Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightരണ്ടു മാന്ത്രികന്മാർ...

രണ്ടു മാന്ത്രികന്മാർ കണ്ടുമുട്ടിയപ്പോൾ..

text_fields
bookmark_border
രണ്ടു മാന്ത്രികന്മാർ കണ്ടുമുട്ടിയപ്പോൾ..
cancel

സി.ഒ. ആൻറോ, നടേഷ് ശങ്കര്‍, റാഫി പിന്നെ ഞാനുമടങ്ങുന്ന നാല്‍വര്‍ സംഘം ജോണ്‍സണ്‍, രവീന്ദ്രന്‍, എസ്​.പി വെങ്കടേഷ് തുടങ്ങിയ സംഗീത സംവിധായകരുടെ സംഘഗായകരായി (കോറസ്​) തിളങ്ങുന്ന കാലം. റാഫി കാത്തലിക് സിറിയന്‍ ബാങ്കിലും ഞാന്‍ ‘ഇന്ത്യാ ടുഡേ’യിലും ആയിരുന്നതു കൊണ്ട് കോള്‍ഷീറ്റ് തുടങ്ങുമ്പോള്‍ തന്നെ സ്റ്റുഡിയോയില്‍ എത്തണമെന്നില്ല. സമയമാകുമ്പോള്‍ മ്യൂസിക് ഇന്‍ചാര്‍ജ് ഫോണ്‍ ചെയ്യും. റെക്കോഡിംഗ് തുടങ്ങുമ്പോഴേക്ക് എത്തിച്ചേര്‍ന്നാല്‍ മതി. മാസത്തില്‍ എട്ടോ പത്തോ റെക്കോഡിംഗ് ഉറപ്പ്. ഒരിക്കല്‍ മ്യൂസിക് ഇന്‍ചാര്‍ജ് വിന്‍സ​​​​െൻറ്​ അറിയിച്ചു - “ഒരാഴ്ച ലീവ് എടുത്തേ തീരൂ. എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രി വരെ മീഡിയ ആര്‍ട്ടിസ്റ്റില്‍ റെക്കോഡിംഗ് ഉണ്ട്.” മറ്റൊരു കാര്യം കൂടി വിൻ​സ​​​​െൻറ്​ പറഞ്ഞു- ‘‘മുഖ്യഗായകനോ ഗായികയോ ആരുമില്ല. എല്ലാം സംഘഗാനങ്ങളാണ്. സംഗീത സംവിധായകന്‍ ഗായകരുടെ ശബ്ദം കേട്ടശേഷം മികച്ചവരെ തെരഞ്ഞെടുക്കും. അതിനായി ഒരു ശബ്ദപരിശോധനയ്ക്കു കൂടി വിധേയമാകണം..’’ പാട്ടുപാടാതെ ചുണ്ടനക്കി ശമ്പളം പറ്റുന്നസംഘഗായകരും കോടമ്പാക്കത്തുണ്ടെന്ന്‌ സംഗീതസംവിധായകന്‍ നേരത്തെ അറിഞ്ഞിട്ടുണ്ടാകണം. പ്രശസ്ത സംഗീതസംവിധായകരുടെ ആസ്ഥാന ഗായകരായി വിലസുന്ന ഞങ്ങള്‍ക്ക് പുതിയ ശബ്ദപരിശോധന വിചിത്രമായി തോന്നി. താറാക്കുഞ്ഞുങ്ങളെ നീന്തല്‍ പഠിപ്പിക്കുകയോ! എങ്കിലും ഒരാഴ്ചത്തെ റെക്കോഡിംഗ് അല്ലേ. നല്ലൊരു തുക പ്രതിഫലമായി ലഭിക്കുമെന്നുറപ്പ്.

കോടമ്പാക്കത്തു നിന്ന് ആറു കിലോമീറ്റര്‍ അകലെ രാജാ അണ്ണാമലപുരം എന്ന സ്ഥലത്ത് ചാമിയേഴ്‌സ് റോഡിലെ ഒരു വമ്പന്‍ ഹോട്ടലില്‍ വച്ചാണ് ശബ്ദപരിശോധന. സംഗീതസംവിധായകന്‍ അവിടെയാണ് താമസം. തമിഴ്‌നാട്ടിലെ എം.എൽ.എമാരും മന്ത്രിമാരും താമസിക്കുന്നത് ചാമിയേഴ്‌സ് റോഡി​​​​​െൻറ  വശത്തായതിനാല്‍ പരിസരമാകെ എപ്പോഴും പോലീസ്​ നിരീക്ഷണത്തിലായിരിക്കും. ഞങ്ങള്‍ സംഘഗായകരെല്ലാം നിശ്ചിത ദിവസം രാവിലെ ഹോട്ടലിലെത്തി. തൃശൂരിലെ സംഗീതവേദികളിലെ നിറസ്സാന്നിധ്യമായ തൃശൂര്‍ മണിയും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പിന്നണിഗാന രംഗത്ത് അവസരം കാത്ത് മണി മദിരാശിയില്‍ കഴിയുന്ന കാലമാണത്​. ആദ്യം കോറസ്​ പാടാൻ മടിച്ചെങ്കിലും ഒടുവില്‍ ഞങ്ങളുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി മണി സമ്മതം മൂളി. പ്രതിഫലത്തി​​​​​െൻറ വലിപ്പവും പ്രധാന കാരണമായിരുന്നു. കോറസ് പാടുന്നവരെ ഒരിക്കലും സ്വതന്ത്ര ഗായകരായി സംഗീത സംവിധായകർ പരിഗണിക്കില്ലെന്ന വിശ്വാസം അക്കാലത്ത് പ്രബലമായിരുന്നു. മണി അതുകൊണ്ടാണ് മടികാട്ടിയത്.

പണ്ഡിറ്റ്​ രവിശങ്കർ
 

ഹാളിലേക്കു കടന്നപ്പോള്‍ നീന്തല്‍ പഠിക്കാന്‍ ചെന്ന താറാക്കുഞ്ഞുങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി! മടിയിലൊരു സിത്താറും വെച്ച്​ അതാ മുന്നിലിരിക്കുന്നു സംഗീത സംവിധായകൻ. സിത്താറിൽ മാന്ത്രികത സൃഷ്​ടിക്കുന്ന സാക്ഷാൽ പണ്ഡിറ്റ്​ രവിശങ്കർ. ഞങ്ങളുടെ ശരീരത്തിൽ എവിടെ നിന്നോ വിറയൽ കയറി വന്നു.

അദ്ദേഹം അമേരിക്കയില്‍ നിന്ന് എത്തിയിരിക്കുകയാണ്. രവിശങ്കറിനൊപ്പം അദ്ദേഹത്തി​​​​​െൻറ മലയാളിയായ ഭാര്യ സുകന്യയും മകള്‍ അനുഷ്‌കയും ഇരിപ്പുണ്ട്. പ്രശസ്ത നൃത്തദമ്പതിമാരും രവിശങ്കറി​​​​​െൻറ സുഹൃത്തുക്കളുമായ വി.പി. ധനഞ്ജയനും ഭാര്യ ശാന്താ ധനഞ്ജയനും മറ്റൊരു വശത്ത് ഇരിക്കുന്നു. അവരുടെ നൃത്തസംഘത്തിലെ ഗായകരും ശബ്ദപരിശോധനക്കായി എത്തിയിട്ടുണ്ട്​. വിന്‍സ​​​​െൻറ ഓരോരുത്തരെയും രവിശങ്കറിനു പരിചയപ്പെടുത്തിയപ്പോള്‍ കോടമ്പാക്കത്തെ സംഗീതലോകമാകെ തങ്ങളുടെ കാല്‍ച്ചുവട്ടിലാണെന്ന മട്ടില്‍ നെഞ്ചുവിരിച്ച് നടന്നിരുന്ന ഞങ്ങൾ ആ മഹാമനുഷ്യ​​​​​െൻറ സ്‌നേഹോഷ്മളമായ വിനയത്തിനു മുന്നിൽ തകര്‍ന്നു തരിപ്പണമായി. ആദ്യം എല്ലാവര്‍ക്കും ഓരോ കപ്പ് ചൂടു ചായ. പിന്നെ ശബ്ദപരിശോധനയുടെ ഭാഗമായി ഓരോരുത്തരായി പാടാന്‍ തുടങ്ങി. അങ്ങനെ എ​​​​​െൻറ ഉൗഴമായി. ‘ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും...’ എന്ന്​ ഞാന്‍ പാടിയപ്പോള്‍ ഗുരുവായൂര്‍ക്കാരിയായ സുകന്യ ശ്രദ്ധിക്കാതിരുന്നില്ല.

അടുത്ത ദിവസം രാവിലെ എല്ലാവരും റോയപ്പേട്ടയിലെ മീഡിയ ആര്‍ട്ടിസ്​റ്റ്​ സ്​റ്റുഡിയോയിലെത്തി. സ്റ്റുഡിയോയും പരിസരവും പോലീസ്​ നിരീക്ഷണത്തിലും സംരക്ഷണത്തിലുമായിരുന്നു. റെക്കോഡിംഗ് സ്​റ്റുഡിയോയിലെ പോലീസ്​ വലയം കണ്ട്​ ഞങ്ങൾ പിന്നെയും ഞെട്ടി. അങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്​.
പോലീസ്​ കാവലിൽ റെക്കോർഡിങ്ങോ...!!!
സംഗീത സംവിധായകന്‍ ലോകപ്രശസ്തനായ സംഗീതജ്ഞനാണല്ലോ. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ​​​​​െൻറ നിയന്ത്രണത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങളും മറ്റും. ഗായകരെയും വാദ്യകലാകാരന്മാരെയുമല്ലാതെ മറ്റാരെയും സ്​റ്റുഡിയോയിൽ വേശിപ്പിച്ചിരുന്നില്ല.

ഭഗവത്ഗീതയിലും മറ്റു ചില പുരാണകാവ്യങ്ങളിലുമുള്ള കുറെ സംസ്‌കൃത ശ്ലോകങ്ങള്‍ ഞങ്ങള്‍ എഴുതിയെടുത്ത് പരിശീലിച്ചുകൊണ്ടിരുന്നു. പതിനാറു ശ്ലോകങ്ങളാണ് വിവിധ രാഗങ്ങളില്‍ പാടേണ്ടത്.കോടമ്പാക്കത്തെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാര്‍ വാദ്യോപകരണവിഭാഗം കൈകാര്യം ചെയ്യുന്നു. കല്യാണ്‍, സെബാസ്റ്റ്യന്‍, ശശി, ഗിരിജന്‍ തുടങ്ങിയ വയലിന്‍ വിഭാഗമാകട്ടെ റെക്‌സ് മാസ്റ്ററുടെ നിയന്ത്രണത്തിലും. റിഹേഴ്‌സല്‍ കൊഴുക്കുമ്പോള്‍ ആറടിയിലധികം ഉയരമുള്ള സുമുഖനായ ഒരു സായിപ്പ് വീഡിയോ ക്യാമറയുമായി ഹാളിലെത്തി പാട്ടുകാരെയും വാദ്യകലാകാരന്മോരെയും വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ഓര്‍ക്കസ്ട്ര ഒന്നടങ്കം എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. പലര്‍ക്കും അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹത്തെ മനസ്സിലാകാത്തവരുടെ കൂട്ടത്തിലായിരുന്നു ഞാനും. റെക്‌സ് മാസ്റ്റര്‍ അദ്ദേഹത്തി​​​​​െൻറ കൈപിടിച്ച് സ്വന്തം നെറുകയില്‍ വയ്ക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമൊക്കെ ചെയ്തപ്പോള്‍ ഞാന്‍ അന്തംവിട്ടുപോയി! റെക്‌സ് മാസ്റ്റരുടെ കൂടെ നിന്നു പലരും ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമൊക്കെ ചെയ്യുന്നത് ഞാന്‍ പലപ്പോഴുംകണ്ടിട്ടുണ്ട്. സായിപ്പിനെ കുറിച്ച്‌റെക്‌സ് മാസ്റ്ററോടു തന്നെ ഞാന്‍ അന്വേഷിച്ചു.
“അയ്യോ...! ബാബുവിനു ആളെ മനസ്സിലായില്ലേ...? ലോകത്തി​​​​​െൻറ ഇടിമുഴക്കമാണത്​..! ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബീറ്റില്‍സിലെ ഗായകനും ഗിറ്റാറിസ്​റ്റുമായ ജോര്‍ജ് ഹാരിസണ്‍!”
ഞങ്ങളെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടിരുന്നയാൾ ജോര്‍ജ് ഹാരിസൺ ആണെന്ന്​ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ബോധംകെട്ട് വീണില്ലെന്നേയുള്ളു.  പുറത്തെ സുരക്ഷാ സന്നാഹങ്ങളുടെ കാരണം അപ്പോഴാണ്​ ശരിക്ക​ും വ്യക്തമായത്.

ബീറ്റ്​ൽസ്​ ഗിറ്റാറിസ്​റ്റും ഗായകനുമായ ജോർജ്​ ഹാരിസണും
 

ജോര്‍ജ് ഹാരിസണും രവിശങ്കറും ചേര്‍ന്നുള്ള ഒരു ആല്‍ബത്തി​​​​​െൻറ റെക്കോഡിംഗാണ് നടക്കുന്നത്. അതീവരഹസ്യമായാണ് റെക്കോഡിംഗ് ഓരോ ദിവസവും പുരോഗമിച്ചുകൊണ്ടിരുന്നത്. പുറംലോകമോ പത്രക്കാരോ ഇതൊന്നുമറിഞ്ഞിട്ടില്ല. വാര്‍ത്ത പ്രചരിച്ചാല്‍ ജനപ്രളയമാകും ഫലം. പിന്നെ റെക്കോഡിംഗ് നടന്നെന്നു വരില്ല. ക്രമസമാധാന പ്രശ്‌നമാകും മുഖ്യവിഷയം. പാട്ടുകാര്‍ക്കിടയില്‍ ഒരു പത്രക്കാരനുണ്ടെന്നവിവരം വേണ്ടപ്പെട്ടവരാരും അറിഞ്ഞിരുന്നില്ല. ഞാന്‍ ശരിക്കും ചാരനായി. വിവരം ‘ഇന്ത്യാ ടുഡേ’യില്‍ അറിയിച്ചു. വിവരമറിഞ്ഞതും ഡെസ്‌കില്‍ നിന്ന് ഡെപ്യൂട്ടി കോപ്പി എഡിറ്റര്‍ വിജയചന്ദ്രന്‍ ക്യാമറാമാനുമായി പാഞ്ഞെത്തി. ഫോട്ടോ എടുക്കാനൊന്നും അനുവദിച്ചില്ലെങ്കിലും ഇടവേളയില്‍ ആല്‍ബത്തി​​​​​െൻറ വിവരങ്ങള്‍ സുകന്യാ ശങ്കര്‍ വിജയചന്ദ്രനോടു വിശദീകരിച്ചു. എത്ര സൂക്ഷിച്ചിട്ടും വാര്‍ത്ത ചോര്‍ന്നതില്‍ അവര്‍ അദ്​ഭുതപ്പെട്ടപ്പോള്‍ വിജയചന്ദ്രന്‍ എന്നെ നോക്കി കണ്ണിറുക്കി.

‘ഇന്ത്യാ ടുഡേ’യുടെ എല്ലാ എഡിഷനിലും രവിശങ്കറി​​​​​െൻറയും ജോര്‍ജ് ഹാരിസ​​​​​െൻറയും ഫോട്ടോകള്‍ സഹിതം വാര്‍ത്ത വന്നു. രവിശങ്കറും ജോര്‍ജ് ഹാരിസണും ഒന്നിച്ച ഏറ്റവും ഒടുവിലത്തെ ആല്‍ബമായ ‘ചാൻറ്​സ്​ ഓഫ് ഇന്ത്യ’യുടെ റെക്കോഡിംഗ് മദിരാശിയില്‍ നടന്ന വാര്‍ത്ത മറ്റാര്‍ക്കും ലഭിച്ചില്ല. വേദമന്ത്രങ്ങളുടെ ആലാപനം ഇന്ത്യന്‍ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ റെക്കോഡ് ചെയ്തിട്ട് അതി​​​​​െൻറ പാശ്ചാത്യ ഓര്‍ക്കസ്‌ട്രേഷന്‍ ഓക്‌സ്‌ഫോഡ് ഷെയറില്‍ ഹാരിസ​​​​​െൻറ സ്​റ്റുഡിയോയിലാണ് നിര്‍വഹിച്ചത്. മീഡിയാ ആര്‍ട്ടിസ്റ്റിലെ റെക്കോഡിംഗ് ഓര്‍ക്കസ്ട്ര കല്യാണ്‍ നിയന്ത്രിച്ചപ്പോള്‍ ഗായകരെ നിയന്ത്രിച്ചത്​ അനുഷ്‌കയായിരുന്നു. എത്ര വിദഗ്ധയായ സിത്താര്‍ കലാകാരിയാണ് അനുഷ്‌കയെന്ന് പിന്നീട് കാലം തെളിയിച്ചു.

അനുഷ്​ക ശങ്കർ
 

ഹാരിസണ്‍ നിര്‍മിച്ച് രവിശങ്കര്‍ സംഗീതം നല്‍കിയ ‘ചാൻറ്​സ്​ ഓഫ് ഇന്ത്യ’ ആ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച സംരംഭമായിരുന്നു. പ്രകൃതിയും സര്‍വചരാചരങ്ങളും സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ഒന്നാകുന്ന പ്രമേയം. 1997ല്‍ പുറത്തിറക്കിയ ആല്‍ബം രവിശങ്കറി​​​​​െൻറ മാസ്റ്റർപീസായാണ്​ കരുതപ്പെടുന്നത്. യു.കെയിലും യു.എസിലും തുടര്‍ന്ന് ലോകത്തി​​​​​െൻറ വിവിധ ഭാഗങ്ങളിലുമായി സംഗീത മനസ്സുകള്‍ മുഴുവന്‍ കീഴടക്കി ‘ചാൻറ്​സ്​ ഓഫ് ഇന്ത്യ’ ജൈത്രയാത്ര നടത്തി. രവിശങ്കറി​​​​​െൻറ 60 വര്‍ഷത്തെ സംഗീത സപര്യയിലെ ഏറ്റവും മികച്ച സൃഷ്ടിയെന്ന് സംഗീത നിരൂപകരും മാധ്യമങ്ങളും വിലയിരുത്തിയപ്പോള്‍ ലോകം കണ്ട ഏറ്റവും മഹത്തായ സംഗീതസംരംഭമായി ‘ചാൻറ്​സ്​ ഓഫ് ഇന്ത്യ’ വിലയിരുത്തപ്പെട്ടു.

ജോർജ്​ ഹാരിസണിനെ സിത്താർ പരിശീലിപ്പിക്കുന്ന രവി ശങ്കർ
 

എത്ര മഹത്തരമായ ഒരു സംരംഭത്തിലാണ് എനിക്കു പങ്കെടുക്കാനായതെന്ന് ഓര്‍ക്കുമ്പോള്‍ തികഞ്ഞ അഭിമാനം തോന്നുന്നു.. പില്‍ക്കാലത്ത് ‘ചാൻറ്​സ്​  ഓഫ് ഇന്ത്യ’ ഇൻറർനെറ്റിൽനിന്ന്​ കേട്ടപ്പോള്‍ അങ്ങേയറ്റം സന്തോഷം തോന്നി. ഇതാ, ഇൗ ശബ്​ദമാണ്​ എ​േൻറതെന്ന്​ വേർതിരിച്ച്​ പറയാനാവില്ലെങ്കിലും ആ ആൽബത്തിൽ എ​​​​​െൻറ ശബ്​ദവും ചേർന്നിട്ടുണ്ടല്ലോ എന്നോർക്കു​േമ്പാൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. എ​​​​​െൻറ സംഗീതജീവിതത്തിന്​ എന്തെങ്കിലും അർത്ഥമുണ്ടായതായി തോന്നുന്നത്​ ഈ ആല്‍ബത്തെക്കുറിച്ച്​ ഒാർക്ക​ു​േമ്പാഴാണ്​. ആല്‍ബത്തി​​​​​െൻറ വിശദാംശങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ഗായകരുടെ പട്ടികയില്‍ ‘ബാബു’ എന്ന പേരു വായിച്ചപ്പോഴുണ്ടായ ആനന്ദം വാക്കുകളില്‍ ഒതുങ്ങില്ല. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോര്‍ജ് ഹാരിസണ്‍ ആല്‍ബം പുറത്തിറങ്ങി അധികം താമസിയാതെ 2001ല്‍ കാന്‍സര്‍ ബാധിതനായി അന്തരിച്ചു. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ഹാരിസണെ അനുസ്മരിച്ചപ്പോള്‍ ‘കണ്‍സര്‍ട്ട് ഓഫ് ജോര്‍ജ്’ എന്ന പരിപാടിയില്‍ ‘ചാൻറ്​സ്​ ഓഫ് ഇന്ത്യ’യില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ അനുഷ്‌ക സിത്താറില്‍ വായിച്ചു. അദ്ദേഹം ധരിച്ചിരുന്ന ഗൗണ്‍ 19000 യു.എസ് ഡോളറിന് ഒരു ആരാധകന്‍ സ്വന്തമാക്കി. സിത്താര്‍ തന്ത്രികളില്‍ ലോകം കീഴടക്കിയ രവിശങ്കറും 2012ൽ ഈ ലോകത്തോടു വിടപറഞ്ഞു.

സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്​റ്റർ
 

വര്‍ഷങ്ങള്‍ക്കു ശേഷം മീഡിയാ ആര്‍ട്ടിസ്റ്റ് അഗ്നിക്കിരയായി. രവീന്ദ്ര​​​​​െൻറ റെക്കോഡിംഗ് തുടര്‍ച്ചയായി നടക്കുന്നതിനിടയിലെ ഒരു രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം അഗ്നി പടരുകയായിരുന്നു. കത്തിക്കരിഞ്ഞ സംഗീതോപകരണങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ രവീന്ദ്രനു നല്‍കിയ ഫോര്‍സെറ്റ് കണ്ണന്‍ ഹർമോണിയവും ഉണ്ടായിരുന്നു. രവീന്ദ്ര​​​​​െൻറ മിക്ക ഫോട്ടോകളിലും ആ ഹർമോണിയം കാണാം. വര്‍ഷങ്ങളോളം ഞാന്‍ ഉപയോഗിച്ചിരുന്ന ആ ഹർമോണിയം അദ്ദേഹത്തി​​​​​െൻറ സ്‌നേഹനിര്‍ഭരമായ നിര്‍ബന്ധത്തിനു വഴങ്ങി നല്‍കുകയായിരുന്നു. രണ്ടു ലോകോത്തര സംഗീതജ്ഞന്മാരുടെ കൂട്ടുസംരംഭമായ 'ചാന്റ്‌സ് ഓഫ് ഇന്ത്യ' അവരുടെ സൗഹൃദത്തിന്റെ അടയാളമായി ആസ്വാദക ഹൃദയങ്ങളില്‍ ഇന്നുംനിറഞ്ഞുനില്‍ക്കുന്നു. അതിന്റെ ഭാഗമായി മീഡിയ ആര്‍ട്ടിസ്റ്റ് എന്ന സ്റ്റുഡിയോയും. ആ മഹത്തായ സംരംഭത്തിൽ ചെറിയൊരു ഭാഗമായി എന്നത്​ എ​​​​​െൻറ ജീവിതത്തിലെ വലിയ കാര്യമായി ഇന്നും സൂക്ഷിക്കുന്നു.

 

Show Full Article
TAGS:Ravi Shankar George Harrison Anushka Shankar Beatles Chants of India 
News Summary - memmory of Chants of india in kodambakkam kadhakal
Next Story