You are here

വഴിയരികിലെ പൂവും.. ഓർമയിലെ പാട്ടും..

  • അലസമായൊരു നിമിഷത്തിലേക്ക്​ ഒാർമകളുടെ വേലിയേറ്റം സൃഷ്​ടിച്ച പാട്ട്​....

koodevide-song

‘പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ...’ ചില കാഴ്​ചകൾ​ അങ്ങനെയാണ്​, ഒരുകൊള്ളിമീൻ പോലെ മിന്നിമറയുമെങ്കിലും അലസമായൊരു നിമിഷത്തിലേക്ക്​ ഒാർമകളുടെ വേലിയേറ്റം സൃഷ്​ടിക്കും. ഒരു പൂക്കാഴ്​ച പഴയൊരു പാട്ടിലേക്കും പാട്ട്​ ബാല്യത്തിലേക്കും കൂട്ടികൊണ്ടുപോയ കഥയാണിത്​. ഒാഫിസിൽ നിന്ന്​ വീട്ടിലേക്കുള്ള യാത്രയിലാണ്​ റോഡരികിൽ ചിരിച്ചുനിൽക്കുന്ന പൂക്കൾ അറിയാതെ പാട്ട്​ ചുണ്ടിലേക്കെത്തിച്ചത്​.

ഒഴിഞ്ഞ പറമ്പിൽ നിന്ന്​ വീട്ടുമതിലിലേക്ക്​ പടർന്ന മഞ്ഞ നിറമുള്ള വലിപ്പമുള്ള പൂക്കളായിരുന്നു അത്​. പൂകാഴ്​ച പെ​െട്ടന്ന്​ മാഞ്ഞെങ്കിലും ചുണ്ടിൽ നിന്ന്​ പാട്ട്​ മാഞ്ഞില്ല. താളലയങ്ങളിലാടീ താഴമ്പൂപോൽ.. അതിവേഗത്തിലല്ലാതെ നീങ്ങുന്ന ബസാണ്​, ജാലകത്തിനിരികിലെ സീറ്റാണ്​, ഡിസംബറിലെ വൈകുന്നേരമാണ്​. കാഴ്​ചകളിൽ നിന്ന്​ ഒാർമകളിലേക്ക്​ മറ്റൊരു പൂക്കാലം ഇതൾവിടർത്തുകയാണ്​. കൂടെവിടെ എന്ന സിനിമ. ഒ.എൻ.വി കുറിപ്പി​​​​​​​​​െൻറ വരികൾ, ജോൺസ​​​​​​​​​െൻറ സംഗീതവും ജാനകിയമ്മയുടെ സ്വരവും.

തഴുകും കുളിർകാറ്റിൻ
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ’

എന്ന വരികൾ പോലെ, ഒാർമകൾ ഏതേത്​ കാലത്തേക്കാണ്​ കൂട്ടികൊണ്ടുപോകുന്നത്!​

nostalgic

ചെന്നുനിന്നത്​ ഒാണ ഒാർമകളിലാണ്​. ഇ​പ്പോൾ തൊടിയും കുന്നുമാകെ പൂക്കളാണ്​. ഒാണപാട്ട്​ ഉയരുകയായി, ഉയരങ്ങളിലേക്ക്​ കുതി​ക്കുന്നൊരു ഉൗഞ്ഞാൽ, അതിനിടയിലൂടെ ഞങ്ങൾ കുട്ടികൾ പൂ പറക്കിനിറങ്ങുകയാണ്​. ഓണക്കാലത്ത് പൂക്കൊട്ടയൊക്കെയെടുത്ത് തുമ്പപ്പൂ പറിക്കാൻ കീരിയില്ലാത്ത കീരിയിടിക്ക് ചാടി കടന്ന് ഞാവൽ മരങ്ങൾ തിങ്ങി നിൽക്കുന്ന കുന്നിൻ മുകളിലേക്കൊരു പോക്കുണ്ട് കൂട്ടുകാരുമൊത്ത്. കുന്നിൻ മുകളിൽ അങ്ങിങ്ങായി നിൽക്കുന്ന കറുത്തപാറകെട്ടിന് സമീപം പ്രകൃതിയോടൊട്ടി നിൽക്കുന്ന കുഞ്ഞു പൂങ്കാവനമുണ്ടാവും. അവ മാത്രം മതി ഞങ്ങൾക്ക് മുറ്റം നിറയെ പൂവിടാൻ.

‘പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു

പൊന്നാട തളിരാട കാണിക്കയായ് തന്നൂ’

കുന്നു കയറു​േമ്പാൾ ചുണ്ടിൽ ഇൗ വരികൾ അങ്ങനെ തങ്ങിനിൽക്കുന്നുണ്ടാകും. അമ്പലത്തിനോടടുത്ത് ഉറവ വറ്റാത്ത ചോലയിൽ മുങ്ങി കുളിക്കുമ്പോൾ പാട്ടിലെ പൊന്നിൻ നിറമാണ് മനസ്സിന്. ഊഞ്ഞാലിൽ മരച്ചില്ല തൊടുന്ന ഉയരത്തിൽ ആട്ടുമ്പോഴും മഴവില്ലി​​​​​​​​​െൻറ നിറമുള്ള വരികൾ മനസ്സിൽ ഓടിയെത്തും.

കല്ലിൽ കൊത്തിയിട്ടതു പോലെയായിരുന്നു ഹൃദയത്തിൽ നിന്നും ഇളക്കി മാറ്റാൻ പറ്റാത്ത വിധം ഓണക്കാലത്ത് തേടിയെത്താറുള്ള മാസ്മരഗന്ധമുള്ള ഈ ഗാനം. മറന്നു പോയാലും ഓർമ്മിപ്പിച്ചു കൊണ്ട് ഓണക്കാലത്തി​​​​​​​​​െൻറ ആദ്യം മുതലെ ചിണുങ്ങി ചിണുങ്ങി പിന്നാലെ വരും. പിന്നെ ഓണക്കാലം കഴിയുന്നത് വരെ കൂടെ നടക്കും. ഓണക്കാലം കഴിയുമ്പോൾ ഓർമ്മയിൽ നിന്നും പതിയെ പതിയെ ഇറങ്ങി പോകും.

വിശേഷ ദിവസങ്ങൾ ഞങ്ങൾ അയൽക്കാർ കൂട്ടമായാണ് ആഘോഷിക്കാറ്. പെരുന്നാള് വരുമ്പോൾ അരി,പപ്പടം,പച്ചക്കറി,പഴം അങ്ങനെ ഒരുപാട് വിഭവങ്ങൾ ഞങ്ങൾക്കായി തലേ ദിവസം തന്നെ കൊണ്ട് തരാറുണ്ട് പാത്തുമ്മ താത്ത. ചുരുക്കി പറഞ്ഞാൽ വാര്യത്ത് അന്നം നൽകീട്ടേ അയൽ വീട്ടിൽ ആഹാരം ണ്ടാക്കാറുള്ളു.

അന്നൊരിക്കൽ അനിയൻ വാര്യത്തി​​​​​​​​​െൻറ ഒരു മുറിയിൽ ഭൂമി തൊടാതെ ജനിച്ചപ്പോൾ ജനലിനിടയിലൂടെ ‘ഇവിടിപ്പെന്താ നടക്കണേ..’ ന്ന് അറിയാൻ ഒളിഞ്ഞു നോക്കിയ എ​​​​​​​​​െൻറ കൈകളിലേക്ക് കുഞ്ഞു പൈതലിനെ വെച്ച് നൽകിയ അന്ന്​ ആറ് വയസ്സിൽ ‘അമ്മ’യായ എ​​​​​​​​​െൻറ മനസ്സിലേക്ക് ഓടി വന്ന ആദ്യ ഗാനവും ഇതു തന്നെ. പല സ്​റ്റോപ്പുകൾ പിന്നിട്ട്​ മുന്നോട്ടുനീങ്ങുന്ന ബസുപോലെ ജീവിതയാത്രയും ഇന്ന്​ എത്രയോ പിന്നിട്ടു.

പഴയ ക​ുന്നിൻചെരുവും പൂവിറുക്കലും ഉൗഞ്ഞാലാട്ടവും ഒരുമിച്ചകുളിയുമൊക്കെ ഒാർമയിൽ മാത്രമായി. മാർക്കറ്റ്​ നിറയുന്ന പൂക്കാലത്ത്​, ഒാണത്തിനിപ്പോൾ ആര്​ പൂവിറുക്കാനിറങ്ങുന്നു- പൂക്കാലത്തെ ഒാർക്കുന്നു. എങ്കിലും പാട്ടിലെ വരികൾ പിന്തുടരുന്നു.

‘പൂവാക കാടിനു പൊൻകുട ചൂടി ആലോലം
താളലയങ്ങളിലാടീ താഴമ്പൂപോൽ
തഴുകും കുളിർകാറ്റിൻ
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ’

അതെ, ഒന്നുമറിയാതെ കാലം ഏതോ താളം തേടുകയാണ്​. ഇത്​ ഒാണക്കാലമേയല്ലല്ലോ, എന്നിട്ടുമെന്താണ്​ അറിയാതെ ഇപ്പഴീപാട്ട്​ ചുണ്ടിലെത്തിച്ചത്​!

അതി​​​​​​​​​െൻറ ഇതളുകളിൽ കയറി ഒാർമകിലേക്ക്​ യാത്രയായത്​?​ അറിയില്ല. ഇത്തവണ ഒാണം പോലും ആഘോഷിക്കാൻ കഴിയാതെ പ്രളയം ഒരുപൂക്കാലത്തെ അപ്പാടെ മൂടികളഞ്ഞതാണല്ലോ! പ്രളയ നെ​േട്ടാട്ടത്തിനിടയിൽ പൂവും പൂതുമ്പിയും ഒാർക്കാൻ ആർക്ക്​ നേരം. നിസ്സഹായതകൾ മുന്നിൽ നിന്ന്​ നിലവിളിക്കു​േമ്പാൾ പഴയ പാട്ട്​ അന്ന്​ മനസ്സിൽ എത്തിയതുമില്ല.

ഒാർക്കാപുറത്തിപ്പോൾ ഒരു പൂവി​​​​​​​​​െൻറ കാഴ്​ച പൊടുന്നനെ മനസിനെ കുളിർപ്പിച്ചിരിക്കുന്നു. ഇങ്ങനെ ഒാർക്കാൻ ചില വരികളും അവ പൂത്തുനിറയുന്ന ഒരു ലോകവും ചുറ്റുമുണ്ടായിരുന്നു എന്നതുതന്നെ എ​ത്ര ധന്യം. 

ഈ സന്ധ്യ പോയ്മറയും വനവീഥീ
പൂവിടും സ്മൃതിരാഗമായ്
കാറ്റിൻ നെഞ്ചിൽ ചായുന്നൂ.

Loading...
COMMENTS