എന്നാൽ ഫുട്ബോളിന്റെ കരുത്ത് ഉപയോഗിച്ച് പാലങ്ങൾ പണിയാനും സമാധാനം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്ന് ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അവരുടെ ജീവനും സുരക്ഷയും കണക്കിലെടുക്കുമ്പോൾ അവർ അവിടെ വരുന്നത് ഉചിതമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ, സുരക്ഷ ഉറപ്പില്ലെങ്കിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യില്ലെന്ന് ഇറാനിയൻ ഫുട്ബോൾ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കിയിരുന്നു.
മത്സരങ്ങൾ മാറ്റിയില്ലെങ്കിൽ ടീമിനെ അമേരിക്കയിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ‘ഞങ്ങൾ അമേരിക്കയെ ബഹിഷ്കരിക്കും, പക്ഷേ ലോകകപ്പിനെയല്ല’ എന്നാണ് മെഹ്ദി താജ് വ്യക്തമാക്കിയത്. മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇറാന്‍റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം അറിയിച്ചിട്ടുണ്ട്. യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ജൂൺ 11നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് ഇറാൻ തുടർച്ചയായ നാലാം ലോകകപ്പിന് യോഗ്യത നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

