Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightചൈത്രം ചായം...

ചൈത്രം ചായം ചാലിക്കുമ്പോൾ, ആ പിരിയൻ ഗോവണിച്ചുവട്ടിൽ ഇപ്പോഴുമുണ്ടയാൾ...

text_fields
bookmark_border
ചൈത്രം ചായം ചാലിക്കുമ്പോൾ, ആ പിരിയൻ ഗോവണിച്ചുവട്ടിൽ ഇപ്പോഴുമുണ്ടയാൾ...
cancel

കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന ഓളങ്ങളിലേക്കാണ് ഞാൻ നോക്കിയത്. തീരത്തെ പാറകളിൽ ഉണങ്ങാനിട്ട നിറമുള്ള തുണികളും, പുഴ മണൽ നക്കി നടക്കുന്ന പശുക്കളും, കാവടിയാടുന്ന നീളൻ പുൽക്കതിരുകളും, അരുമയോടെ ഒഴുകുന്ന പുഴയും മാത്രമാണ് ഞാൻ കണ്ടത്. നദിക്കരയിലെ വിശാലമായ കാമ്പസിൽ പുഴയിലേക്ക് മുഖം കുത്തി നിൽക്കുന്ന ബോട്ടണി ഗാലറിയിലേക്കുള്ള വരാന്തയിൽ, വലിയ തൂണിൽ ചാരി നിൽക്കുന്ന, ചെക് ഷർട്ടും നീല പാൻറ്​സും ഇട്ട, ബാബു ആൻറണിയെപ്പോലെ നീണ്ടു മെലിഞ്ഞ, താടിക്കാരനെ ഞാൻ കണ്ടിട്ടേയില്ല. ലൈബ്രറി മൂലയിലുള്ള, ജനാലയിലൂടെ കാട്ടുവള്ളികൾ എത്തി നോക്കുന്ന, സീലിങ്ങ് ഫാൻ തൂങ്ങിച്ചത്തു നിൽക്കുന്ന കൊച്ചു മുറിക്കകത്തെ ഉറക്കം തൂങ്ങി ഹിന്ദി ക്ളാസിനു ശേഷം ബുക് സ്‌റ്റോറിനു മുന്നിലൂടെ, ഫിസിക്സ് മൂലയിലൂടെ, പിരിയൻ ഗോവണി കയറിത്തുടങ്ങുമ്പോഴേ പൂവാകയുടെ ചുവന്ന ഹൃദയാകൃതിയിലുള്ള ഇതളുകൾ നനുക്കനെ കാറ്റിൽ പൊഴിഞ്ഞു വീഴാൻ തുടങ്ങുന്നു. പുഴക്കാറ്റടിച്ചു പറപ്പിക്കുന്ന കോലൻ മുടി ഒതുക്കിയും മിഡി സ്കർട്ടു താഴ്ത്തിയും ക്ലാസിലേക്കു നടക്കുമ്പോൾ പട്ടിക്കൂടുപോലെ മരപ്പലകകൾ പാകിയ കുടുസു മലയാളം ക്ലാസിനടുത്തുള്ള തൂണി​​​​​​​​െൻറ ചെരിഞ്ഞ നിഴൽ ശ്രദ്ധിച്ചിട്ടേയില്ല, സത്യം. എന്നിട്ടും, കാമ്പസിലെ പൂത്തുലഞ്ഞു നിൽക്കുന്ന ഗുൽമോഹറുകൾ എ​​​​​​​​െൻറ കവിളത്ത് പൂ ചൊരിഞ്ഞതും, എ​​​​​​​​െൻറ കണ്ണുകളിൽ കുപ്പിച്ചില്ലുകൾ തിളങ്ങിയതും, ‘ചൈത്രം ചായം ചാലിച്ചു, നി​​​​​​​​െൻറ ചിത്രം വരയ്ക്കുന്നു .....’ എന്നവൻ പാടുന്നത് നനുക്കനെ കേട്ടതും, ഇത്രയും വർഷങ്ങൾക്കു ശേഷവും ഞാൻ മറക്കാഞ്ഞതെന്തേ എന്ന അദ്​ഭുതത്തിൽ നിന്നും, എ​​​​​​​​െൻറ പാട്ടോർമകൾ ഉണരുന്നു.

ചൈത്രം ചായം ചാലിച്ചു... ചിത്രം: ചില്ല്​. ഗാനരചന: ഒ.എൻ.വി. സംഗീതം: എം.ബി. ശ്രീനിവാസൻ. പാടിയത്​: യേശുദാസ്​
 

കുട്ടിക്കാലത്ത് കേട്ടത് അധികവും തമിഴ് പാട്ടുകളാണ്. എങ്ങനെയാണെന്നറിയില്ല, മുത്തശ്ശ​​​​​​​​െൻറയും മുത്തശ്ശിയുടെയും പഴനി ആണ്ടവന്റെയും ഫോട്ടോകൾക്കു താഴെയുള്ള മര സ്റ്റാൻഡിൽ ഇരിക്കുന്ന ബ്രൗൺ നിറത്തിലുള്ള ഫിലിപ്സ് റേഡിയോയിൽ അച്ഛൻ തൊട്ടാലുടൻ സുന്ദരാംബാൾ പാടിത്തുടങ്ങും . ‘നാന പഴത്തൈയ്  പിഴ്ന്ത് ......’  എത്ര ശബ്ദം കുറച്ചുവെച്ചാലും ഉച്ചത്തിൽ പാടുന്ന പാട്ടുകാരി. ഇടതു കൈയിൽ വെളുത്ത കോൾഗേറ്റ് പൽപ്പൊടിയുമായി തലേന്നു രാത്രി കണ്ട സ്വപ്നത്തിലെ ആന ഇടങ്കണ്ണിട്ട് എന്നെ നോക്കിയതും ചിറി കോട്ടി ചിരിച്ചതും ഇരുട്ടിന്റെ വലിയ നിഴൽ പോലെ എന്നെ തേടി നടന്നതും ആലോചിച്ചിരിക്കുകയായിരുന്ന എന്നെ ഉന്തിയുണർത്തിക്കൊണ്ട് , ‘ഏൻ ഇപ്പടി കോമണം കെട്ടി ആണ്ടിയാനാ .....ൻ ....’ എന്ന് അവർ കളിയാക്കും. പിന്നെ കുളി ഉടുപ്പിടൽ അമ്മയുടെ വക ചുവന്ന റിബൺ കൊണ്ട് ഇരുവശത്തും കൊമ്പുകെട്ടൽ ദോശ കഴിക്കൽ ഒക്കെ അവരുടെ, ‘എന്ന എന്ന യെന്ന യെന്ന യെന്ന ...’ എന്നപോലെയങ്ങ്  നടക്കും. ഇറങ്ങാൻ നേരം കൊച്ചു മരസ്റ്റൂൾ വലിച്ചിട്ട് അതിൽ കയറി കണ്ണാടിയിൽ ആപാദചൂഡം നോക്കി തൃപ്തിപ്പെടുന്ന നേരത്ത് ഗാനഗന്ധർവ​​​​​​​​െൻറ നനവൂറുന്ന ശബ്ദത്തിൽ റേഡിയോ പാടും...
‘തലൈവൻ ചൂട് നീ മലർന്തായ്, പിറന്ത പയനൈയ്  നീ അടന്തായ് ..... മലരേ..’ എന്ന നീട്ടി വിളിയിൽ, ‘ഓ ....’ എന്നു വിളി കേൾക്കാൻ മാത്രം എന്നെ തോന്നിപ്പിക്കുന്ന പാട്ടായിരുന്നു അത്. തരുവല്ലിയിൽ പൂത്തു കതിർ ചൊരിഞ്ഞു നിൽക്കുമ്പോഴും ദേവ​​​​​​​​െൻറ കോവിലിലേക്കുള്ള വഴി തേടുന്ന, ‘മലരേ നീ പെണ്ണല്ലവോ ....’ അരുമയോടെ നെഞ്ചത്തടക്കി പിടിക്കുന്നതു പോലെ.

സുന്ദരാംബാൾ ‘തിരുവിളൈയാടൽ’ എന്ന ചിത്രത്തിൽ
 

അന്ന് വീട്ടിൽ ടി.വിയില്ല. സിനിമ കാണലും നന്നേ കുറവ്. വായിക്കുന്ന കഥകളെല്ലാം ചലിക്കുന്ന കൊച്ചു കൊച്ചു ചിത്രങ്ങൾ പോലെയാണ് ഞാൻ അറിഞ്ഞിരുന്നത്‌. അതുകൊണ്ടു തന്നെ കഥകൾ തീർന്നാലും കലിഡോസ്കോപ് ഇളക്കി ചിത്രം കണ്ടുകൊണ്ടേ ഇരുന്നിരുന്നു മനസ്സ്​. പാട്ടുകൾക്കും എ​േൻറതായ കാഴ്ച്ചപ്പുറങ്ങൾ നടത്തിയിരുന്നു. ‘ഉന്നിടം മയങ്കുകിറേൻ, ഉള്ളത്താൽ  നെരുങ്കുകിറേൻ ...’ ആളൊഴിഞ്ഞ ഇരുട്ടു വീണുതുടങ്ങിയ ഒരു അമ്പലമുറ്റത്തെ ആലിൻ ചുവട്ടിൽ ഇരുന്ന് ഒരാൾ പാടുംപോലെ.  ‘കുരലോസൈ കുയിലോസൈ എൻട്ര്​, മൊഴി പേസ് അഴകേ നീ ഇൻട്ര്​...’ അയാളവിടെ ഒറ്റയ്ക്കാണെന്നും, ഇരുളടഞ്ഞ കാവും അരയാലും അയാളുടെ നിഴലിനെ മെല്ലെ മായ്ക്കുകയാണെന്നും, കണ്ണടച്ചൊരു ഓർമയിൽ അയാൾ തേഞ്ഞു പോവുകയാണെന്നും ഒക്കെയുള്ള ഒരു തേങ്ങൽ വല്ലാതെ വന്നു മുട്ടിയിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയ പി. വത്സലയുടെ ‘കനൽ’ വായിച്ച് ഞാൻ മുതിർന്ന പെൺകുട്ടിയായി എന്നു തിരിച്ചറിഞ്ഞ കാലം. ‘സീമന്തിനി നി​​​​​​​​െൻറ ചൊടികളിലാരുടെ പ്രേമ മൃദു സ്മേരത്തിൻ സിന്ദൂരം ...’ നിഴലും നിലാവും ഒളിച്ചു കളിക്കുന്ന പാതയിലൂടെ ഒരുവൾ മന്ദം മന്ദം നീങ്ങി. ഇതല്ല, അതല്ല എന്ന് ഞാൻ എഴുതിയും വെട്ടിയും നിറച്ച പുസ്തകങ്ങൾ. വർണപ്പൊട്ടുകൾ കുലുങ്ങുന്ന കലിഡോസ്കോപ് ഞാനെവിടേയോ കളഞ്ഞു കഴിഞ്ഞിരുന്നു. എ​​​​​​​​െൻറ തലയിണയോട്  ചേർന്നിരുന്ന് കുഞ്ഞു റേഡിയോ നനഞ്ഞു കുതിർന്ന സ്വരത്തിൽ ‘നിന്നിൽ ഞാൻ നിലയ്ക്കാത്ത വേദനയാകും, വേദനയാകും ...’ എന്നു പറയുമ്പോൾ വല്ലാതെ ശ്വാസം മുട്ടിയിരുന്ന കുരുന്നു കൗമാര മനസ്സ്​. ഒരാളുടെ മനസ്സിലെ നിലയ്ക്കാത്ത വേദനയാകുന്നതെന്തിന്, വല്ലപ്പോഴും ഊറുന്ന ഒരിറ്റു മധുരമായിക്കൂടെ ...? എന്ന്, ഞാനെന്റെ എഴുത്തു പുസ്തകത്തിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും തുല്യം പേജുകൾ ഒഴിച്ചിട്ട്  നടുപ്പേജിൽ വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചു.

‘വട്ടു കരുപ്പട്ടിയെ വാസമുള്ള റോസാവേ, കട്ട്റ്മ്പ് മൊച്ച്തിന്ന് സൊന്നാങ്കേ ....
കട്ട്കതെ അത്തനയും കട്ട്കതെ ....’ ആയിടക്ക് വായിച്ച ‘ഭുജംഗയ്യൻ’  തംബുരു മീട്ടി വേവലാതിയോടെ തലകുടഞ്ഞു പാടി. ‘സത്തിയമാ  നാനും അതെ ഒത്ത്ക്കലേ ....’
വീടായ വീടെല്ലാം ദീപങ്ങൾ കൊണ്ട് വെട്ടിത്തിളങ്ങുന്ന ദീപാവലിയുടെ തലേന്ന് രാത്രി വീടിന്റെ മുൻവശത്തും പിൻ വശത്തും മാത്രമല്ല ചാണകക്കുഴിക്കരികിൽ വരെ വിളക്കുകൾ കൊളുത്തി വെക്കുന്ന മാദള്ളിയിൽ വാശിയോടെ എന്തിനേയോ പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ് ഭുജംഗയ്യൻ ഉരുകി,
‘ഒത്ത്ക്കലേ.... ഒത്ത്ക്കലേ ...’ കുരുടൻ ഭുജംഗയ്യൻ മലർക്കെ തുറന്നിട്ട വാതിലിലൂടെ അകത്തേക്കു കയറിയ വെളിച്ചം മുറിക്കകം തൂത്തു വൃത്തിയാക്കാൻ തുടങ്ങി. മുറ്റത്ത്‌ ചാണക വെള്ളം തളിച്ച് സുശീല കോലമിട്ട്​ ഇറയത്തിരുന്ന് പൂമാല കോർത്തു. ‘ഉച്ചി വക്​ന്തെടുത്ത്​ പിച്ചിപ്പൂ വെച്ച കിളി ..’ എനിക്ക് ഭുജംഗയ്യ​​​​​​​​െൻറയും സുശീലയുടെയും പാട്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ടി.വിയിൽ ആ ഗാനരംഗം കണ്ടു ഞാൻ നടുങ്ങി. മാദള്ളിയിലെ മൺകുടിലിനു മുന്നിലിരുന്ന് ‘ഞാൻ സമ്മതിച്ചു തരില്ലാ ...’ എന്നയാൾ വാശി പിടിക്കുന്നു. നടുമുറ്റത്തെ കളത്തിലിരുന്ന് അവൾ ഉറഞ്ഞാടുന്നു.

സുന്ദരാംബാൾ റെക്കോർഡിങ്ങിൽ
 

ആഴവും പരപ്പും അളവും അറിയാത്ത മഹാനദി ഒരു വേവും വെപ്രാളവുമില്ലാതെ കട്ടക് എന്ന നഗരത്തെ വലം വെച്ച് പ്രൗഢിയോടെ ഒഴുകുകയാണ്​. നദീതീരത്തെ റിംഗ് റോഡിലൂടെ ഒരു  കാറിൽ  ഞങ്ങളുമൊഴുകി. നദിയിലേക്കിറങ്ങി നിൽക്കുന്ന മണൽത്തിട്ടയിൽ അനവധി കുഞ്ഞു സതീമന്ദിരങ്ങൾ  നെറുകയിൽ കുങ്കുമക്കൊടികൾ ഉയർത്തി നിന്നു. കടുകെണ്ണ മൂക്കുന്ന മണം തീരത്തെ കാറ്റിനുണ്ടായിരുന്നു. സാംബൽ പുരി  സാരിയാൽ തലമൂടിയ തോൾവളകൾ അണിഞ്ഞ സ്ത്രീകൾ, പിച്ചളക്കിണ്ണം മുട്ടി ശംഖു വിളിച്ച് നദിയിലേക്കു തിരിഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
‘തു  ശായര് ഹെ, മെ തേരി ശായരി ....
തു ആശിക് ഹെ, മെ തേരി ആശികീ ...’  
പുതിയ ജീവിതത്തി​​​​​​​​െൻറ ലഹരിയും തിടുക്കവും വേഗം കൂട്ടിയ വഴികൾ. പുരിയിലെ രഥവീഥികളിലൂടെ, സോമേശ്വർ പുരത്തെ ചിത്രവഴികളിലൂടെ, കൊനാർകിലെ ശിൽപവഴികളിലൂടെ, ഒപ്പം ഓടിക്കിതച്ചെത്തിയ പാട്ടുകൾ.
‘ദിൽ ഹെ കി മാന് താ നഹി ....’
ഗോപാൽപൂരിലേക്കുള്ള ഒരു യാത്രയിൽ ഒപ്പമിരുന്ന് കുമാർ സാനു പാടുകയായിരുന്നു.
‘പർ  സാമ്നെ ജബ് തും ആതെ ഹൊ ,
കുഛ് ഭി കഹ് നെ സെ ഡർതാ ഹെ ...’
വിജനമായ റോഡരികിൽ കോണകം മാത്രമുടുത്ത കുറെ ആണുങ്ങൾ ആളിക്കത്തുന്ന ഒരു ചിതക്കു ചുറ്റും  വലിയ മുളവടികളുമായി നിൽക്കുന്നത് കണ്ടതു മാത്രം ഓർമയുണ്ട്. കട്ടി പുകച്ചുരുളുകൾക്കിടയിലൂടെ ഊളിയിട്ടു പോയ കാറിലിരുന്ന്​ ഞെട്ടലോടെ അയാൾ പിറുപിറുത്തു...
‘സാജൻ സാജൻ .... ഓ മേരി സാജൻ ...’
മഹാനദിയുടെ ഒച്ചയില്ലാത്ത ഒഴുക്കുകൾക്കൊത്തു വളരുന്ന നനഞ്ഞ രാവുകൾക്കൊപ്പമല്ലാതെ പിപ്പിലിയിലെ കടുംനിറ തുണിത്തോരണങ്ങൾ പാറുന്ന പാതയരികുകൾക്കൊപ്പമല്ലാതെ  മഹാഭാംഗി​​​​​​​​െൻറയും ചനാ പഡ്​വയുടെയും ഗന്ധം പരക്കുന്ന പുരിയിലെ ഊടുവഴികൾക്കൊപ്പമല്ലാതെ, കൊണാർക്കിലെ കാമം തിളച്ചാവി പാറുന്ന കാഴ്ച്ചകൾക്കൊപ്പമല്ലാതെ, കുമാർ സാനുവിനെയും അൽക യാഗ്നിക്നേയും അനുരാധ പൊഡ്​വാളിനേയും  കേൾക്കാൻ ആവില്ല.

തു ഷായര്​ ഹെയ്​ൻ...: ചിത്രം: സാജൻ (1991). ഗായിക: അൽക യാഗ്​നിക്​
 

നെറുകന്തലയിൽ പുൽ നാമ്പു പോലെ ഒന്നു രണ്ടു കുഞ്ഞു മുടികൾ മാത്രമുള്ളവനെ  ചേർത്തു പിടിച്ച് ഉച്ചച്ചൂടിൽ മയങ്ങിക്കിടക്കുമ്പോൾ സ്വപ്നം പോലെ ചെവിയിൽ ആരോ മൂളി..
‘അല്ലിമലർക്കാവിൽ പൂരം കാണാൻ ,
അന്നു നമ്മൾ പോയി രാവിൻ നിലാവിൽ ...’

അല്ലിമലർ കാവിൽ പൂരം കാണാൻ....ചിത്രം: മിഥുനം. രചന:ഒ.എൻ.വി. സംഗീതം: എം.ജി.രാധാകൃഷ്​ണൻ. പാടിയത്​: എം.ജി. ശ്രീകുമാർ
 


ഉറക്കത്തി​​​​​​​​െൻറ പടിക്കപ്പുറത്തിരുന്ന് ആരോ  വെറുതെ തേങ്ങുന്നതു പോലെ. വയമ്പി​​​​​​​​െൻറയും കുഴമ്പി​​​​​​​​െൻറയും ചന്ദനത്തി​​​​​​​​െൻറയും മഞ്ഞളി​​​​​​​​െൻറയും പാലി​​​​​​​​െൻറയും മണമുള്ള മയക്കത്തിൽ മുഖം വ്യക്തമാകാത്ത രണ്ടുപേർ ഒരു ഊഞ്ഞാലിലിരുന്നാടി. കുഞ്ഞി കറുത്ത പുള്ളിക്കുത്തുള്ള പിങ്ക് ശലഭങ്ങൾ എനിക്കു ചുറ്റും പറന്നു. ശോകനാശിനിയുടെ തീരത്തുകൂടെ, മഹാനദിക്കരയിലൂടെ രണ്ടുപേർ കൈകൾ ചേർത്തു പിടിച്ച് പാഞ്ഞു പോയി. അവർ ഇടക്കിടെ ചിരിക്കുകയും എന്തോ പാടുകയും ചെയ്തിരുന്നു .
‘പിന്നെയും ചിരിക്കുന്നു പൂവുകൾ,
മണ്ണിലീ വസന്തത്തിൻ ദൂതികൾ
ഋതു ശോഭയാകെ ഒരു കുഞ്ഞു പൂവിൽ ...’  വേലിക്കൽ നിറയെ ചുവന്ന പൂക്കളുമായി നിൽക്ക​ുന്ന കൊണ്ട ചെമ്പരത്തി ജനലിലൂടെ തലയിട്ട് കുഞ്ഞിനെ നോക്കി ചിരിച്ചു. പിന്നെ ഒരു കരിമൊട്ടിനെ മെല്ലെ തഴുകി ഉമ്മ വെച്ച് മാറോടു ചേർത്തു പിടിച്ചു.

 

 

Show Full Article
TAGS:musicnostalgia pattorma chillu midhunam 
News Summary - a memmory of old song chaithram chayam chalichu in Pattorma
Next Story