തൃശൂര്‍: തബലയുടെ ചക്രവര്‍ത്തി തീര്‍ത്ത ലയവിന്യാസത്തിന്‍െറ മാന്ത്രികവീചികളില്‍ വാദ്യങ്ങളുടെ ഗ്രാമമായ ചേര്‍പ്പ് കോരിത്തരിച്ചു. താണ്ഡവ-ലാസ്യ സമന്വയത്തിന്‍െറ കാലപ്രമാണമായ താളം വിരലുകള്‍കൊണ്ട് തബലയില്‍ ലോകത്തെ വിസ്മയിപ്പിച്ച ഉസ്താദ് സാക്കിര്‍ ഹുസൈന്‍െറ മാന്ത്രികപ്രകടനത്തിന് മുന്നില്‍ തൃശൂര്‍ നമിച്ചു. നഗരത്തിനടുത്ത് ചേര്‍പ്പ് സി.എന്‍.എന്‍ ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ കേളി എന്ന സംഘടനയുടെ 25ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനത്തെിയ സാക്കിര്‍ ഹുസൈന്‍ ഗ്രാമി അവാര്‍ഡ് നേട്ടം തനിക്കൊപ്പം കരസ്ഥമാക്കിയ ദില്‍ഷാദ് ഖാന്‍ സാരംഗിയില്‍ തീര്‍ത്ത അപൂര്‍വ രാഗത്തിന് തബലയില്‍ ഊണമിട്ടാണ് ആദ്യം കാണികളെ അമ്പരപ്പിച്ചത്.
ഒരു മണിക്കൂറോളം നീണ്ട ഈ തബല കച്ചേരിക്കുശേഷം കേരളത്തിന്‍െറ തനത് അസുരവാദ്യമായ ചെണ്ടയുടെ മേളപ്പെരുക്കത്തിനൊപ്പമായിരുന്നു തബലയില്‍ അദ്ദേഹം താളമിട്ടത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടക്ക് സാക്കിര്‍ ഹുസൈന്‍ തബലയില്‍ മറുപടി നല്‍കി. വൈകീട്ട് ആറിന് ആരംഭിച്ച പരിപാടികള്‍ രാത്രി പത്തര വരെ നീണ്ടു. വൈകുന്നേരം ആറോടെ വി.കെ.കെ. ഹരിഹരന്‍െറ മിഴാവൊച്ചപ്പെടുത്തലോടെയാണ് ‘ത്രികാല’ത്തിന് തുടക്കമായത്. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും നടന്നു.
ചെണ്ടയും കൊമ്പും കുഴലും ഇലത്താളവും എല്ലാം ചേര്‍ന്ന പാണ്ടിമേളത്തെ കരഘോഷത്തോടെയാണ് സാക്കിര്‍ ഹുസൈന്‍ എതിരേറ്റത്. തുടര്‍ന്ന് കേളിയുടെ വാരാഘോഷങ്ങള്‍ കുമരപുരം അപ്പുമാരാര്‍, പെരുവനം നാരായണന്‍ നമ്പീശന്‍, ചാത്തക്കുടം കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ ദീപം തെളിച്ച് സാക്കിര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാര്‍, പി.കെ. നാരായണന്‍ നമ്പ്യാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, അന്നമനട പരമേശ്വരമാരാര്‍, തൃക്കൂര്‍ രാജന്‍ എന്നീ പ്രമുഖ സംഗീതജ്ഞര്‍ ചേര്‍ന്ന് സാക്കിര്‍ ഹുസൈന് വീരശൃംഖല സമ്മാനിച്ചു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രശസ്തിപത്രവും സി.എന്‍. ജയദേവന്‍ ഉപഹാരവും സമര്‍പ്പിച്ചു. ഗീത ഗോപി എം.എല്‍.എ പൊന്നാടയണിയിച്ചു. സഞ്ജന കപൂര്‍, രാജന്‍ ഗുരുക്കള്‍, സുഭാഷ് ചന്ദ്രന്‍, പ്രമോദ് മങ്ങാട്, പ്രശാന്ത് മങ്ങാട് എന്നിവരും സന്നിഹിതരായിരുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളേക്കാള്‍ നിരവധി പേരാണ് അതിന് പുറത്തെ ഗ്രണ്ടില്‍ ഒരുക്കിയിരുന്ന സ്ക്രീനില്‍ തങ്ങളുടെ ഇഷ്ട കലാകാരന്‍െറ മാന്ത്രിക പ്രകടനം കാണാന്‍ തടിച്ചുകൂടിയത്.