ബന്ദിപ്പൂർ രാത്രികാല ഗതാഗത നിരോധനം കേന്ദ്രം ഉറപ്പാക്കുമെന്ന് മൈസൂരു എം.പി
text_fieldsബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം തുടരുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ പറഞ്ഞു. കോൺഗ്രസ് ഹൈകമാൻഡിന്റെ സമ്മർദത്തിന് വഴങ്ങി, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗത നിരോധനം കർണാടക സർക്കാർ പിൻവലിക്കുകയാണെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പി രാത്രിയാത്ര നിരോധനം ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്.
കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദ്ര യാദവുമായി ചർച്ച നടത്തിയതായും ഉന്നയിച്ച ആശങ്കകൾക്ക് അദ്ദേഹം മറുപടി നൽകിയതായും എം.പി പറഞ്ഞു. രാത്രികാലങ്ങളിൽ നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങളെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ ഉചിതമായ സത്യവാങ്മൂലം കേന്ദ്രം സമർപ്പിക്കും.
ലോക്സഭാ ബജറ്റ് സമ്മേളനത്തിന്റെ ശൂന്യവേളയിൽ വിഷയം ഉന്നയിച്ച എം.പി, ബന്ദിപ്പൂരിന്റെ പാരിസ്ഥിതിക പ്രാധാന്യവും നിരോധനം പിൻവലിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഭീഷണികളും എടുത്തുകാട്ടി. കടുവകളുടെ ദീർഘകാല സംരക്ഷണത്തിനും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും കേന്ദ്രം മുൻഗണന നൽകുമെന്ന് കേന്ദ്രമന്ത്രി പാർലമെന്റിന് ഉറപ്പുനൽകി.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത 181 (മൈസൂരു -ഊട്ടി റോഡ്), ദേശീയ പാത 766 (പഴയ ദേശീയ പാത 212 ആയ കൊല്ലഗൽ -കോഴിക്കോട് റോഡ്) എന്നിവയിൽ 2009 മുതൽ കർണാടക സർക്കാർ രാത്രികാല ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുവകൾ ഉൾപ്പെടെയുള്ള വന്യജീവികളെ സംരക്ഷിക്കുന്നതിനും മേഖലയിലെ മനുഷ്യ -വന്യജീവി സംഘർഷം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെ നിരോധനം ഏർപ്പെടുത്തിയത്.
കർണാടക, കേരള സംസ്ഥാനങ്ങളുടെ നാലു ബസുകൾക്കും ആംബുലൻസ് അടക്കമുള്ള അടിയന്തര സർവിസുകൾക്കും മാത്രമാണ് വനപാതയിൽ രാത്രിയാത്ര അനുമതിയുള്ളത്. ബന്ദിപ്പൂരിലെ ദുർബലമായ ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് കർണാടക വിട്ടുനിൽക്കണമെന്ന് മൈസൂരു എം.പി ആവശ്യപ്പെട്ടു.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം നീക്കാനുള്ള നിർദേശത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ ആറിന് മൈസൂരുവിൽ ‘ബന്ദിപ്പൂർ ചലോ’ പദയാത്ര സംഘടിപ്പിച്ചിരുന്നു. ‘നമ്മ നടികെ ബന്ദിപ്പൂർ കാടഗെ’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പദയാത്രയിൽ പരിസ്ഥിതി, വന്യജീവി സ്നേഹികൾ, വിദ്യാർഥികൾ, കർഷക സംഘടനകൾ തുടങ്ങി ആയിരത്തോളം പേർ പങ്കെടുത്തിരുന്നു.
രാത്രികാല നിരോധനം പിൻവലിക്കണമെന്ന വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം പരിഗണിക്കാൻ വയനാട് ലോക്സഭ എം.പിയായ പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഹൈകമാൻഡ് വഴി കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
നിരോധനം നീക്കുന്നത് പരിസ്ഥിതി ലോല മേഖലയിലെ വന്യജീവികൾക്ക് ഗുരുതരമായ ഭീഷണിയാകുമെന്നും അനിയന്ത്രിതമായ രാത്രികാല ഗതാഗതം തടി, ചരൽ, എം-സാൻഡ്, പാറക്കല്ലുകൾ എന്നിവയുടെ കള്ളക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും വന്യജീവി വേട്ട വർധിപ്പിക്കുമെന്നും അവർ വാദിക്കുന്നു. രാത്രി യാത്രാനിരോധനം പിൻവലിക്കാൻ കേരളത്തിന്റെ ഭാഗത്തുനിന്ന് അടുത്തിടെ വീണ്ടും ആവശ്യമുയർന്നിരുന്നു.
ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കായി വയനാട്ടിൽ പ്രചാരണത്തിനെത്തിയ കർണാടക ഉപമുഖ്യമന്ത്രി, രാത്രിയാത്ര നിരോധനം നീക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, സിദ്ധരാമയ്യ സർക്കാറിന്റെ നിലപാടിന് വിരുദ്ധമായി വനം കൺസർവേറ്റർ സുപ്രീംകോടതിയിൽ സമ്പൂർണ ഗതാഗത നിരോധനം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചു.
കർണാടക സർക്കാറിന്റെ നിയമോപദേശമോ അനുമതിയോ തേടാതെയായിരുന്നു ഇത്. തുടർന്ന്, കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രസ്തുത സത്യവാങ്മൂലം പിൻവലിക്കാൻ വനം കൺസർവേറ്ററോട് ആവശ്യപ്പെടുകയും ബന്ധപ്പെട്ടവരുടെ യോഗത്തിൽ വനം ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. രാത്രി യാത്ര നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും നിർദേശം നൽകിയിരുന്നു. ബന്ദിപ്പൂരിൽ രാത്രിയാത്ര നിരോധനം പിൻവലിക്കരുതെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഓൺലൈൻ കാമ്പയിനും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

