You are here

ആ പാട്ട്​ ഇപ്പോഴും കൊത്തിമുറിക്കുന്നു...

  • പാ​ട്ടോർമ്മ: വേദനയായി ഇപ്പോഴും വേട്ടയാടുന്ന ഒരു പാട്ടി​െൻറ ഒാർമ...

ഫാസിൽ കെ.സി
17:25 PM
10/07/2018
ആ പാട്ടിലെ രംഗങ്ങൾക്ക്​ എ​െൻറ ജീവിതത്തോട് അതിശയകരമാംവിധം അടുപ്പമുണ്ടായിരുന്നു

പാട്ടി​​​ന്റെ ചരടിൽ കോർത്തെടുക്കുന്ന ഓർമകളുടെ അറ്റത്താണ്​ ജീവിതത്തിലെ പലതുമിരിക്കുന്നതെന്നു തോന്നിപ്പോയിട്ടുണ്ട്​്​. ചിരിക്കും കരച്ചിലിനും കളിതമാശകൾക്കുമിടയിൽ കോർത്തുകിടക്കുന്ന ഒാർമകളിൽ പാട്ടി​​​​​െൻറ എത്രയെത്രയോ ഇൗണങ്ങളുണ്ട്​. മറ്റൊരർത്ഥത്തിൽ ജീവിതം തന്നെ ദീർഘമായ ഒരു പാട്ടല്ലേ.... സന്തോഷവും സന്താപവും വിരഹവും കൂടിചേരലും നഷ്ടപ്പെടലും പ്രണയവും നൈരാശ്യവുമെല്ലാം ഏറിയും കുറഞ്ഞും പല പല രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ പാട്ട്.

ഏറെ ഇഷ്​ടമുണ്ടായിരുന്നിട്ടുകൂടി കേൾക്കാതിരിക്കാൻ ശ്രമിക്കുന്ന ഒരു പാട്ടിന്റെ ഓർമയാണ്​ ആദ്യം തേടിവരുന്നത്​. ആഹ്ലാദത്തിന്റെ സന്തോഷത്തിന്റെ ഓർമ്മകളിൽ നിന്നും വേദനയുടെ നഷ്ടപ്പെടലിന്റെ ഓർമ്മയായി മാറിയ ഒരു പാട്ട്. പാട്ടിലെ രംഗത്തോട് ജീവിതരംഗവും അത്ഭുതകരമാം വിധം താദാത്മ്യം പ്രാപിച്ച ഒരു പാട്ട്.

പപ്പയുടെ സ്വന്തം അപ്പൂസ്​ ചിത്രത്തി​​​​െൻറ പോസ്​റ്റർ
 

ആദ്യമായി ആ പാട്ടു കണ്ട ദിനം സന്തോഷത്തിന്റേതായിരുന്നു. അന്നാണ് ഇളയ മാമനൊപ്പം കോഴിക്കോടെന്ന പട്ടണം ആദ്യമായി കാണാൻ പോവുന്നത്. ആദ്യ നഗരക്കാഴ്ച്ചയുടെ അമ്പരപ്പും ആഹ്ലാദവും. കാഴ്ച കാണലിന്റെ ഒരു ഘട്ടത്തിൽ നഗരത്തിലെ പ്രധാന തിയേറ്ററുകളിലൊന്നായ ‘ബ്ലൂ ഡയമണ്ട്’നു മുന്നിൽ. മാമനൊപ്പം കൈ പിടിച്ച് ഗേറ്റിനകത്തേക്കു കയറുമ്പോൾ ഞാനെന്ന നാലാം ക്ലാസുകാരൻ മുന്നിലെ കൂറ്റൻ ബോർഡിലെ അക്ഷരങ്ങളെ ഇങ്ങിനെ ചേർത്തു വായിച്ചു, ‘പപ്പയുടെ സ്വന്തം അപ്പൂസ്...’.

അന്നാ സിനിമയിലെ ഏറ്റവും ആഹ്ലാദിപ്പിച്ചത് ഒരുപക്ഷേ മറ്റു പലരെയും പോലെ ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ..’ തന്നെയായിരുന്നു. നോവുണ്ടാക്കിയത് ‘സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...’ എന്ന പാട്ടും.
ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളോടും വലിയ ഇഷ്ടമായിരുന്നു പിന്നീടും. ആദ്യ നഗരക്കാഴ്ചയുടെ ഓർമത്താളമായിരുന്നു ആ പാട്ടുകൾക്ക്​ എന്നതു കൊണ്ടു തന്നെ. എന്നാൽ ആ ഓർമകൾ പതിയെ വേദനയിലേക്ക് മാറുകയായിരുന്നു.

ഒാലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ...
 

വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾക്കൊപ്പം കടന്നുവന്ന അവൻ ആദ്യ മകൻ. ഫൻസീം. അവ​​​​​െൻറ ഓർമകളാണ് ഇന്നീ പാട്ട്. അതിനെ ഓർമ എന്നാണോ വേദന എന്നാണോ പറയേണ്ടത് എന്നറിയില്ല.

രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴ രാവിലെയും തുടരുകയാണ്. ഇന്നാണവനെ തുടർ ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവേണ്ടത്. അസുഖക്കാരനെങ്കിലും ഒട്ടും വാശിക്കാരനല്ലാത്ത അവൻ പതിവിനു വിരുദ്ധമായി വല്ലാത്ത കരച്ചിലിലായിരുന്നു അന്ന്. എടുത്തു നടന്നിട്ടും താരാട്ടു പാടിയിട്ടും നിർത്താത്ത കരച്ചിൽ (അവന്റെ ഉള്ളിലെ വേദന ശമിപ്പിക്കാൻ അതൊന്നും മതിയായതല്ല എന്ന് അപ്പോൾ ആരറിഞ്ഞു). ഒടുക്കം പലപ്പോഴും ചെയ്യാറുള്ള പോലെ ഇരു കൈയിലുമായി മടിയിലിൽ കിടത്തി മൊബൈൽ ഫോണിലെ പാട്ട് തുറന്നു. എന്നാൽ, ആദ്യ പാട്ടിനോ മടിയിലിൽ കിടത്തിയുള്ള ആട്ടലിനോ കരച്ചിലിനോ കുറക്കാനായില്ല.

എൻ പൂവേ പൊൻ പൂവേ രാരീരാരം പൂവേ.. പപ്പയുടെ സ്വന്തം അപ്പൂസിൽ ശോഭന
 

അവിടേക്കാണ് ആ പാട്ട്, ഫോണിലെ രണ്ടാമത്തെ പാട്ട് എസ്. ജാനകിയുടെ ശബ്ദത്തിൽ വരുന്നത്
‘എൻ പൂവേ പൊൻ പൂവേ രാരീരാരം പൂവേ..
കനവും നീ നിനവും നീ വായോ വായോ വാവേ...’  
പാട്ടിനൊപ്പം അവ​​​​​െൻറ കരച്ചിലും നേർത്ത് നേർത്ത് ഇല്ലാതായി. അന്നാ പാട്ടു കേട്ടു, പലതവണ. അവൻ ഉറങ്ങും വരെ. പിന്നെ അവനുമായി എല്ലാത്തിനുമൊടുക്കം എത്തിച്ചേർന്ന കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്. ഐ.സി.യു.വിന് പുറത്ത് ഒപ്പിടേണ്ട പേപ്പറുകളിലൊക്കെ ഒപ്പിട്ടു കൊടുത്തിട്ടും എഴുതിത്തന്ന ചീട്ടുകളിലെ മരുന്നുകളെല്ലാം വാങ്ങിക്കൊടുത്തിട്ടും ഡ്യൂട്ടി ഡോക്ടറും സംഘവും പരിശ്രമിച്ചിട്ടും അവസാന ഓർമക്കായി ആ പാട്ടുമാത്രം എന്നെയേൽപ്പിച്ച്​ അവൻ മടങ്ങിപ്പോയി. അഞ്ചര മാസത്തെ ഭൂമിയിലെ ജീവിതം മതിയാക്കി ഒരിക്കലും മടങ്ങി വരാത്ത ആ യാത്രയിലേക്ക്​...

പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂട്ടി
 

ആ പാട്ടിലെ രംഗങ്ങൾക്ക്​ ജീവിതത്തോട് അതിശയകരമാംവിധം അടുപ്പം തോന്നി. അമ്മ നഷ്ടപ്പെട്ട മക​​​​​െൻറ ഓർമകളാണ് ആ പാട്ടി​​​​​െൻറ രംഗങ്ങളിലെങ്കിൽ, എ​​​​​െൻറ നഷ്​ടപ്പെട്ട മകനായി ആ പാട്ട്​ മെഡിക്കൽ കോളജി​​​​​െൻറ വരാന്തയിലേക്ക്​, ​െഎ.സി.യുവി​​​​​െൻറ ചില്ലു ജാലകത്തിലേക്ക്​ എന്നെ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടുപോയി നിർത്തി. പിന്നെ പിന്നെ ആ പാട്ടിൽനിന്ന്​ ബോധപൂർവം ഒഴിഞ്ഞു പോവുന്നവനായി ഞാൻ മാറി.

ലേഖകൻ മകൻ ഫൻസീമിനൊപ്പം
 

എന്നിരിക്കിലും ഒരേ ഒരു ദിനത്തിൽ, അവൻ മടങ്ങിപ്പോയ ജൂലൈ 26 എന്ന ആ ദിനത്തിൽ ഏകാന്തനായി, മറ്റാരും കാണില്ലെന്നുറപ്പു വരുത്തി ഞാനാ പാട്ട്​ കേൾക്കുന്നൂ. കീറിപ്പറിക്കുന്ന ആ പാട്ടിൽനിന്ന്​, ആ ദിവസത്തിൽ നിന്ന്​ മോചിതനാവാ​ൻ കഴിയാതെ എവിടെ നിന്നൊക്കെയോ ആ പാട്ട്​ ഇപ്പോഴും ഇഴഞ്ഞെത്തിക്കൊണ്ടിരിക്കുന്നു. ആ പാട്ടിന്​ അവ​​​​​െൻറ മണമുണ്ട്​. ക്ഷീണിച്ച അവ​​​​​െൻറ ശരീരത്തി​​​​​െൻറ അനക്കങ്ങളുണ്ട്​. ആ പാട്ട്​ എ​​​​​െൻറ കണ്ണീരാണ്​.. അല്ലെങ്കിലും ആണുങ്ങൾ കരയുന്നത്, ആ വിതുമ്പൽ മറ്റുള്ളവർ കാണുന്നത് എന്തൊരു ബോറാണല്ലേ..!

‘ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെ കൂടാതില്ലാ ഞാൻ കുഞ്ഞാവേ...’

 

Loading...
COMMENTS