ന്യൂഡല്‍ഹി: സംഘ്പരിവാറിെൻറ വിദ്വേഷപ്രചാരണത്തെ തുടർന്ന് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ റദ്ദാക്കിയ കർണാടിക് സംഗീതജ്ഞൻ ടി.എം കൃഷ്ണയുടെ സംഗീത കച്ചേരി ആം ആദ്മി പാർട്ടി (ആപ്) സർക്കാറിെൻറ നേതൃത്വത്തിൽ ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കും. എയർപോർട്ട് അതോറിറ്റി നിശ്ചയിച്ച ദിവസം തന്നെയാണ് സർക്കാർ മുൻകൈയടുത്ത് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി സാകേതിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ വൈകുന്നേരം 6.30നാണ് ടി.എം. കൃഷ്ണയുടെ പരിപാടി. കലയുടെയും കലാകാരന്മാരുടെയും അന്തസ്സ് സംരക്ഷിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് ഡൽഹി സാംസ്കാരിക മന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 2015ല്‍ പാക് ഗസല്‍ ഗായകൻ ഗുലാം അലിയുടെ പരിപാടി മുംബൈയിൽ സംഘ്പരിവാറിെൻറ ഭീഷണിയെത്തുടർന്ന് ഉപേക്ഷിച്ചപ്പോഴും ഡൽഹിയിൽ നടത്താൻ കെജ്രിവാൾ സർക്കാർ സൗകര്യം ഒരുക്കിയിരുന്നു.
സംഗീതത്തിലെ ജാതിയെ വിമർശിക്കുന്നതും മോദിയേയും ബി.ജെ.പിയേയും വിമർശിക്കുന്നതുമാണ് മഗ്‌സാസെ അവാര്‍ഡ് ജേതാവ് കൂടിയായ ടി.എം കൃഷ്ണക്കെതിരെ സംഘ്പരിവാർ രംഗത്തുവരാൻ കാരണം.
ദേശവിരുദ്ധൻ, അല്ലാഹുവിനും ജീസസിനും വേണ്ടി പാടുന്നവൻ, അർബൻ നക്സൽ തുടങ്ങിയവയായിരുന്നു കേന്ദ്രമന്ത്രിമാരെയടക്കം ടാഗ് ചെയ്തുള്ള സംഘ്പരിവാർ പ്രചാരണം. ഇതേത്തുടർന്നാണ് ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിലായി പ്രഖ്യാപിച്ച സംഗീത, നൃത്ത പരിപാടികളിൽനിന്നും ടി.എം കൃഷ്ണയുടെ സംഗീതക്കച്ചേരി എയർപോർട്ട് അതോറിറ്റി ഉപേക്ഷിച്ചത്.
ഇതേത്തുടർന്ന് ശനിയാഴ്ച ഡൽഹിയിൽ എവിടെ വേദി കിട്ടിയാലും പാടുമെന്നും ഭീഷണിക്ക് കീഴ്പ്പെടില്ലെന്നും ടി.എം. കൃഷ്ണ പ്രതികരിച്ചതോടെ ഡൽഹി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ടി.എം. കൃഷ്ണക്ക് വേദിയൊരുക്കാൻ തയാറാണെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയനും അറിയിച്ചിരുന്നു.