Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightലയതാള സംഗീതമൊഴുകുന്ന...

ലയതാള സംഗീതമൊഴുകുന്ന വയലാറിന്‍െറ ഗാനധാര

text_fields
bookmark_border
ലയതാള സംഗീതമൊഴുകുന്ന വയലാറിന്‍െറ ഗാനധാര
cancel

മലയാള ഗാനചരിത്രത്തിലെ ഏറ്റവും മഹാനായ പാട്ടെഴുത്തുകാരനാണ് വയലാര്‍ രാമവര്‍മ്മ. ആധുനിക മലയാള ഗാനരചനയുടെ കുലപതി എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം അദ്ദേഹമാണ് നമ്മള്‍ ഇന്ന് പിന്തുടരുന്ന പാട്ടു ശൈലിയുടെ ഉപജ്ഞാതാവ്. സംഗീതമെന്നപോലെ രചനാപരമായും അപക്വശൈലിയിലായിരുന്ന ഗാനശാഖയുടെ ബാലാരിഷ്ടതകള്‍ മാറ്റി ഉത്തമമായ രൂപഘടനയിലേക്ക് അതിനെ മാറ്റിയെടുത്ത് എല്ലാ കാലത്തേക്കുമുള്ള വാര്‍പ്പുമാതൃക സൃഷ്ടിച്ചത് വയലാറാണ്. അദ്ദേഹവും ദേവരാജന്‍ മാഷും ചേര്‍ന്നൊരുക്കിയ പാട്ടുകളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ഐഡിയല്‍ എന്ന് പറയാവുന്ന പാട്ടുശൈലി. ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓര്‍ഫ്യൂസ് ആണ് വയലാര്‍ എന്നാണ് ഓ. എന്‍. വി. കുറുപ്പ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. വയലാര്‍ പിന്തുടര്‍ന്ന പാട്ടെഴുത്തുശൈലിയുടെ വികലമായ അനുകരണങ്ങളാണ് പിന്നീട് നാം കേട്ട ഒട്ടുമിക്ക പാട്ടെഴുത്തുകാരും പിന്തുടര്‍ന്നത്. അതിന്‍െറ ഏറെ വികലവും അപക്വവുമായ ശൈലിയാണ് ഇന്നുള്ളതെന്നും പറയേണ്ടി വരും. 
വയലാര്‍ ഗാനങ്ങളെ അനേക തലങ്ങളില്‍ നിന്ന് നോക്കിക്കാണുകയും പഠനം നടത്തുകയും ചെയ്തിട്ടുണ്ട് പലരും. നാല്‍പ്പത്തിയെട്ടാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞിട്ട് ഈ മാസം 27ന് 41 വര്‍ഷം കഴിയുന്നു. ഇക്കാലമത്രയും എഴുതപ്പെട്ട ഗാനാസ്വാദകലേഖനങ്ങള്‍ അദ്ദേഹത്തിന്‍െറ ഗാനങ്ങളെ അനേകതലങ്ങളില്‍ നിന്ന് വീക്ഷിച്ചിട്ടുമുണ്ട്. ഒരോവട്ടം കേള്‍ക്കുമ്പോഴും പുതിയ അര്‍ത്ഥതലം, ഭാവനാലോകം ഇതൊക്കെ ക്ളാസിക്കല്‍ കൃതികള്‍ക്കെന്നപോലെ വയലാറിന്‍െറ ഗാനങ്ങള്‍ക്കുമുണ്ട്. അതുകൊണ്ട് ഒരു ലേഖനത്തിലോ പുസ്തകത്തിലോ ഒതുക്കാന്‍ കഴിയുന്നതല്ല അദ്ദേഹത്തിന്‍െറ ഗാനങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍.
വയലാറിന്‍െറ എഴുത്തിന്‍െറ ശൈലി അത് വളരെ സംഗീതാത്മകമാണെന്നതാണ്. അതാണ് ദേവരാജന്‍ മാഷിന് അദ്ദേഹം എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായത്. 
ഒ.എന്‍.വി മുതലുള്ള നമ്മുടെ ഒട്ടുമിക്ക പാട്ടെഴുത്തുകാര്‍ക്കും സംഗീതവുമായി നല്ല ബന്ധമായിരുന്നു. കൈതപ്രം ഒരു സംഗീതജ്ഞന്‍ തന്നെയാണ്. ഗിരീഷ് പുത്തഞ്ചേരിയും ശ്രീകുമാരന്‍ തമ്പിയും ബിച്ചുതിരുമലയുമൊക്കെ സംഗീതാവബോധം ഉള്ളവരായിരുന്നു. സംഗീതസംബന്ധിയായ വാക്കുകളും രാഗങ്ങളുടെ പേരുകളുമൊക്കെ മിക്ക എഴുത്തുകാരുടെയും ഗാനങ്ങളില്‍ കാണം. എന്നാല്‍ അത് ഏറ്റവും കുറച്ചുള്ളത് വയലാറിന്‍െറ ഗാനങ്ങളിലാണ്. എന്നാല്‍ ഭാഷകൊണ്ട് ഏറ്റവും മനോഹരമായ സംഗീതാത്മക ഗാനങ്ങള്‍ വയലാറിന്‍െറതായിരുന്നു എന്നും കാണാം. നിരവധി ചലച്ചിത്രങ്ങള്‍ക്കായി സംഗീതവും നൃത്തവും ഒക്കെ പശ്ചാത്തലമാകുന്ന അനവധി ഗാനങ്ങള്‍ വയലാര്‍ എഴുതിയിട്ടുണ്ട്. അതില്‍ മിക്കതും എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുമാണ്. തന്നെയുമല്ല, പലതും അത്യുദാത്തങ്ങളായ ഭാവനകൊണ്ട് ആസ്വാദകരെ വല്ലാതെ ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തവയാണ്്. സംഗീതശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന വാക്കുകള്‍ തിരഞ്ഞുപിടിച്ച് ഉപയോഗിക്കാനാണ് പലരും ഇത്തരം ഗാനങ്ങളില്‍ ശ്രമിച്ചിട്ടുള്ളതെങ്കില്‍ വയലാര്‍ അവിടെയൊക്കെ കവ്യഭാവനകൊണ്ടും വാക്കുകളുടെ താളാത്മകപ്രയോഗങ്ങള്‍കൊണ്ടും വരികളില്‍ സംഗീതം സൃഷ്ടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഉദാഹരണമായി, ശിവന്‍െറ തപസ്സിളക്കാന്‍ നടത്തുന്ന നൃത്തത്തിന്‍െറ പശ്ചാത്തലത്തിലാണ് ‘പാലാഴി കടഞ്ഞെടുത്തോരഴകാണുഞാന്‍..’ എന്ന ‘സ്വാമി അയ്യപ്പനി’ലെ ഗാനം. 
ഒന്നിലേറെ ചരണങ്ങളുള്ള ഈ ഗാനം നൃത്താവിഷ്കാരത്തിനായി പല്ലവിയില്‍ അദ്ദേഹമെഴുതിയപോലെ  ‘കാഞ്ചനച്ചിലമ്പണിഞ്ഞ കല’ എന്നതുപോലെ ചങ്ങമ്പുഴയുടെ കാവ്യശൈലിയെ ഓര്‍മ്മിപ്പിക്കുന്ന ഗാനമാണ്. 
‘അനങ്ങുമ്പോള്‍ കിലുങ്ങുന്നൊരരഞ്ഞാണവും
മെയ്യില്‍ നനഞ്ഞപൂന്തുകില്‍ മൂടും ഇളം നാണവും
വലംപിരി ശംഖിനുള്ളില്‍ ജലതീര്‍ത്ഥവും
കേളി നളിനത്തില്‍ നിറയുന്ന മധുബിന്ദുവും തന്ന്..’ 
തുടങ്ങിയ വരികളില്‍ കാവ്യഭാവനയെക്കാള്‍ മുഴങ്ങിക്കേള്‍ക്കുന്നത് സംഗീതമാണ്. 

‘പട്ടുനിലാത്തുകില്‍ ചുറ്റിയുടുത്തൊരു പൂച്ചെണ്ട്
മത്തമരാളവികാരസരസ്സിലെ നീര്‍ച്ചെണ്ട്
പൂത്തമുഖങ്ങളില്‍ മുത്തുകിളിര്‍ത്തൊരു നേരത്ത്
കണ്‍മുനക്കൊടികള്‍ കൊണ്ടു കാമമലരമ്പുതൂകുമതിന്‍
പ്രാണഹര്‍ഷവുമായ്..’
തുടങ്ങിയ വരികള്‍ പ്രഫുല്ലമായ ഭാവനക്കൊപ്പം ചടുലമായ ഭാഷാപടുത്വവും ചടുലതാള നിര്‍ഝരിതൂകുന്നവയുമാണ്. അതേ ദ്രുതഭാവമാര്‍ന്ന ഈണമാണ് ദേവരാജന്‍ മാഷ് ആ ഗാനത്തിന് നല്‍കിയിരിക്കുന്നത്. 
‘മണി കങ്കണ കൈകളില്‍ പാല്‍ക്കടലമൃതോടെ..
ഇലത്താളം പിടിക്കു ലതാദികളേ
കൊഞ്ചും ഇളനെഞ്ചില്‍ പുതുമലര്‍ശരമഞ്ചും
മുഖമഞ്ചുന്നൊരുമദമായ്...’
 എന്നിങ്ങനെ വാക്കുകള്‍ കൊണ്ട് മുത്തുകേര്‍ക്കുകയാണ് വയലാര്‍ ഈ ഗാനത്തില്‍. 
കടല്‍പ്പാലം എന്ന ചിത്രത്തിലെ 
‘ഉജ്ജയിനിയിലെ ഗായിക ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പികള്‍ തീര്‍ത്ത കാളിദാസന്‍െറ കല്‍പ്രതിമയില്‍ മാലയിട്ടു..’ 
എന്ന ഗാനം നൃത്തത്തിന്‍െറ പശ്ചാത്തലമുള്ളതല്ളെങ്കിലും നൃത്തോല്‍സുകമായ ഗാനമാണ്. 
‘അലിയും ശിയലയുടെ കണ്ണുതുറന്നു
കലയും കാലവും കുമ്പിട്ടു
അവളുടെ മഞ്ചീര ശിഞ്ജിതത്തില്‍
സൃഷ്ടി സ്ഥിതിലയ താളങ്ങളൊതുങ്ങിനിന്നു..’
തുടങ്ങിയ വരികളുടെ കാവ്യ ഭംഗിയെക്കുറിച്ചോ താളാത്മകതയെക്കുറിച്ചോ വര്‍ണിക്കേണ്ട കാര്യംതന്നെയില്ല. 
‘വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ...’ എന്ന ഗാനവും നൃത്തരംഗത്തിനുവേണ്ടിയുള്ളതാണ്. 
ചന്ദ്രലേഖയെ സഹസ്രാബ്ദങ്ങളായി കവികള്‍ വിവിധ കാഴ്ചപ്പാടോടെ ഭാവനയുടെ വൈവിധ്യമാര്‍ന്ന കോണുകളിലൂടെ നോക്കിക്കണ്ട് വര്‍ണിക്കുന്നു. എന്നാല്‍ വയലാറിന്‍െറ ഈ ഗാനം വേറിട്ടതുതന്നെയാണ്. 
‘മാറിലെ മദനാംഗരാഗം കുതിര്‍ന്നും
മകരമജ്ഞീരമുലഞ്ഞും
മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും
അവള്‍ വരുമ്പോള്‍..’
എന്ന വരികളിലൊക്കെ തുളുമ്പുന്ന സംഗീതം വയലാറിന്‍െറ കാവ്യസംഗീതത്തിനുദാഹരണമാണ്. 
ഇതേ പശ്ചാത്തലത്തിലുള്ള ഗാനമാണ് 
‘കൂട്ടുകുടുംബ’ത്തിലെ
‘ഇന്ദ്രനീല യവനിക ഞൊറിഞ്ഞു 
ചന്ദ്രലേഖ മണിയറ തുറന്നു’ എന്ന ഗാനം.
ഈ ഗാനത്തിന്‍െറ ചരണത്തിലും അദ്ദേഹം ഭാഷയുടെ ഭാവനാ സൗന്ദര്യം വിടര്‍ത്തുന്നു
‘മഞ്ജുപീതാംബരം മഞ്ഞിലലക്കി നീ 
പഞ്ചലോഹക്കട്ടില്‍ അലങ്കരിച്ചു...
മാണിക്യമെതിയടി കാലൊച്ച കേട്ടപ്പോള്‍
നാണിച്ചു നിന്‍മുഖം കുനിച്ചു..’
വയലാറിന്‍െറ ഗാനങ്ങള്‍ കുറച്ചു മാത്രമേ എസ്.ജാനകി പാടിയിട്ടുള്ളൂ. മാധുരി 90ലേറെ പാട്ടുകള്‍ പാടിയപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രമുഖ ഗായികയായിരുന്ന എസ്.ജാനകി 60 പാട്ടുകള്‍ മാത്രമേ പാടിയിട്ടുളളൂ. അതില്‍ മനോഹരമായ ഒരു ഗാനമാണ് ‘ദേവകുമാരാ..ദേവകുമാരാ..’ എന്ന തിലോത്തമയിലെ ഗാനം. നൃത്ത പശ്ചാത്തലത്തിലുള്ള ഈ ഗാനത്തിലും വയലാറിന്‍െറ താളാത്മക ഭാഷ നിലിച്ചു കാണാം. 
‘ഇന്നെന്‍െറ മനസ്സിന്‍െറ അന്തപ്പുരത്തില്‍ നിന്‍ 
ചന്ദനമെതിയടി ഒച്ച കേട്ടു
സ്വരരാഗസുധതൂകി സങ്കല്‍പ വീണമീട്ടി
സ്വപ്നത്തിന്‍ മഞ്ചലില്‍ ഞാന്‍ സ്വീകരിക്കും നിന്നെ...
ഇവയെന്നല്ല വയലാറെഴുതിയ എല്ലാ ഗാനങ്ങളിലും ഇങ്ങനെ ഭാവനയും ഭാഷാസൗന്ദര്യവും താളലയവും കോര്‍ത്തിണക്കിയ വരികളാണ് നമുക്ക് കാണാന്‍ കഴിയുക. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayalar
News Summary - http://docs.madhyamam.com/node/add/article
Next Story