സ്വാതി പുരസ്കാരം ഡോ. എൽ. സുബ്രഹ്മണ്യത്തിന്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ പരമോന്നത സംഗീത ബഹുമതിയായ സ്വാതി പുരസ്കാരം വയലിൻ മാന്ത്രികൻ ഡോ. എൽ. സുബ്രഹ്മണ്യത്തിന്. രണ്ടുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, മുഖത്തല ശിവജി, ശ്രീവത്സൻ ജെ. മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്.
കർണാടക സംഗീതത്തിൽ ലബ്ധപ്രതിഷ്ഠനായ ഡോ. എൽ. സുബ്രഹ്മണ്യം പാശ്ചാത്യ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ അദ്ദേഹം 1947 ജൂലൈ 23നാണ് ജനിച്ചത്. ലോക പ്രശസ്ത വയലിൻ മാന്ത്രികൻ യഹൂദി മെനൂഹിൻ, വിഖ്യാത സംഗീതജ്ഞരായ സ്റ്റീഫൻ ഗ്രപ്പെലി, ജോർജ് ഹാരിസൺ തുടങ്ങിയവർക്കൊപ്പം പരിപാടികൾ അവതരിപ്പിച്ചു.
കർണാടക സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഫ്യൂഷൻ സംഗീതത്തിലും നിരവധി കൃതികൾ രചിച്ചു. നിരവധി സിനിമകൾക്കും സംഗീതം നൽകി. വിഖ്യാത ഗായിക കവിത കൃഷ്ണമൂർത്തിയാണ് ഭാര്യ.
