ന്യൂഡല്‍ഹി: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഗോവയിലെ 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐ.എഫ്.എഫ്.ഐ) പ്രമുഖ ചലച്ചിത്രകാരനുള്ള ശതാബ്ദി അവാര്‍ഡ് നല്‍കി ആദരിക്കും. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി എം. വെങ്കയ്യ നായിഡു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. അഞ്ച് ദശാബ്ദമായി എസ്.പി.ബി ചലച്ചിത്രമേഖലയില്‍ സജീവസാന്നിധ്യമാണ്. തെലുഗു, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി നാല്‍പതിനായിരത്തോളം പാട്ടുകള്‍ അദ്ദേഹം പാടി.
അദ്ദേഹത്തിന്‍െറ പ്രതിഭയെ അംഗീകരിക്കാനാണ് പുരസ്കാരമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നതാണ് എസ്.പി.ബിയുടെ മുഴുവന്‍ പേര്. തെലുഗു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണ നേടിയ അദ്ദേഹത്തിന്‍െറ പേരിലാണ് ഏറ്റവുമധികം പാട്ടുകള്‍ റെക്കോഡ് ചെയ്തതിനുള്ള ഗിന്നസ് റെക്കോഡ്.
70കാരനായ എസ്.പി.ബി കേന്ദ്രസര്‍ക്കാറിന്‍െറ പദ്മശ്രീയും പദ്മഭൂഷണും നേടിയിട്ടുണ്ട്.
2016ലെ ഐ.എഫ്.എഫ്.ഐ നവംബര്‍ 20 മുതല്‍ 28 വരെയാണ്. ആന്‍ഡ്രേജ് വാജ്ദ സംവിധാനം ചെയ്ത പോളിഷ് സിനിമ ആഫ്റ്റര്‍ ഇമേജ് ആണ് ഉദ്ഘാടനചിത്രം. അന്തരിച്ച കലാകാരന്മാരായ കലാഭവന്‍ മണി, കല്‍പന, സാധന ശിവ്ദാസനി, പരമേഷ് കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് മേളയില്‍ ആദരാഞ്ജലിയര്‍പ്പിക്കും.