You are here

മല്ലികപ്പൂവിൻ മധുരഗന്ധം

എസ്. മനോഹരൻ
09:46 AM
08/03/2020
അർജുനൻ മാസ്​റ്ററുടെ വീട്ടിൽ ജയചന്ദ്രൻ

മലയാളത്തി​ന്​ രണ്ട്​ അനുഗൃഹീത സംഗീതജ്​ഞരെ സമ്മാനമായി ലഭിച്ച മാസമാണ്​ മാർച്ച്​​. മാർച്ച് ഒന്ന്​ സംഗീതസംവിധായകൻ അർജുനൻ മാസ്​റ്ററുടെയും മാർച്ച് മൂന്ന്​ ഭാവഗായകൻ പി. ജയചന്ദ്ര​​​​െൻറയും ജന്മദിനങ്ങൾ. മലയാള സിനിമാ സംഗീതത്തിനു കിട്ടിയ രണ്ടു അമൂല്യനിധികൾ. ജയചന്ദ്ര​​​​െൻറ വാക്കുകൾ കടമെടുത്തുപറഞ്ഞാൽ ‘അർജുനൻ മാസ്​റ്റർ ദൈവത്തി​​​​െൻറ ഒരു അവതാരമാണ്​. എന്തൊരു നിർമമത്വം! ഒരു സന്യാസിയെപ്പോലെ ശാന്തനും ഇളം നിലാവുപോലെ ഒരു മൃദു സ്മിതത്തി​​​​െൻറ കുളിരലകൾ ചുറ്റിലും പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം.’ ഭാവഗായകനാവട്ടേ പ്രണയാതുര ശബ്​ദത്തിൽ, പാടുന്ന പാട്ടുകളിലെ ഓരോ വാക്കിനെയും താലോലിച്ച്​ മനുഷ്യഹൃദയങ്ങളിലേക്ക്​ വികാരത്തി​​​​െൻറ മുല്ലവള്ളി പടർത്തി നിർവൃതിയുടെ നീലനീരാളം പുതപ്പിക്കുന്ന പാട്ടി​​​​െൻറ തമ്പുരാനും.


ഭാവഗായകൻ 1965ലും അർജുനൻ മാസ്​റ്റർ 1968 ലും സിനിമയിലെത്തി. 1961ൽ കാളിദാസകലാകേന്ദ്രത്തി​​​​െൻറ നാടകത്തിന്​ ഈണമിടുന്ന ദേവരാജൻ മാസ്​റ്ററുടെ ഹാർമോണിസ്​റ്റ്​ ആയി അർജുനൻ മാസ്​റ്റർ വന്നുചേർന്നതാണ്​. അന്ന്​ ദേവരാജൻ മാസ്​റ്റർ പറഞ്ഞു, ‘‘അർജുനനായാലും കൊള്ളാം ഭീമനായാലും കൊള്ളാം, ജോലിക്കു കൊള്ളില്ലെങ്കിൽ ഞാൻ പറഞ്ഞുവിടും...’’ എന്നാൽ, ദേവരാജൻ മാസ്​റ്റർക്കു ശിഷ്യനെ നന്നേ ഇഷ്​ടപ്പെട്ടു. അർജുനൻ ഒരു മഹാസംഗീതജ്ഞനാണെന്ന്​ കാലവും തെളിയിച്ചു. വിൻസൻറ്​ മാസ്​റ്ററാണ്​ ജയചന്ദ്രനെ ദേവരാജൻ മാസ്​റ്റർക്കു പരിചയപ്പെടുത്തിയത്​. അതനുസരിച്ച്​ ദേവരാജൻ മാസ്​റ്ററെ കാണാൻ എത്തിയ ജയചന്ദ്രനോടു മാസ്​റ്റർ ചോദിച്ചു ‘‘ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടോ?’’ ‘‘ഇല്ല’’ എന്നു മറുപടി. ‘‘എന്നാൽ പൊയ്ക്കോ’’ എന്ന്​ ഉത്തരവും ഇട്ടു. പക്ഷേ, ആ യുവാവി​​​​െൻറ തരളവും നിഷ്‌കളങ്കവുമായ ശബ്​ദത്തിൽ എന്തോ ഒരു ചാരുത, ഭാവം ഉ​െണ്ടന്ന്​ മനസ്സിലാക്കിയ മാസ്​റ്റർ ജയചന്ദ്രനെ ഗായകനാക്കി ‘മഞ്ഞലയിൽ മുങ്ങിത്തോർത്തീ...’ എന്ന ഗാനത്തിലൂടെ. തുടർന്ന്​ പാടിച്ചും പഠിപ്പിച്ചും ത​​​​െൻറ ഹൃദയത്തി​​​​െൻറ ഏറ്റവും അടുത്തുനിൽക്കുന്ന ശിഷ്യനാക്കി, ഭാവഗായകനാക്കി വളർത്തി, മലയാളസിനിമാ സംഗീത ആസ്വാദകരുടെ മുന്നിൽ കാഴ്ച​െവച്ചു.

1968ൽ പുറത്തുവന്ന ‘കറുത്ത പൗർണമി’യാണ്​ അർജുനൻ മാസ്​റ്റർ ഈണമിട്ട ആദ്യ ചിത്രം. അതിനുമുമ്പ്​ ധാരാളം നാടകങ്ങൾക്ക്​ ഈണമിട്ട പരിചയവുമായാണ്​ മാസ്​റ്റർ സിനിമയിലെത്തിയത്​. അതി​​​​െൻറ റെക്കോഡിങ്​ കാണാൻ ജയചന്ദ്രനും ഉണ്ടായിരുന്നു. അതിലെ  ‘മാനത്തിൻ മുറ്റത്ത്​...’, ‘പൊന്നിലഞ്ഞീ...’, ‘ശിശുവിനെപ്പോൽ...’, ‘കവിതയിൽ മുങ്ങീ...’, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ...’, ‘ഹൃദയമുരുകി നീ...’ തുടങ്ങിയ എല്ലാ ഗാനങ്ങളും അതീവ സുന്ദരം. ഭാസ്‌കരൻ മാസ്​റ്ററുടേതാണ്​ വരികൾ. ഇതിൽ ഒരു പാട്ട്​ തനിക്കു കിട്ടിയിരുന്നെങ്കിൽ എന്നു ജയചന്ദ്ര​​​​െൻറ മനസ്സ്​ വല്ലാതെ ആശിച്ചു. 1969 ൽ ‘റസ്​റ്റ്​ ഹൗസ്’ എന്ന ചിത്രത്തിൽ അർജുനൻ മാസ്​റ്റർ ജയചന്ദ്രനെ പാടിച്ചു. രണ്ടു ഗാനങ്ങൾ. ‘യമുനേ.. യമുനേ.. പ്രേമ യമുനേ.. യദുകുല രതിദേവനെവിടേ...’ . എസ്. ജാനകിയുമൊത്ത്​ ഒരു യുഗ്മഗാനം. സി.ഒ. ആ​േൻറായുമൊത്ത്​ ‘മാനക്കേടായല്ലോ നാണക്കേടായല്ലോ...’ എന്ന ഒരു ഹാസ്യഗാനം. അർജുനൻ മാസ്​റ്റർ-ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിന്നീട് നാം കാണുന്നത്​ അനവദ്യസുന്ദര ഗാനങ്ങളുടെ ഒരു വസന്തമാണ്​. ഭാസ്‌കരൻ മാസ്​റ്റർ, വയലാർ തുടങ്ങിയവരുടെ രചനകളുണ്ടെങ്കിലും, ഈ കൂട്ടുകെട്ടിൽ വന്ന പാട്ടുകൾ മിക്കതും ശ്രീകുമാരൻ തമ്പി ഗാനങ്ങളാണ്​ എന്നത്​ മറ്റൊരു സവിശേഷത. അദ്ദേഹവും ജനിച്ചത്​ മാർച്ചുമാസത്തിൽതന്നെ, 16ാം തീയതി. ശ്രീകുമാരൻ തമ്പി-അർജുനൻ മാസ്​റ്റർ-ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ‘യമുനേ പ്രേമ യമുനേ...’, ‘മലരമ്പനറിഞ്ഞില്ല...’, ‘നിൻ മണിയറയിലെ...’, ‘മുത്തു കിലുങ്ങീ...’, ‘നക്ഷത്ര മണ്ഡല നട തുറന്നു...’, ‘പകൽ വിളക്കണയുന്നു...’, ‘നന്ത്യാർവട്ടപ്പൂ ചിരിച്ചു...’, ‘മല്ലികപ്പൂവിൻ മധുര ഗന്ധം...’, ‘ശിൽപികൾ നമ്മൾ...’, ‘താരുണ്യ പുഷ്പവനത്തിൽ...’, ‘മംഗലപ്പാല തൻ...’, ‘നനയും നിൻ മിഴിയോരം...’ തുടങ്ങിയ ഗാനങ്ങൾ മലയാളി മനസ്സിൽനിന്ന്​ ഒരിക്കലും മായാത്ത, മറയാത്ത മണിമുത്തുകളാണ്​.

അർജുനൻ മാസ്​റ്ററും ജയചന്ദ്രനും തമ്മിലുള്ള വ്യക്തിബന്ധത്തി​​​​െൻറ ആഴം എത്ര എന്നറിയാൻ ഒരുപാട്​ ആലോചിക്കേണ്ട ആവശ്യമില്ല. ഇടക്കിടക്കുള്ള അവരുടെ കൂടിക്കാഴ്ചകൾക്ക്​ പലരും സാക്ഷിയാകാറുണ്ട്​. അർജുനൻ മാസ്​റ്റർ ഇരിക്കുന്ന കസേരയുടെ താഴെ നിലത്ത്​ അദ്ദേഹത്തി​​​​െൻറ പാദങ്ങളിൽ സ്പർശിച്ച്​, ഒരു കൊച്ചുകുട്ടിയെപ്പോലെ ഇരിക്കുന്ന ഭാവഗായകൻ. മാസ്​റ്റർ പറയുന്നു: ‘‘മോനേ യേശു പാടിയ നമ്മുടെ സ്വാമിയുടെ പാട്ട്​ ശ്രാന്തമംബരം ഒന്നു പാടൂ.’’ ഉടൻ ആ ഭാവഗംഗാപ്രവാഹം ആരംഭിക്കുകയായി. ‘ശ്രാന്തമംബരം...’ പാടിക്കഴിഞ്ഞിട്ട്​ ഭാവഗായകൻ പറയും, ‘‘എ​​​​െൻറ അച്ഛന്​ സാറി​​​​െൻറ ഒരുപാട്ട് എപ്പോഴും ഞാൻ പാടിക്കൊടുക്കണമായിരുന്നു, ‘സ്‌നേഹഗായികേ നിൻ സ്വപ്നവേദിയിൽ ഗാനോത്സവ’ എന്നു തുടങ്ങും...’’ അങ്ങനെ മാസ്​റ്ററും, പാട്ടി​​​​െൻറ തമ്പുരാനും കണ്ടുമുട്ടുമ്പോഴൊക്കെ ഒരു ഗാനോത്സവമാണ്​. മലയാള സിനിമാസംഗീതത്തി​​​​െൻറ നിത്യവസന്തങ്ങളായ അർജുനൻ മാസ്​റ്ററും ജയചന്ദ്രനും മലയാളികളുടെ ഭാഗ്യമാണ്​. 

Loading...
COMMENTS